ഇന്നു പിണറായി; നാളെ മാണി
വേങ്ങര: വേങ്ങരപ്പോരിനു ചൂടുപകര്‍ന്നു നേതാക്കളുടെ പട വേങ്ങരയിലേക്ക്. സംസ്ഥാന മന്ത്രിമാരും ഭരണ, പ്രതിപക്ഷ നേതാക്കളുമുള്‍പ്പെടെ വലിയൊരു വി.ഐ.പി നിരയുടെ ഒഴുക്കാണ് അവസാനഘട്ട പ്രചാരണത്തിന്. ഇന്നു വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വേങ്ങരയിലെത്തും.
എ.ആര്‍ നഗര്‍ പഞ്ചായത്തിലെ കുന്നുംപുറത്ത് ഇന്നു വൈകിട്ട് 4.30ന് അദ്ദേഹം എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. അതിനിടെ, മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ച കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി നാളെ പ്രചാരണത്തിനെത്തും. വൈകിട്ട് നാലിനു കുന്നുംപുറത്ത് പാര്‍ട്ടി വേദിയില്‍ മാണി കെ.എന്‍.എ ഖാദറിനു വോട്ടഭ്യര്‍ഥിക്കും. വിവിധ സ്ഥലങ്ങളിലെ കുടുംബയോഗങ്ങളിലും പങ്കെടുക്കും.
എല്‍.ഡി.എഫ് പ്രചാരണത്തിനായി വി.എസ് അച്യുതാനന്ദന്‍ എട്ടിനു വേങ്ങരയിലെത്തും. വേങ്ങര ടൗണില്‍ നടക്കുന്ന പൊതുയോഗത്തിലാണ് വി.എസ് സംസാരിക്കുക. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി ഇന്നു പ്രചാരണത്തിനെത്തിയേക്കും. എം.പി വീരേന്ദ്ര കുമാറും ഇന്നു യു.ഡി.എഫ് പ്രചാരണത്തിനെത്തുന്നുണ്ട്.
അതേസമയം, തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍ ഇന്നലെ രാവിലെ അരീക്കുളം ലക്ഷംവീട് കോളനിയില്‍നിന്നാണു പ്രചാരണം തുടങ്ങിയത്. പാക്കടപ്പുറായയില്‍ പൊതുസമ്മേളനത്തോടെ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ എം.എല്‍.എമാരായ എം. ഉമ്മര്‍, എ.പി അനില്‍ കുമാര്‍, വി.എസ് ശിവകുമാര്‍, വെട്ടം ആലിക്കോയ, കെ.ടി അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി ബഷീര്‍ രാവിലെ ഒന്‍പതിനു ടൗണ്‍ മാറ്റാനം കോളനിയില്‍നിന്നു തുടങ്ങിയ പ്രചാരണം വൈകിയിട്ട് കൂരിയാട്ട് സമാപിച്ചു. എം.വി ഗോവിന്ദന്‍, എം.എല്‍.എമാരായ ടി.വി രാജേഷ്, എ.എന്‍ ഷംസീര്‍, പി.ടി.എ റഹീം, ആര്‍ രാജേഷ്, കെ. ബാബു കെ.പി സുബ്രമണ്യന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. ജനചന്ദ്രന്‍ എ.ആര്‍ നഗര്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ റോഡ് ഷോ നടത്തി. വെട്ടത്തുപീടികയില്‍ സമാപിച്ചു. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി കെ.സി നസീര്‍ കൊളപ്പുറത്തുനിന്നാണ് ഇന്നലെ പര്യടനം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."