റേഷന്‍ വ്യാപാരികളുടെ ഉപവാസസമരം തുടങ്ങി
തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഓള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടക്കുന്ന കൂട്ട ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓണത്തിന് നല്‍കേണ്ട അരിയും പഞ്ചസാരയും ജനങ്ങള്‍ക്ക് ഇതേവരെ കിട്ടിയിട്ടില്ല. റേഷന്‍ വിതരണത്തില്‍ ഇത്ര ഗുരുതരമായ വീഴ്ചയുണ്ടായിട്ടുപോലും അതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാനോ ഗൗരവം ഉള്‍ക്കൊള്ളാനോ സര്‍ക്കാര്‍ തയാറാകുന്നില്ല. റേഷന്‍ സംവിധാനത്തെ തകിടം മറിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കരുത്. കേന്ദ്രത്തില്‍ നിന്ന് അരി വാങ്ങുന്നതിലും അരി വിതരണം ചെയ്യുന്നതിലും പൊതു വിപണിയിലെ അരിവില നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. അഞ്ചു ലക്ഷം പേര്‍ക്കു മാത്രമാണ് ഈ വര്‍ഷം സൗജന്യ ഓണകിറ്റുകള്‍ ലഭിച്ചത്. ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ അവരിലേക്ക് എത്തിക്കാനുളള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി, ട്രഷറര്‍ അബുബക്കര്‍ ഹാജി, മോഹനന്‍ പിള്ള, സി.വി. മുഹമ്മദ്, സേവ്യര്‍ ജെയിംസ്, ബാബു ചെറിയാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."