ഐ.എസ് കേന്ദ്രമായ ഹവിജ ഇറാഖ് സൈന്യം തിരിച്ചുപിടിച്ചു
ബഗ്ദാദ്: ഐ.എസിന്റെ ഇറാഖിലെ അവസാന കേന്ദ്രവും തിരിച്ചുപിടിച്ച് ഇറാഖ് സൈന്യം. സിറിയ- തുര്‍ക്കി അതിര്‍ത്തിയുമായി ചേര്‍ന്ന പ്രദേശമായ ഹവിജ തിരിച്ചുപിടിച്ചുവെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഹവിജയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുകയാണെന്നും ഇത് ഇറാഖിന്റെ മാത്രം വിജയമല്ലെന്നും ലോകത്തിന്റെ മുഴുവനാണെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോടൊപ്പം പാരീസില്‍ നടത്തിയ സംയുക്ത പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കുര്‍ദിസ്ഥാനില്‍ ഹിത പരിശോധന പോലെയുള്ള പ്രതിസന്ധികളുണ്ടായിട്ടും വിജയം നേടാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ 21 മുതലാണ് ഹാവിജ തിരിച്ചുപിടിക്കാനുള്ള ശ്രമം ആരംഭിച്ചത്. ഇറാഖ് സൈന്യത്തോടൊപ്പം ശിയാ പിന്തുണയുള്ള സൈന്യമായ പോപ്പുലര്‍ മൊബൈലൈസേഷന്‍ ഫോഴ്സ് ( പി.എം.എഫ്) സഹായത്തോടെയാണ് ഈ പ്രദേശം പിടിച്ചെടുത്തത്.
ഇറാഖിലെ കൃഷിയുടെ മുഖ്യ കേന്ദ്രമാണ് ഹവിജ. കൂടാതെ തലസ്ഥാനമായ ബഗ്ദാദിലേക്കുള്ള പ്രധാനപ്പെട്ട രണ്ട് പാതകളും ഈ മേഖലയിലൂടെയാണ് കടന്നുപോവുന്നത്. 2014ലാണ് ഐ.എസ് ഈ പ്രദേശം കീഴടക്കിയത്. 14 ദിവസമായി നടക്കുന്ന പോരാട്ടത്തിനിടെ 1,000 ഭീകരവാദികള്‍ കീഴടങ്ങിയിട്ടുണ്ട്. കൂടാതെ ആക്രമണങ്ങള്‍ തുടരുന്നതിനാല്‍ 78,000 സാധാരണക്കാര്‍ ഇവിടെ കുടുങ്ങിയിട്ടുണ്ടെന്ന് യു.എന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."