2013ല്‍ ചോര്‍ന്നത് 300 കോടി അക്കൗണ്ടുകള്‍: യാഹൂ
കാലിഫോര്‍ണിയ: 2013ല്‍ മുന്നൂറു കോടി ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ചോര്‍ന്നതായി യാഹൂവിന്റെ സ്ഥിരീകരണം. 2013 ഓഗസ്റ്റില്‍ നടന്ന സംഭവത്തെ കുറിച്ചു പുറത്തുനിന്നുള്ള വിദഗ്ധ സംഘത്തിന്റെ സഹായത്തോടെയാണ് യാഹൂ അധികൃതര്‍ പരിശോധന നടത്തിയിരുന്നത്.
കഴിഞ്ഞ ജൂണില്‍ 448 കോടി ഡോളറിനു യാഹൂവിനെ ഏറ്റെടുത്ത വെരിസോണ്‍ കമ്പനിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. നൂറു കോടി പേരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു നേരത്തേ പുറത്തുവന്ന വാര്‍ത്ത. എന്നാല്‍, സംഭവം അതിലും ഭീകരമാണെന്ന് ഇന്നലെയാണ് അധികൃതര്‍ തന്നെ സമ്മതിച്ചത്.
സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് കമ്പനിയുടെ തീരുമാനം. എന്നാല്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാസ്വേഡ്, പെയ്മെന്റ് വിവരങ്ങള്‍ തുടങ്ങി സുപ്രധാന കാര്യങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടില്ലെന്ന് കമ്പനി വിശദീകരിക്കുന്നു. ഹാക്കിങ് പുതുതായുണ്ടായ പ്രശ്നമല്ലെന്നും ചോര്‍ത്തപ്പെട്ട അക്കൗണ്ടുകളിലേക്ക് ഇതുസംബന്ധിച്ച് അറിയിപ്പുകള് നല്‍കുമെന്നും വെരിസോണിന്റെ ഇന്റര്‍നെറ്റ് വിഭാഗം വ്യക്തമാക്കി. ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ ഹാക്കിങ്ങാണിത്. സംഭവത്തില്‍ രണ്ടു റഷ്യന്‍ ഇന്റലിജന്റ്സ് ഉദ്യോഗസ്ഥരെയും ചില ഹാക്കര്‍മാരെയും അമേരിക്കന്‍ ജസ്റ്റിസ് വിഭാഗം ശിക്ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."