ബഹിരാകാശ വാരാഘോഷം അന്ധവിശ്വാസ നിവാരണത്തിനും പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സമൂഹത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചുനീക്കാന്‍ കൂടി ബഹിരാകാശ വാരാഘോഷം പോലുള്ള പരിപാടികള്‍ പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കനകക്കുന്ന് കൊട്ടാരത്തില്‍ ഈ വര്‍ഷത്തെ ബഹിരാകാശ വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലത്തിന്റെ പുരോഗതിക്കനുസരിച്ച് മനുഷ്യന്റെ ബോധതലത്തില്‍ മാറ്റമുണ്ടാകുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്. അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും മടങ്ങിപ്പോകുന്ന ശ്രമം കാണാതിരുന്നു കൂടാ. നൂറ്റാണ്ടുകളുടെ ശ്രമഫലമായി അന്ധവിശ്വാസങ്ങളെ തിരിച്ചറിയാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. പഴയകാലം തിരിച്ചുകൊണ്ടുവരാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നു. അത് തിരിച്ചറിയണം. ബഹിരാകാശ ശാസ്ത്രനേട്ടങ്ങള്‍ ഈ അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കാന്‍ കൂടി ഉപയോഗപ്പെടുത്തണം. പണ്ടൊക്കെ കപ്പലിലും വിമാനത്തിലും മാത്രമേ ജി.പി.ആര്‍.എസ് സംവിധാനങ്ങള്‍ ഉപയോഗിച്ചിരുന്നുള്ളു. ഇന്നത് സര്‍വസാധാരണമായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ബഹിരാകാശ വാരാഘോഷം പ്രോഗ്രാം ഡയറക്ടര്‍ ജി. അയ്യപ്പന്‍ സ്വാഗതം പറഞ്ഞു. വി.എസ്.എസ്.സി ഡയറക്ടര്‍ ഡോ. കെ.ശിവന്‍ അധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ.പ്രശാന്ത്, എസ്. സോമനാഥ്, എസ്. പാണ്ഡ്യന്‍, ഡി.ശ്യാം ദയാല ദേവ്, ഡോ. ബിജു ജേക്കബ് ഡോ. ബെന്നി കെ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
വാരാഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ ബഹിരാകാശ നേട്ടങ്ങള്‍ സംബന്ധിച്ച് എക്‌സിബിഷനും സംഘടിപ്പിച്ചു. പി.എസ്.എല്‍.വി, പി.എസ്.എല്‍.വി എം.കെ (മൂന്ന്), ജി.എസ്.എല്‍.വി തുടങ്ങിയ റോക്കറ്റുകളുടെ ലഘുരൂപങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. ഇന്ത്യയുടെ റിമോട്ട് സെന്‍സിങ് ഉപഗ്രഹശ്രേണിയില്‍ പന്ത്രണ്ടാമത്തേതായ കാര്‍ട്ടോസാറ്റ് ടു ഇ എടുത്ത തിരുവനന്തപുരത്തിന്റെ ആകാശദൃശ്യങ്ങള്‍ കൗതുകമുണര്‍ത്തി. നിയമസഭാ മന്ദിരം, വിഴിഞ്ഞം ഹാര്‍ബര്‍ എന്നിവയുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. കൂടാതെ ഇന്ത്യ വിക്ഷേപിച്ച മുഴുവന്‍ ഉപഗ്രഹങ്ങളുടെയും സമഗ്രവിവരങ്ങളും മേളയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."