ട്രാക്കില്‍ പിറന്ന ആദ്യ സ്വര്‍ണത്തിനു ലോക റെക്കോര്‍ഡിന്റെ തിളക്കം
വനിതകളുടെ 10,000 മീറ്ററില്‍ എത്യോപ്യന്‍ താരം അല്‍മസ് അയാന 23 വര്‍ഷം പഴക്കമുള്ള ലോക റെക്കോര്‍ഡ് തകര്‍ത്ത് സുവര്‍ണ നേട്ടം സ്വന്തമാക്കി
റിയോ ഡി ജനീറോ: അത്ലറ്റിക്സ് പോരാട്ടങ്ങള്‍ക്ക് ഇന്നലെ തുടക്കമായപ്പോള്‍ ട്രാക്കില്‍ നിന്നു ആദ്യ സ്വര്‍ണം എത്യോപ്യയ്ക്ക്. അതും ലോക റെക്കോര്‍ഡിന്റെ പകിട്ടോടെ. വനിതകളുടെ 10,000 മീറ്ററില്‍ 24കാരിയായ അല്‍മസ് അയാനയാണ് ലോക റെക്കോര്‍ഡ് തകര്‍ത്ത് ട്രാക്കിലെ ആദ്യ സ്വര്‍ണം സ്വന്തം പേരില്‍ ചേര്‍ത്തത്.
29 മിനുട്ടും 17.45 സെക്കന്‍ഡുമെടുത്ത് ഫിനിഷ് ചെയ്ത അയാന 23 വര്‍ഷം പഴക്കമുള്ള ലോക റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്. 1993ല്‍ ചൈനയുടെ വാങ് യുനാക്സിയ സ്ഥാപിച്ച 29 മിനുട്ടും 31.78 സെക്കന്‍ഡ് സമയത്തിന്റേയും റെക്കോര്‍ഡാണ് പിന്തള്ളിയത്.
നിലവിലെ ഒളിംപിക് ചാംപ്യനും നാട്ടുകാരിയുമായ തിരുണെഷ് ഡിബാബയെ മൂന്നാം സ്ഥാനത്തേക്കും കെനിയയുടെ വിവിയന്‍ ചെര്യോട്ടിനെ രണ്ടാം സ്ഥാനത്തേക്കും പിന്തള്ളിയാണ് അയാന കുതിച്ചത്. ദീര്‍ഘദൂരത്തില്‍ ഈ സീസണില്‍ അപരാജിത കുതിപ്പാണ് അയാന നടത്തുന്നത്. അതിന്റെ തുടര്‍ച്ചയായിരുന്നു 10,000ത്തിലെ ലോക റെക്കോര്‍ഡിട്ട സുവര്‍ണ നേട്ടം. 5000ത്തിലും താരം മത്സരിക്കാനിറങ്ങുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."