ഹാദിയയുടെ വീട്ടുതടങ്കല്‍: മനുഷ്യാവകാശ കമ്മിഷന്‍ വിമര്‍ശനം റിപ്പോര്‍ട്ട് വൈകിയതിനെന്ന് ജില്ലാ പൊലിസ് മേധാവി
കോട്ടയം: ഹാദിയ വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ട സമയത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്നതാണ് വിമര്‍ശനത്തിന് ഇടയാക്കിയതെന്ന് കോട്ടയം ജില്ലാ പൊലിസ് മേധാവി.വി.എം മുഹമ്മദ് റഫീഖ് . സിറ്റിങ് സമയത്ത് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഇതിന് കഴിയാതിരുന്നതാണ് വിമര്‍ശനത്തിനിടയാക്കിയത്. ഇടക്കാല റിപ്പോര്‍ട്ടാണ് പൊലിസ് സമര്‍പ്പിച്ചത്. അത് അപൂര്‍ണവുമായിരുന്നു. വൈക്കം ഡിവൈ.എസ്.പിയോടാണ് താന്‍ റിപ്പോര്‍ട്ട്് ആവശ്യപ്പെട്ടതെങ്കിലും സി.ഐ ആണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് കമ്മിഷന് കൈമാറിയിരുന്നു. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിവൈ.എസ്.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അല്ലാതെ താന്‍ റിപ്പോര്‍ട്ട് മടക്കുകയായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കമ്മിഷന്റെ അടുത്ത സിറ്റിങിന് മുന്‍പായി സമ്പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഡോ.ഹാദിയ വീട്ടുതടങ്കലിലാണെന്ന പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന മനുഷ്യാവകാശ കമ്മിഷന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു ജില്ലാ പൊലിസ് മേധാവി.
സുപ്രിം കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകള്‍ ദുര്‍വ്യാഖ്യാനം ചെയ്താണ് ഹാദിയയെ വീട്ടുതടങ്കലിലാക്കിയെന്നാരോപിച്ച് മുനവ്വറലി ശിഹാബ് തങ്ങളാണ് മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയത്. അതേസമയം, ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് ജില്ലാ പൊലിസ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. പെണ്‍കുട്ടിക്കും മാതാപിതാക്കള്‍ക്കും സുരക്ഷയൊരുക്കാനാണ് കോടതി ഉത്തരവിട്ടത്. അതനുസരിച്ചുള്ള സുരക്ഷാക്രമീകരണമാണ് ഏര്‍പ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും ജില്ലാ പൊലിസ് മേധാവി പറഞ്ഞു.
അതിനിടെ കേസിലെ പരാതിക്കാരനായ മുനവ്വറലി ശിഹാബ് തങ്ങളില്‍നിന്ന് വീണ്ടും മൊഴിയെടുക്കുമെന്ന് വൈക്കം ഡിവൈ.എസ്. പി അറിയിച്ചു. ഇപ്പോള്‍ കൊടുത്ത റിപ്പോര്‍ട്ടിനേക്കാള്‍ കൂടുതലൊന്നും പൊലിസിന് പറയാനില്ല. കോടതി ഉത്തരവ് പാലിക്കുക മാത്രമാണ് ചെയ്തത്. കോടതി പറഞ്ഞതില്‍ കൂടുതലൊന്നും പൊലിസ് ചെയ്തിട്ടില്ല. കൃത്യസമയത്ത് എസ്.പിക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, മനുഷ്യാവകാശ കമ്മിഷന് യഥാസമയം റിപ്പോര്‍ട്ട് എത്തിക്കാതിരുന്നത് ഓഫിസിലെ ക്ലാര്‍ക്കിന്റെ വീഴ്ച മൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് പൊലിസിന് പറയാനാവില്ല. പെണ്‍കുട്ടിയെ അവിടെ നിന്ന് മാറ്റുന്നത് സംബന്ധിച്ച തീരുമാനം കോടതിയാണ് കൈക്കൊള്ളേണ്ടത്. മറ്റു പല ജോലിത്തിരക്കുള്ളതിനാലാണ് സി.ഐ റിപ്പോര്‍ട്ട് തയാറാക്കിയത്. എസ്.പിയുടെ നിര്‍ദേശപ്രകാരം വിശദമായ റിപ്പോര്‍ട്ട് വീണ്ടും സമര്‍പ്പിക്കുമെന്നും ഡിവൈ.എസ്.പി കൂട്ടിച്ചേര്‍ത്തു. കേസ് ഇനി 24ന് കോട്ടയത്ത് നടക്കുന്ന സിറ്റിങിലാണ് മനുഷ്യാവകാശ കമ്മിഷന്‍ പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."