തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തിനെതിരേ ആന്ധ്ര സ്വദേശിനിയും; നിര്‍ബന്ധിത വിവാഹം നടത്തിയെന്ന് പരാതി
കൊച്ചി:തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തിനെതിരേ പുതിയ വെളിപ്പെടുത്തലുമായി ആന്ധ്ര സ്വദേശിനിയായ യുവതി. ക്രിസ്ത്യന്‍ യുവാവുമായുള്ള ബന്ധം ഒഴിവാക്കാന്‍ തന്നെ നിര്‍ബന്ധിച്ച് ഹിന്ദു യുവാവുമായി വിവാഹം കഴിപ്പിച്ചെന്നാണ് ബംഗളൂരുവില്‍ ഐ.ടി സ്ഥാപനത്തില്‍ ജോലിനോക്കിയിരുന്ന യുവതിയുടെ വെളിപ്പെടുത്തല്‍. യുവാവുമായുള്ള ബന്ധത്തെപ്പറ്റി അറിഞ്ഞ വീട്ടുകാര്‍ ഇവരെ തന്ത്രപൂര്‍വം കൊച്ചിയിലെത്തിക്കുകയായിരുന്നു. വിനോദസഞ്ചാരത്തിനെന്ന വ്യാജേനയാണ് കൊച്ചിയിലെത്തിച്ചത്.
എന്നാല്‍ മാതാപിതാക്കള്‍ യുവതിയെ ക്രിസ്ത്യന്‍ യുവാവുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തിലേക്കായിരുന്നു കൊണ്ടുവന്നത്. തുടര്‍ന്ന് സെന്ററില്‍ താന്‍ ക്രൂരമര്‍ദനത്തിന് ഇരയായെന്നും യുവതി ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
യുവതി ഒരുമാസം മുന്‍പ് ബംഗളൂരുവിലെ കുടുംബകോടതിയിലും പരാതി നല്‍കിയിരുന്നു. വീട്ടുകാരുടെയും യോഗ സെന്റര്‍ നടത്തിപ്പുകാരുടെയും സമ്മര്‍ദം സഹിക്കവയ്യാതെ ആന്ധ്ര സ്വദേശിയായ ഹിന്ദു യുവാവുമായുള്ള വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.
തൊടുപുഴയിലെ ശിവക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം. താന്‍ പ്രേമിച്ച ക്രിസ്ത്യന്‍ യുവാവിനെപ്പറ്റിയും യോഗസെന്ററിനെപ്പറ്റിയുമൊക്കെ വിവാഹം കഴിഞ്ഞയുടന്‍ തന്നെ ഭര്‍ത്താവിനോട് പറയുകയായിരുന്നു.തുടര്‍ന്ന് അയാള്‍ യുവതിയെ ബംഗളൂരുവിലെ ജോലിസ്ഥലത്ത് എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് വിവാഹമോചനത്തിനായി കുടുംബകോടതിയെ സമീപിച്ചത്. യോഗ സെന്ററിനെതിരേയും തന്നെ മര്‍ദിച്ച യോഗ സെന്റര്‍ മേധാവിക്കെതിരെയും യുവതി ഡി.ജി.പിക്കും കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തോളം കടുത്ത പീഡനം സഹിച്ചുവരുന്ന പെണ്‍കുട്ടികള്‍ യോഗ സെന്ററിലുണ്ടെന്നും അവരെ രക്ഷിക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് മുപ്പതിനാണ് യുവതിയെ മാതാപിതാക്കള്‍ യോഗ കേന്ദ്രത്തിലെത്തിച്ചത്.
പിന്നീട് ഒരുമാസക്കാലം താന്‍ ഇവിടെ ക്രൂരപീഡനത്തിനിരയായെന്നും താന്‍ പ്രണയിച്ചയാളുടെ വിഡിയോ ദൃശ്യങ്ങള്‍ രഹസ്യമായി എടുത്ത് തന്നെ കാണിച്ചിരുന്നെന്നും ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ ഇയാളെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."