വിജയ് മല്യയെ ലണ്ടനില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
ലണ്ടന്‍: വിവാദ വ്യവസായി വിജയ് മല്യയെ ലണ്ടനില്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്ത 61കാരനായ ഇദ്ദേഹത്തെ അധികം വൈകാതെ ജാമ്യത്തില്‍ വിടുകയും ചെയ്തു. മല്യയ്ക്കെതിരേ ലണ്ടന്‍ കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ലണ്ടനിലെ വസതിയില്‍നിന്ന് സ്കോട്ട്ലാന്‍ഡ് യാര്‍ഡ് പൊലിസ് അറസ്റ്റ് ചെയ്ത മല്യയെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഇന്ത്യയിലെ 17 ബാങ്കുകളില്‍നിന്നായി 7,000 കോടി രൂപയുടെ വായ്പയും അതിന്റെ പലിശയുമടക്കം 9,000 കോടി രൂപ ബാധ്യത വരുത്തിയ ശേഷം അതു തിരിച്ചടക്കാതെ ലണ്ടനിലേക്കു കടന്ന വിജയ്മല്യയെ രണ്ടാം തവണയാണ് ബ്രിട്ടണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ഏപ്രില്‍ 18നായിരുന്നു ആദ്യ അറസ്റ്റ്. അന്നും മണിക്കൂറുകള്‍ക്കകം മല്യയ്ക്കു ജാമ്യം ലഭിച്ചിരുന്നു.
വിവിധ കേസുകളില്‍ അന്വേഷണം നടക്കുന്നതിനിടയില്‍ 2016 മാര്‍ച്ച് രണ്ടിനാണ് രാജ്യസഭാംഗം കൂടിയായിരുന്ന മല്യ ലണ്ടനിലേക്കു കടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."