നൊബേല്‍ നിറവില്‍ ഐന്‍സ്റ്റീന്റെ ഗുരുത്വതരംഗങ്ങള്‍
സ്റ്റോക്‌ഹോം: പ്രപഞ്ചത്തെ കുറിച്ചുള്ള പഠനത്തിലേക്കു വാതില്‍തുറന്ന നാഴികക്കല്ലാണ് ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ കണ്ടെത്തലെന്നാണ് കഴിഞ്ഞ ദിവസം ഭൗതികശാസ്ത്ര നൊബേല്‍ ജേതാക്കളെ തിരഞ്ഞെടുത്ത സ്വീഡിഷ് സയന്‍സ് അക്കാദമി അംഗം ഒല്‍ഗ ബോട്‌നര്‍ പറഞ്ഞത്.
നൂറുവര്‍ഷം മുന്‍പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രവചിച്ച ഗുരുത്വതരംഗങ്ങളെ കണ്ടെത്താനായി അമേരിക്കയില്‍ ലിഗോ ലബോറട്ടറിയും ഇറ്റലിയില്‍ യൂറോപ്യന്‍ വിര്‍ഗോ ലബോറട്ടറിയും രൂപീകരിച്ച് പതിറ്റാണ്ടുകളായി ഗവേഷണ പരീക്ഷണങ്ങള്‍ നടന്നുവരികയായിരുന്നു. ആ ദൗത്യത്തില്‍ ആദ്യം വിജയം കണ്ടു ചരിത്രമെഴുതിയ ലിഗോയിലെ റെയ്‌നര്‍ വെയ്‌സ്, കിപ് തോണ്‍, ബാറി ബാരിഷ് എന്നിവരുടെ പുരസ്‌കാരലബ്ധിയോടെ ഇതുവരെ ഭൗതികശാസ്ത്രത്തില്‍ നൊബേല്‍ നേടുന്നവരുടെ എണ്ണം 204 ആയി.
ക്ഷീരപഥങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുക, തമോഗര്‍ത്തങ്ങള്‍ പരസ്പരം കൂടിച്ചേരുക, ന്യൂട്രോണുകള്‍ കൂട്ടിമുട്ടുക തുടങ്ങിയുള്ള പ്രക്ഷുബ്ധമായ പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ അരങ്ങേറുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന പ്രകമ്പനങ്ങള്‍ ഓളങ്ങളായി പ്രകാശവേഗത്തില്‍ സഞ്ചരിക്കുമെന്നാണ് 1915ല്‍ ഐന്‍സ്റ്റീന്‍ പ്രവചിച്ചിരുന്നത്.
നൊബേല്‍ ലഭിച്ച സംഘത്തിലെ പ്രധാനിയായ റെയ്‌നര്‍ വെയ്‌സ് അമേരിക്കയിലെ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എമിററ്റസ് പ്രൊഫസറാണ്. ഗുരുത്വതരംഗങ്ങള്‍ കണ്ടെത്താനുള്ള ലിഗോ ഡിറ്റെക്ടര്‍ വിഭാവനം ചെയ്യുന്നതിലും അതിന്റെ രൂപകല്‍പനയിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (കാല്‍ടെക്)യില്‍ ഗവേഷകനായ കിപ് തോണ്‍, പരീക്ഷണം സംബന്ധിച്ചുള്ള സിദ്ധാന്തപരമായ സംഭാവനകള്‍ നല്‍കി. കാല്‍ടെകിലെ മറ്റൊരു ഗവേഷകനായ ബാറി ബാരിഷ് പദ്ധതിയുടെ പ്രായോഗികവല്‍ക്കരണത്തില്‍ പ്രധാന പങ്കുവഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."