ബസില്‍ കണ്ടെത്തിയത് ബോംബല്ല; വിദ്യാര്‍ഥി മറന്നുവച്ച ബയോഗ്യാസ് പ്ലാന്റിന്റെ മാതൃക
പേരൂര്‍ക്കട: കഴിഞ്ഞദിവസം ബസ് ജീവനക്കാരെയും പൊലിസിനെയും ആകെ മുള്‍മുനയില്‍ നിര്‍ത്തിയ വസ്തു ബോംബല്ലെന്നു തെളിഞ്ഞു.
ഒരു വിദ്യാര്‍ഥി ബസിനുള്ളില്‍ മറന്നുവച്ച ബയോഗ്യാസ് പ്ലാന്റിന്റെ മാതൃകയായിരുന്നു ഇത്. വട്ടിയൂര്‍ക്കാവിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥി ശാസ്ത്രപ്രദര്‍ശനത്തിന്റെ ഭാഗമായി ഉണ്ടാക്കിയതാണ് ഈ ബയോഗ്യാസ് പ്ലാന്റിന്റെ മാതൃക. പത്രങ്ങളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് നഷ്ടപ്പെട്ട സാധനം തിരിച്ചെടുക്കാന്‍ കുട്ടിയും രക്ഷകര്‍ത്താവും എത്തിയപ്പോഴാണ് പൊലിസിനും ശ്വാസം നേരെ വീണത്. ഇതോടെ ഭീതി മാറിക്കിട്ടുകയായിരുന്നു. കണ്ടെത്തിയ വസ്തുവില്‍ റോക്കറ്റിന്റെ അംശമുണ്ടെന്നൊക്കെ കിംവദന്തി പരന്നതിനാല്‍ പൊലിസും ബോംബ് സ്‌ക്വാഡും വി.എസ്.എസ്.സിയിലെ ശാസ്ത്രഞ്ജരുമൊക്കെ പലവട്ടം ഈ മാതൃക പൊളിച്ച് പഠനം നടത്തിയിരുന്നു. നഷ്ടപ്പെട്ട സാധനം വാങ്ങാനെത്തിയ കുട്ടി ബയോഗ്യാസ് മാതൃകയുടെ 'അവസ്ഥ' കണ്ട് മടങ്ങിപ്പോകുകയായിരുന്നു.
ഒരു ദിവസം മുഴുവന്‍ ഉറക്കമൊഴിച്ചിരുന്ന് വട്ടം തിരിഞ്ഞ പൊലിസുകാര്‍ ഒടുവില്‍ പൊട്ടിച്ചിരിച്ച് ആശ്വാസം കണ്ടെത്തുകയും ചെയ്തു.
വലിയ രീതിയില്‍ അന്വേഷണം മുന്നോട്ടുപോകുന്നതിനിടെയാണ് സംഭവത്തിന്റെ യഥാര്‍ഥ ചിത്രം പുറത്തായത്. എന്തായാലും തങ്ങള്‍ പുലിവാലു പിടിച്ച അജ്ഞാതവസ്തുവിന്റെ ചുരുളഴിച്ചു നല്‍കിയ വിദ്യാര്‍ഥിയെ അഭിനന്ദിക്കാനും പൊലിസുകാര്‍ മറന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."