ടി. ആലിബാവ: സമസ്തയുടെ നിയമജ്ഞന്‍
മലപ്പുറം: സങ്കീര്‍ണമായ കോടതിവ്യവഹാരങ്ങള്‍ മേശപ്പുറത്തു നിരത്തിയ കേസ് ഫയലുകള്‍, അനേകം മഹല്ലുകളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങി നിയമവശങ്ങളുടെ ഓരം ചേര്‍ന്നായിരുന്നു വിടപറഞ്ഞ ചേളാരി ടി. ആലിബാവയുടെ ജീവിതം. കെട്ടുപിണഞ്ഞ കേസ് ഡയറികള്‍ പരിശോധിച്ചു തുടര്‍നടപടിക്കു സമര്‍പ്പിക്കാനുള്ള അസാമാന്യ പാടവമായിരുന്നു അദ്ദേഹത്തിന്റേത്.
കോടതിമുറികളില്‍ തലപുകഞ്ഞ നിയമവിഷയങ്ങളില്‍ തീര്‍പ്പുകണ്ടെത്താന്‍ ആലിബാവയുടെ മിടുക്ക് ശ്രദ്ധേയമായിരുന്നു. സമസ്തയുടെ നിയമജ്ഞനായാണ് നിയമബിരുദമില്ലാത്ത ഈ ഓഫിസ് ജീവനക്കാരന്‍ പുറംലോകത്തു ശ്രദ്ധേയനാകുന്നത്. സമസ്തയ്‌ക്കെതിരേ ചിലര്‍ കേസിനുപോയ പശ്ചാത്തലത്തിലാണ് കേസ് ഡയറിയുമായി ആലിബാവ നിയമരംഗത്തു സജീവമാകുന്നത്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജരായിരുന്ന എം.പി മൂസ മുസ്‌ലിയാരോടൊപ്പം കേസ് നടപടികളില്‍ ശംസുല്‍ ഉലാമയ്ക്കു കൈതാങ്ങായി പ്രവര്‍ത്തിച്ചു.
കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാര്‍, ശംസുല്‍ ഉലമാ, കെ.വി മുഹമ്മദ് മുസ്‌ലിയാര്‍, കെ.ടി മാനു മുസ്‌ലിയാര്‍, സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍, എം.എം ബഷീര്‍ മുസ്്‌ലിയാര്‍, പി. അബൂബക്കര്‍ നിസാമി തുടങ്ങി പഴയകാല നിരയിലെ പ്രമുഖ നേതാക്കളുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നു. കേരളത്തിലെ വിവിധ മഹല്ലുകളുടെ ഭരണഘടനാ ശില്‍പിയായിരുന്നു അദ്ദേഹം. 1976ലാണ് സമസ്താലയത്തില്‍ ജീവനക്കാരനായത്. സമസ്ത മുശാവറയുടെ റിക്കാര്‍ഡ് സംബന്ധമായ കാര്യങ്ങള്‍ മരണംവരെ കൈകാര്യം ചെയ്തത് ഇദ്ദേഹമാണ്. വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ സമസ്ത ലീഗല്‍ സെല്ലിനും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പിന്നീട് രൂപംനല്‍കി. സുപ്രഭാതം ദിനപത്രത്തിന്റെ പിറവിയിലും സജീവ സാന്നിധ്യമായി. 41 വര്‍ഷത്തെ കര്‍മപഥം പ്രസ്ഥാനത്തിനായി സമര്‍പ്പിച്ച ആലിബാവ രണ്ടു ദിവസംമുന്‍പാണ് ഓഫിസില്‍നിന്ന് അവസാനമായി മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."