ന്യൂ ത്വായിഫ് പദ്ധതി ഉദ്ഘാടനം ചെയ്തു
റിയാദ്: ന്യൂ ത്വായിഫ് പദ്ധതി സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തു. പുതിയ വിമാനത്താവളം, സൂഖ് ഉക്കാള് നഗരം, ടെക്‌നിക്കല്‍ പാര്‍ക്ക്, ഭവന പദ്ധതി, വ്യാവസായിക നഗരി, വിദ്യാഭ്യാസ നഗരി തുടങ്ങിയ വിവിധ പദ്ധതികളുമായാണ് ന്യൂ ത്വായിഫ് പദ്ധതി ഉയരുന്നത്.
പദ്ധതികളുടെ ഉദ്ഘാടനം അല്‍സലാമ കൊട്ടാരത്തില്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍വഹിച്ചു.
മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു.
ത്വാഇഫിന് വടക്കു കിഴക്ക് 1250 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് ന്യൂ ത്വാഇഫ് പദ്ധതി ഒരുങ്ങുന്നത്. 1100 കോടി നിര്‍മാണ ചെലവാണു പ്രതീക്ഷ. ത്വാഇഫിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതാണ് പദ്ധതികള്‍. സഊദി വിഷന്‍ 2030 ന്റെ ഭാഗമായാണ് പുതിയ നിര്‍മാണ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്.
48 ദശലക്ഷം ചതുരശ്ര മീറ്ററില്‍ 313 കോടി റിയാലില്‍ നടപ്പാക്കുന്ന വിമാനത്താവളം, ബജറ്റില്‍ 815 ദശ ലക്ഷം റിയാല്‍ വകയിരുത്തിയ സൂഖ് ഉക്കാള് സിറ്റി പദ്ധതി, 35 ദശലക്ഷം ചതുരശ്ര മീറ്ററില്‍ നടപ്പാക്കുന്ന ടെക്‌നിക്കല്‍ പാര്‍ക്ക് പദ്ധതി, പതിനായിരത്തിലധികം പാര്‍പ്പിട യൂനിറ്റുകള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതി, 11 ദശ ലക്ഷം ചതുരശ്ര മീറ്ററില്‍ 120 ദശലക്ഷം റിയാലില്‍ നിര്‍മിക്കുന്ന വ്യാവസായിക നഗരി എന്നിവയാണ് ന്യൂ ത്വാഇഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
നാഷണല്‍ കമ്മിഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റ് പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, കിങ് അബ്ദുല്‍ അസീസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി സിറ്റി പ്രസിഡന്റ് പ്രിന്‍സ് ഡോ: തുര്‍ക്കി ബിന്‍ സഊദ് ബിന്‍ മുഹമ്മദ്, ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ്, മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് അബ്ദുല്ല ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."