നൈര്‍മല്യം വിരിയണം മനസ്സുകളില്‍
ഉത്തമ ഇടപാടുകളുടെയും ഉദാത്ത വചനങ്ങളുടെയും ഉല്‍കൃഷ്ട സ്വഭാവങ്ങളുടെയും സമന്വയമാണ് വിശുദ്ധ ഇസ്‌ലാം. അന്തസ്സിന്റെയും അഭിമാനത്തിന്റെയും സുന്ദര സ്വഭാവമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ മതം നമ്മെ പ്രചോദിപ്പിക്കുന്നു. നബി (സ)പറഞ്ഞു: അല്ലാഹു മാന്യനാണ്. മാന്യതയെയും വിശിഷ്ട സ്വഭാവഗുണങ്ങളെയും അവന്‍ ഇഷ്ടപ്പെടുന്നു. വൈകൃതസ്വഭാവങ്ങളെ അവന്‍ വെറുക്കുന്നു (ഹാകിം).
നൈര്‍മല്യമെന്നത് വിശുദ്ധിയുടെ വിത്താണ്. നിഷ്‌കളങ്കമനസ്സുകളില്‍ അത് വേരുപിടിച്ചാല്‍ നന്മ മരങ്ങളായി വളരുകയും സുകൃതവസന്തങ്ങളുടെ പരിമളം പരത്തുകയും ചെയ്യും. കുറ്റങ്ങളുടെയും കുറച്ചിലുകളുടെയും വഴിമാറി നടക്കലും തിന്മകളില്‍നിന്ന് അകലം പാലിക്കലും നൈര്‍മല്യത്തിന്റെ പ്രേരകങ്ങളാണ്.
പരിശുദ്ധിയിലും പരിപാവനത്വത്തിലും അനുകരണീയ മാതൃകയായിരുന്നു നബി(സ)യുടേത്. ജാബിര്‍ ബിന്‍ അബ്ദുല്ല (റ) പറയുന്നു: ഞാന്‍ നബി (സ)യുടെ കൂടെ ഒരു യാത്രയിലായിരുന്നു. എന്റെ ഒട്ടകം തളര്‍ന്നതുകണ്ട് നബി (സ) എന്റെ അടുക്കല്‍ വന്ന് ഒട്ടകത്തിന്റെ ഗുണത്തിനുവേണ്ടി പ്രാര്‍ഥിച്ചു അതിനെ ഒന്ന് തട്ടുകയും ചെയ്തു. അതേത്തുടര്‍ന്ന് അത് അതിവേഗം സഞ്ചരിച്ചു. ഒരു ഔണ്‍സ് സ്വര്‍ണത്തിന് തങ്ങള്‍ക്ക് ആ ഒട്ടകത്തെ വില്‍ക്കാന്‍ തങ്ങള്‍ എന്നോട് ആവശ്യപ്പെട്ടു. ആദ്യം ഞാനതിന് കൂട്ടാക്കിയില്ല. തങ്ങള്‍ വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ തങ്ങള്‍ക്ക് അതിനെ വില്‍ക്കാന്‍ ധാരണയിലായി. മദീനയിലെത്തിയപ്പോള്‍ ഒട്ടകവുമായി ഞാന്‍ തങ്ങളെ സമീപിച്ചു. തങ്ങളുടെ പ്രതികരണം ഇങ്ങനെയായിരുന്നു -'ഞാന്‍ നിന്റെ ഒട്ടകത്തിന്റെ വില കുറച്ചുവെന്ന് നിനക്ക് തോന്നിയോ? നിന്റെ ഒട്ടകവും അതിന്റെ വിലയും ഇതാ. എല്ലാം നീ തന്നെ എടുത്തോളൂ (ബുഖാരി, മുസ്‌ലിം).
സഹചാരികളുടെ സമ്പത്തില്‍ ഒട്ടും താല്‍പര്യം കാണിക്കാത്ത പ്രകൃതമായിരുന്നു നബി(സ)യുടേത്. ആശകളില്‍നിന്നുള്ള മുക്തി പരിശുദ്ധിയിലേക്കുള്ള ആദ്യ ചവിട്ടുപടിയാണെന്ന് നബി (സ)യുടെ ജീവിതം വ്യക്തമാക്കുന്നുണ്ട്. മാനുഷികമായ മോഹങ്ങളുടെ സകലമാന സാഫല്യങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് ഖുറൈശി പ്രമുഖര്‍ പ്രവാചകന്‍ (സ)യെ തന്റെ ഉദ്യമത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വലതുകൈയില്‍ സൂര്യനും ഇടതുകൈയില്‍ ചന്ദ്രനും വച്ചുതന്നാല്‍പോലും എന്റെ ദൗത്യത്തില്‍നിന്ന് പിന്തിരിപ്പിക്കാനാവില്ലെന്ന ദൃഢനിശ്ചയം പ്രടമാക്കുന്നതില്‍നിന്ന് ആ തിരുമനസ്സിന്റെ പരിപാവനത്വം അനാവൃതമാകുന്നുണ്ട്. ആ സഹവാസത്തിന്റെ ധന്യതയില്‍ അവിടുത്തെ സഹചാരികളും നൈര്‍മല്യത്തിന്റെ മികച്ച ഉദാഹരണങ്ങളായി വളര്‍ന്നു.
ഉമര്‍ ഇബ്‌നുഖത്വാബ് (റ) പറയുന്നു. നബി(സ) എനിക്ക് ദാനം നല്‍കുമ്പോള്‍ ഞാന്‍ പറയുമായിരുന്നു. നബി തങ്ങളെ അവിടുന്ന് എന്നേക്കാള്‍ പരമ ദരിദ്രരായവര്‍ക്ക് നല്‍കൂ. അപ്പോള്‍ തങ്ങള്‍ പറയുമായിരുന്നു: 'നീ പ്രത്യക്ഷപ്പെടാതെയും ചോദിക്കാതെയും നിനക്ക് ഈ സമ്പത്തില്‍നിന്ന് വന്നെത്തിയാല്‍ അത് വാങ്ങിക്കൊള്ളുക. അല്ലാത്തപക്ഷം നീ നിന്റെ ശരീരത്തെ അതിന്റെ പിന്നാലെ വിടരുത്'. (ബുഖാരി, മുസ്‌ലിം)
ഹകീം ബിന്‍ ഹിസാം പറയുന്നു: 'ഞാന്‍ നബി (സ)യോട് യാചിച്ചു. തങ്ങള്‍ എനിക്ക് നല്‍കി. പിന്നെയും യാചിച്ചു. പിന്നെയും നല്‍കി. പിന്നെയും യാചിക്കുകയും തങ്ങള്‍ നല്‍കുകയും ചെയ്തു. എന്നിട്ട് തങ്ങള്‍ പറഞ്ഞു- 'ഹകീം, സമ്പത്ത് മധുരമനോഹരമാണ്. മാന്യമായി അത് ആര്‍ജിച്ചവന്ന് അതില്‍ ബര്‍ക്കത്ത് ചെയ്യപ്പെടും. നിന്ദ്യനായി നേടിയവന് അതില്‍ അനുഗ്രഹം ചെയ്യപ്പെടില്ല. എത്ര ഭക്ഷിച്ചിട്ടും വയര്‍ നിറയാത്തവനെപ്പോലെയാകും അവന്‍. നല്‍കാന്‍ വേണ്ടി ഉയരുന്ന കൈയാണ് വാങ്ങാന്‍ താഴുന്ന കൈയേക്കാള്‍ ഉത്തമം.
അന്നേരം ഞാന്‍ പറഞ്ഞു: 'തിരുദൂതരേ, അങ്ങയെ സത്യവുമായി നിയോഗിച്ചവന്‍ തന്നെ സാക്ഷി. ഇനി മരിക്കുവോളം ഞാന്‍ ഒരാളോടും ഒന്നും യാചിക്കുന്നതല്ല. പ്രവാചകര്‍ (സ)യുടെ കാലശേഷം അബൂബക്കര്‍(റ) ഹകീം ബിന്‍ ഹിസാമിനെ ദാനം നല്‍കാന്‍ വേണ്ടി ക്ഷണിച്ചിരുന്നു. പക്ഷേ, അദ്ദേഹം വാങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല. പിന്നീട് വന്ന ഭരണാധികാരി ഉമര്‍(റ)വും ഹകീം ബിന്‍ ഹിസാമിനെ ദാനം നല്‍കാന്‍ ക്ഷണിച്ചിട്ടും വിസമ്മതം തന്നെയായിരുന്നു പ്രതികരണം. നബി(സ)ക്കു ശേഷം ഒരാളില്‍നിന്നും ഒന്നും സ്വീകരിക്കാതെ തന്റെ പ്രതിജ്ഞ സാക്ഷാത്കരിക്കുന്നതില്‍ മരണംവരെ അദ്ദേഹം സൂക്ഷ്മമായ കാര്‍ക്കശ്യം പുലര്‍ത്തി. (ബുഖാരി, മുസ്‌ലിം)
മതം അനുവദിച്ച മാര്‍ഗങ്ങളില്‍ മാത്രം അവയവങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുമ്പോള്‍ അവയവങ്ങളിലെ അന്തസ്സ് നിലനിര്‍ത്താനാവും. ദേഹസുഖങ്ങള്‍ നശിക്കുന്നിടത്ത് വിശ്വാസങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കാന്‍ പ്രചോദനമേകും. സദാചാരനിഷ്ഠ പാലിക്കുകയും സഹനം കൈക്കൊള്ളുകയും ചെയ്യുന്നവനോടൊപ്പമാണ് അല്ലാഹുവിന്റെ തൃപ്തി. ഈ മനോബലം നേടിയവന് വികാരങ്ങളെ ജയിക്കാനാകും.
സാമ്പത്തിക വിഷയങ്ങളില്‍ മനുഷ്യന്‍ പ്രത്യേകം പാതിവ്രത്യവും പരിശുദ്ധിയും പുലര്‍ത്തേണ്ടതുണ്ട്. അനാഥന്റെ ധനം നോക്കി നടത്താന്‍ ഏറ്റവന്‍ ദരിദ്രനാണെങ്കില്‍ മാത്രമേ അവന്റെ വേതനം അതില്‍നിന്ന് കൈപ്പറ്റാവൂ. രാജ്യത്തിന്റെ പൊതു ഉടമസ്ഥതയിലുള്ള സമ്പത്തും വിഭവങ്ങളും സ്വകാര്യ താല്‍പര്യത്തിനു വേണ്ടി ദുരുപയോഗം ചെയ്തുകൂടാ. അവ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നതോടൊപ്പം അതിന്റെ സംരക്ഷണവും ഓരോരുത്തരുടെയും ബാധ്യതയുമാണ്.
നിഷിദ്ധമായ ജോലികളില്‍നിന്നും സന്ദേഹത്തിനിടയുള്ള സമ്പാദ്യങ്ങളില്‍നിന്നും വിട്ടുനില്‍ക്കാനാവണം. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനുള്ള മനസ്സ് ആര്‍ജിക്കണം. എത്ര കിട്ടിയാലും മതിവരാതെ ആര്‍ത്തിപ്പണ്ടാരമായി മനസ്സ് അധഃപതിക്കുമ്പോഴാണ് അധമ വിചാരങ്ങള്‍ ഉടലെടുക്കുന്നതും അസാന്മാര്‍ഗിക സമ്പാദ്യങ്ങളിലേക്ക് ചിന്തകള്‍ പായുന്നതും.
അല്ലാഹു തന്നതില്‍ സംതൃപ്തിയടയുന്ന മനസ്സാണ് വലിയ ധനം. പ്രവാചകര്‍ (സ) പറഞ്ഞു. ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അന്നം തേടി നേരായ വഴികളില്‍ പ്രവേശിക്കുക. വൈകിയാണെങ്കിലും ശരി ഒരു ശരീരവും അതിന് വിധിക്കപ്പെട്ട വിഭവം പൂര്‍ത്തീകരിക്കപ്പെടാത്ത അവസ്ഥയില്‍ മരണം വരിക്കുന്നതല്ല. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കണേ. വിഭവം തേടി നേരായ മാര്‍ഗങ്ങളില്‍ പ്രവേശിക്കണേ. അനുവദനീയമായത് സ്വീകരിക്കണേ. നിഷിദ്ധമായത് ഉപേക്ഷിക്കണേ(ഇബ്‌നുമാജ).
ജീവിക്കാന്‍ കാശുവേണം. എങ്ങനെ സമ്പാദിച്ചാലും നാണയത്തിന്റെ മൂല്യത്തില്‍ വ്യത്യാസമില്ല. പിന്നെന്തിന് നല്ലവഴി മാത്രം തേടണം എന്ന സങ്കല്പങ്ങളും സമീപനങ്ങളും പൊളിച്ചടുക്കുകയാണ് തങ്ങളുടെ ഈ പ്രഖ്യാപനം. അനര്‍ഹമായ കമ്മിഷന്‍ പറ്റലും കോഴ വാങ്ങലും കൈക്കൂലി സ്വീകരിക്കലും നമ്മുടെ ദുരന്തപൂര്‍ണമായ പര്യവസാനത്തിലേക്കുള്ള ക്രയവിക്രയങ്ങളാണെന്ന് കണ്‍തുറന്ന് കാണുക.
അബ്ദുല്ലാഹിബിന്‍ റവാഹ(റ)നെ നബി(സ) ഖൈബറിലേക്ക് കണക്കെടുപ്പിന് അയച്ചു. ഖൈബര്‍വാസികള്‍ ഭാര്യമാരുടെ ആഭരണങ്ങള്‍ വച്ചുനീട്ടി കണക്കെടുപ്പില്‍ കൃത്രിമത്വം കാണിക്കാന്‍ ആവശ്യപ്പെട്ടു. അബ്ദുല്ലാഹിബിന്‍സാഹ പറഞ്ഞു: നിങ്ങള്‍ വച്ചുനീട്ടിയ കോഴ നിഷിദ്ധ സമ്പാദ്യമാണ്. ഞാനത് ഭക്ഷിക്കുന്നവനല്ല. അന്നേരം അവര്‍ പറഞ്ഞു. അതെ നീതിയില്‍ തന്നെയാണ് പ്രപഞ്ചത്തിന്റെ അസ്ഥിത്വം കുടികൊള്ളുന്നത് (മുഖത്ത്വ).
ധനത്തിന്റെ വിശുദ്ധിപോലെ പ്രധാനമാണ് ശരീര വിശുദ്ധിയും മാനസിക വിശുദ്ധിയും. അഴുക്കുകളില്‍നിന്നും മാലിന്യങ്ങളില്‍നിന്നും ശരീരം വൃത്തിയാക്കണമെന്ന പോലെ അസൂയ, അഹങ്കാരം, കുശുമ്പ്, ക്രോധം തുടങ്ങിയ രോഗങ്ങളില്‍നിന്നും ഹൃദയം സ്ഫുടം ചെയ്‌തെടുക്കണം.
അധാര്‍മികത സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലമുണ്ടാകുന്ന ഉഷ്ണത്തില്‍ നമ്മിലെ നൈര്‍മല്യം കൂമ്പടയരുത്. അത് ഇസ്‌ലാമാകുന്ന സനാതനമൂല്യങ്ങളുടെ നിറപ്പൊയ്കയില്‍ നീന്തിത്തുടിച്ച് വെടിപ്പും വൃത്തിയും കൈവരിക്കണം. നന്മയാണ് നൈര്‍മല്യം. തിന്മയുടെ കളിമുറ്റങ്ങള്‍ അതിന്റെ ചിറകരിയാതിരിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."