അറസ്റ്റിനു ശേഷം ഹണിപ്രീതിനെ പൊലിസ് ചോദ്യം ചെയ്തത് പുലര്‍ച്ചെ 3 മണിവരെ
പഞ്ച്കുള: വിവാദ ആള്‍ദൈവം ഗുര്‍മീത് സിങ്ങിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീതിനെ പൊലിസ് ചോദ്യം ചെയ്തത് നാല് മണിക്കൂറോളം. രാത്രിയില്‍ തുടങ്ങിയ ചോദ്യം ചെയ്യല്‍ അവസാനിച്ചത് പുലര്‍ച്ചെ മൂന്ന് മണിക്കാണെന്ന് പൊലിസ് പറഞ്ഞു.
ചോദ്യം ചെയ്യലിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുലര്‍ച്ചെയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പൊലിസ് പിന്നീട് അറിയിച്ചു.
പൊലിസ് കമ്മിഷണര്‍ എ.എസ് ചൗള, രണ്ട് വനിതാ എസ്.ഐമാര്‍, പ്രത്യേക അന്വേഷണ സംഘത്തിലെ ഓഫിസര്‍ മുകേഷ് മല്‍ഹോത്ര എന്നിവരടങ്ങുന്ന സംഘമാണ് ഹണിപ്രീതിനെ ചോദ്യം ചെയ്തത്.
ഒരു മാസത്തെ അന്വേഷണത്തിന് ശേഷമാണ് ഒളിവിലായിരുന്ന ഹണിപ്രീതിനെ പൊലിസ് ചൊവ്വാഴ്ച അറസ്റ്റു ചെയ്തത്. ചണ്ഡീഗഢിനു സമീപം ദേശീയപാതയില്‍ വെച്ചാണ് ഹരിയാന പൊലിസ് ഹണിപ്രീതിനെ അറസ്റ്റ് ചെയ്തത്.
താന്‍ ഒരിക്കലും രാജ്യം വിട്ടു പോവില്ലെന്നും നിയമപരമായ ഉപദേശം ലഭിച്ച ശേഷം കീഴടങ്ങുമെന്നും അവര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹരിയാന പൊലിസിന്റെ അറസ്റ്റ്.
ഗുര്‍മീതിനെ ബലാത്സംഗ കേസില്‍ ശിക്ഷിച്ചതിനെ തുടര്‍ന്നുണ്ടായ കലാപങ്ങളുടെ മുഖ്യ സൂത്രധാരയെന്ന് സംശയിക്കുന്ന വ്യക്തിയാണ് ഹണിപ്രീത്. പൊലിസ് അന്വേഷണം തനിക്കുനേരെയാണെന്ന് മനസിലാക്കിയ ഹണിപ്രീത് ഒരു മാസത്തിലേറെയായി ഒളിവിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."