ഒരു സംഘടനയുടെയും നേതൃത്വത്തിലേക്ക് തല്‍ക്കാലമില്ല: ദിലീപ്
കൊച്ചി: തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുനൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരളയുടെ (ഫ്യുയോക്) പ്രസിഡന്റ് സ്ഥാനം സിനിമാതാരം ദിലീപ് നിരസിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപിനെ കഴിഞ്ഞ ദിവസം സംഘടനയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തിരുന്നു.
എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ തല്ക്കാലം ഒരു സംഘടനയുടെയും പദവി ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറിയെ ദിലീപ് ഇന്നലെ രേഖാമൂലം അറിയിക്കുകയായിരുന്നു. കഴിഞ്ഞ വേനലവധിക്കാലത്ത്, തിയേറ്റര്‍ വിഹിതം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഉടമകള്‍ ആഴ്ചകളോളം സിനിമാ തിയേറ്ററുകള്‍ അടച്ചിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന് നിര്‍മാതാക്കളെയും തിയേറ്റര്‍ ഉടമകളെയും ഉള്‍പ്പെടുത്തി കഴിഞ്ഞ ജൂണ്‍ 25നാണ് ഫ്യുയോക് എന്ന സംഘടന രൂപംകൊണ്ടത്. സംഘടനയുടെ സ്ഥാപക പ്രസിഡന്റായി ദിലീപിനെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍, നടി ആക്രമിക്കപ്പെട്ട കേസില്‍ ജൂലൈ 10ന് ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം ഭാരവാഹികള്‍ യോഗം ചേര്‍ന്ന് ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കുകയും വൈസ് പ്രസിഡന്റ് ആന്റണി പെരുമ്പാവൂരിന് ചുമതല നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."