ദയാവധം, ഡല്‍ഹിയിലെ അധികാരത്തര്‍ക്കം: സുപ്രിം കോടതി ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും
ന്യൂഡല്‍ഹി: ഡല്‍ഹി- കേന്ദ്ര സര്‍ക്കാരുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന അധികാരത്തര്‍ക്കവും ദയാവധവും ഉള്‍പ്പെടെയുള്ള അഞ്ചു കേസുകള്‍ സുപ്രിം കോടതി ഭരണഘടനാ ബെഞ്ച് ഈ മാസം പത്ത് മുതല്‍ വാദംകേട്ടു തുടങ്ങും. കേന്ദ്രസര്‍ക്കാരും ഡല്‍ഹിയിലെ എ.എ.പി സര്‍ക്കാരും തമ്മിലുള്ള അധികാരത്തര്‍ക്കമാണ് ബെഞ്ചിനു മുന്‍പിലുള്ള പ്രധാന കേസുകളിലൊന്ന്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം പരിഗണിച്ചാണ് ഈ കേസ് ഭരണഘടനാ ബെഞ്ചിനു വിട്ടത്. കേന്ദ്ര ഭരണപ്രദേശമായ ഡല്‍ഹിയുടെ ഭരണ ചുമതല ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണെന്നും ലഫ്റ്റനന്റ് ഗവര്‍ണറുടെ അറിവോടെയല്ലാതെ സംസ്ഥാനത്തെ മന്ത്രിസഭക്കു സ്വന്തമായി തീരുമാനങ്ങള്‍ കൈക്കൊള്ളാനാവില്ലെന്നുമുള്ള ഡല്‍ഹി ഹൈക്കോടതിയുടെ വിധിക്കെതിരേയാണ് എ.എ.പി സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.
ഒന്നരപതിറ്റാണ്ട് നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദയാവധം നിയമമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെയാണ് ഇതുസംബന്ധിച്ച കേസ് ഭരണഘടനാ ബെഞ്ചിലെത്തിയത്. ദയാവധം നിയമമാക്കുന്നതു സംബന്ധിച്ച് പ്രശാന്ത് ഭൂഷണ്‍ നേതൃത്വം നല്‍കുന്ന കോമണ്‍ കോസ് എന്ന സര്‍ക്കാരിതര സംഘടന നല്‍കിയ ഹരജി 2014 ഫെബ്രുവരി മുതല്‍ സുപ്രിം കോടതിയിലുണ്ട്. മാരകരോഗം പിടിപെട്ട്, ഇനിയൊരിക്കലും ആരോഗ്യകരമായ ജീവിതത്തിലേക്കു തിരിച്ചുവരില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഒരാളെ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നതിനോടു യോജിപ്പില്ലെന്നും ദയാവധത്തിന് അനുമതി നല്‍കുന്ന നിയമം കൊണ്ടുവരാന്‍ തയാറാണെന്നും കേസില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചിരുന്നു.
മുംബൈയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി തലച്ചോര്‍ മരവിച്ച് ശരീരം തളര്‍ന്നുകിടക്കുകയായിരുന്ന അരുണാ ഷാന്‍ബാഗ് എന്ന നഴ്‌സിനെ ദയാവധത്തിനിരയാക്കണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തില്‍ 2011ല്‍ സുപ്രിം കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയത്. ഇതിനു പിന്നാലെ ഒരുരോഗിയെ ദയാവധം നടത്തുന്നതിനു മുന്‍പ് പാലിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയമ കമ്മിഷനെ ചുമതലയേല്‍പ്പിച്ചു. രണ്ടുവര്‍ഷത്തെ പഠനത്തെത്തുടര്‍ന്ന് 2015 ജൂണില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കി. ഇന്ത്യയില്‍ ദയാവധത്തിനു നിയമമില്ലാത്തതു കാരണം ജീവിക്കാന്‍ ആഗ്രഹമില്ലാത്ത നിരവധി രോഗികള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ വേദനതിന്നു കഴിയുന്നുണ്ടെന്നും അവര്‍ക്കും കുടുംബത്തിനും അതു വലിയ പീഡനമാണെന്നുമാണ് ഹരജിക്കാരുടെ വാദം.
മൗലികാവകാശ ലംഘനമുണ്ടായാല്‍ അതുസ്ഥാപിച്ചെടുക്കാന്‍ അനുവദിക്കുന്ന ഭരണഘടനയുടെ 32, സുപ്രിംകോടതി നടപടികള്‍ സംബന്ധിച്ച 136 വകുപ്പുകള്‍ പ്രകാരമുള്ള കേസില്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട്‌തെളിവായി സ്വീകരിക്കുമോ എന്നതുസംബന്ധിച്ച തര്‍ക്കമടക്കമുള്ള അഞ്ച് കേസുകള്‍ ബെഞ്ച് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."