രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവന: സര്‍ക്കാരിനോട് സുപ്രിം കോടതി വിശദീകരണം തേടി
ന്യൂഡല്‍ഹി: രാഷ്ട്രീയപാര്‍ട്ടികള്‍ക്കുലഭിക്കുന്ന സംഭാവനസംബന്ധിച്ച ഹരജിയില്‍ സുപ്രിം കോടതി കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടി.
രാഷ്ട്രീയകക്ഷികള്‍ക്കുള്ള സംഭാവന സംബന്ധിച്ച നിയമത്തില്‍ അടുത്തിടെ നടത്തിയ ഭേദഗതി ചോദ്യംചെയ്ത് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ (സി.പി.ഐ.എല്‍) എന്നീ സര്‍ക്കാരിതര സന്നദ്ധസംഘടനകള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി. കേസില്‍ കേന്ദ്ര തെരഞ്ഞെടുപ്പുകമ്മിഷനും നോട്ടീസ് അയച്ചിട്ടുണ്ട്. നിയമത്തിലെ ഭേദഗതികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അഴിമതിയെ നിയമവിധേയമാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേനയാണ് സംഘടനകള്‍ ഹരജി നല്‍കിയത്.
ഫിനാന്‍സ് ആക്ട് 2017, ഫിനാന്‍സ് ആക്ട് 2016 എന്നിവയിലൂടെ കമ്പനീസ് അക്ട്, ആദയ നികുതി നിയമം, ജനപ്രാതിനിധ്യ നിയമം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍സ് ആക്ട് (എഫ്.സി.ആര്‍.എ) എന്നിവയില്‍ ഭേദഗതി വരുത്തിയതിനെയും ഹരജിക്കാര്‍ ചോദ്യംചെയ്തിരുന്നു.
ഈ നിയമങ്ങളില്‍ ഭേദഗതി വരുത്തിയതിലൂടെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരിധിയില്ലാതെ കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കാനാവുമെന്നാണ് ആരോപണം.
ഇന്ത്യയിലെയും വിദേശത്തെയും കമ്പനികളില്‍ നിന്നുള്ള അജ്ഞാത സാമ്പത്തിക സഹായം രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ ഗുരുതരമായി ബാധിക്കുമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവനകള്‍ പണമായി സ്വീകരിക്കുന്ന രീതി വിലക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
രാജ്യസഭയെ മറിക്കടന്ന് ഇത്തരത്തില്‍ കൊണ്ടുവന്ന വിവിധ നിയമങ്ങളിലെ ഭേദഗതികള്‍ ധനകാര്യ ബില്ലായി നിയമ വിരുദ്ധമായി കൊണ്ടുവന്നതാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."