എസ്.പി പ്രസിഡന്റായി വീണ്ടും അഖിലേഷ് യാദവ്
ആഗ്ര: സമാജ് വാദി പാര്‍ട്ടി ദേശീയ പ്രസിഡന്റായി അഖിലേഷ് യാദവിനെ വീണ്ടും ഏകകണ്ഠമായി തെരഞ്ഞെടുത്തു. പിതാവും പാര്‍ട്ടിയുടെ സ്ഥാപക നേതാവുമായ മുലായം സിങ് യാദവ്, അമ്മാവന് ശിവ്പാല്‍ യാദവ് എന്നിവരെ പൂര്‍ണമായും മറികടന്നാണ് വീണ്ടും അഖിലേഷ് പാര്‍ട്ടിയെ കൈപ്പിടിയിലാക്കിയത്.
ആഗ്രയില്‍ നടന്ന പാര്‍ട്ടിയുടെ ദേശീയ കണ്‍വന്‍ഷനിലാണ് അഖിലേഷിനെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തത്. ഇക്കാര്യം മുതിര്‍ന്ന പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
ഈ സമ്മേളനത്തില്‍ വച്ച് പാര്‍ട്ടി അധ്യക്ഷന്റെ കാലാവധി മൂന്ന് വര്‍ഷമെന്നത് മാറ്റി അഞ്ചുവര്ഷമാക്കുകയും ചെയ്തു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പും, 2022ലെ ഉത്തര്‍പ്രദേശ് നിയമസാഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ നയിക്കാനുള്ള ചുമതല അഖിലേഷിനായിരിക്കും. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റുമാരുടെ കാലാവധിയും അഞ്ചുവര്‍ഷമായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്റായി നരേഷ് ഉത്തമിനെയും ഏകകണ്ഠമായി തെരഞ്ഞെടുത്തിട്ടുണ്ട്. ആഗ്രയില്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വന്‍ഷനിലേക്ക് മുലായത്തിനെ അഖിലേഷ് ക്ഷണിച്ചിരുന്നു. എന്നാല്‍ അദ്ദേഹവും ശിവ്പാല്‍ യാദവും സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."