രാജസ്ഥാനില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തില്‍; സമരം കുഴിയില്‍ കഴുത്തറ്റം മണ്ണുമൂടിയിട്ട്
ജയ്പൂര്‍: ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനില്‍ വന്‍ കര്‍ഷക പ്രക്ഷോഭം. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് കഴുത്തറ്റം മണ്ണില്‍ ഇറങ്ങി സമരം ചെയ്യുന്നത്. വലിയ കുഴി കുത്തി അതില്‍ ഇറങ്ങിയാണ് സമരം.
കഴിഞ്ഞ മൂന്നു ദിവസമായി 50 കര്‍ഷകരാണ് സമരത്തിലുള്ളത്. തുച്ഛമായ തുകയ്ക്ക് തങ്ങളുടെ ഭൂമി ബലം പ്രയോഗിച്ച് സര്‍ക്കാര്‍ തട്ടിയെടുത്തുവെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്.
ഭവന പദ്ധതിക്കു വേണ്ടി 2010 മുതലാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയത്. ജയ്പൂരില്‍ നിന്ന് 20 കിലോ വിദൂരത്തുള്ള നിന്ദാര്‍ ഗ്രാമത്തിലാണ് ഭൂമി ഏറ്റെടുക്കല്‍. കോടതിയില്‍ 60 കോടി രൂപ കെട്ടിവച്ചാണ് സര്‍ക്കാര്‍ നടപടി ആരംഭിച്ചത്. എന്നാല്‍ ഇതു മതിയാവില്ലെന്നും മാര്‍ക്കറ്റ് വില നല്‍കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
ഏറ്റെടുക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ നിര്‍ണയിച്ച ഭൂമിയില്‍ വീണ്ടും സര്‍വേ നടത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. ഇവിടെ നിരവധി പേര്‍ വീടുകെട്ടി താമസിക്കുന്നുണ്ടെന്നും ഭൂമി ഏറ്റെടുത്താല്‍ അവര്‍ക്ക് വീടു നഷ്ടപ്പെടുമെന്നും കര്‍ഷകര്‍ പറഞ്ഞു.
കഴിഞ്ഞ 17 ദിവസമായി പ്രതിഷേധ റാലിയും പരിപാടികളും സംഘടിപ്പിച്ചുവരികയാണെന്നും എന്നാല്‍ ഒരു സര്‍ക്കാര്‍ പ്രതിനിധിയും ചര്‍ച്ചയ്‌ക്കെത്തിയില്ലെന്നും സമരക്കാര്‍ പറഞ്ഞു. ഇതോടെയാണ് ഗാന്ധിജയന്തി ദിനമായ രണ്ടാം തിയ്യതി 'സമീന്‍ സമാധി സത്യാഗ്രഹ' (ശവസംസ്‌കാര സത്യാഗ്രഹം) ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."