അമിത് ഷായുടെ പിന്‍വാങ്ങല്‍; മുനയൊടിഞ്ഞ് ജനരക്ഷായാത്ര
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്‍മനാട്ടിലൂടെ ചുവപ്പ് ഭീകരതയെന്ന മുദ്രാവാക്യവുമായി ബി.ജെ.പി നടത്തിയ ജനരക്ഷായാത്രയില്‍ നിന്നു ദേശീയ അധ്യക്ഷന്‍ അമിത് ഷാ പിന്‍വാങ്ങിയത് തിരിച്ചടിയായി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തിയ യാത്രയുടെ മൂന്നാംനാള്‍ ഇന്നലെ മമ്പറത്തു വച്ചാണ് പുനരാരംഭിച്ചത്. എന്നാല്‍ അവിചാരിതമായ കാരണങ്ങളാല്‍ അമിത് ഷാ യാത്രയില്‍ പങ്കെടുക്കാനെത്തിയില്ല. പയ്യന്നൂരില്‍ ഉദ്ഘാടനം ചെയ്ത ജനരക്ഷായാത്രയില്‍ വേണ്ടത്ര ജനപങ്കാളിത്തമില്ലെന്ന വിമര്‍ശനം ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനുണ്ടെന്നാണ് സൂചന. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ് യാത്രയില്‍ സജീവമായി പങ്കെടുത്തത്.
പാര്‍ട്ടി ദേശീയ സെക്രട്ടറി ഉദ്ഘാടനം ചെയ്തിട്ടും യാത്ര വേണ്ടത്ര ചലനമുണ്ടാക്കിയില്ലെന്നാണ് വിലയിരുത്തല്‍. മമ്പറത്തു നിന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനരികെ ദേശീയ അധ്യക്ഷന്‍ പദയാത്രയായി ജാഥ നയിക്കുമെന്നായിരുന്നു പ്രചാരണം. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജന്മം നല്‍കിയ ഗ്രാമമാണ് പിണറായി. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്‍മനാടു കൂടിയാണിത്. ഇതിലൂടെ ദേശീയ അധ്യക്ഷന്റെ നേതൃത്വത്തില്‍ നടത്തുന്ന യാത്രയെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറെ ആവേശകരമായാണ് കണ്ടത്. അതിനുള്ള വന്‍ ഒരുക്കവും നടത്തിയിരുന്നു. പൊലിസും വന്‍ സുരക്ഷയൊരുക്കി. ഇതിനിടെയാണ് അമിത് ഷായുടെ അപ്രതീക്ഷിത പിന്‍വാങ്ങല്‍.
അമിത് ഷായുടെ യാത്രയെ പ്രതിരോധിക്കുന്നിനായി സി.പി.എമ്മും പടയൊരുക്കം നടത്തിയിരുന്നു. പിണറായി ടൗണില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാതെ ഹര്‍ത്താല്‍ ആചരിച്ചു. ഗുജറാത്തിലെയും ഉത്തര്‍പ്രദേശിലെയും ചില സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി റോഡരികില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു.
അമിത് ഷായും സംഘവും ഇതു കാണണമെന്ന വാശിയോടെ ഇംഗ്ലിഷിലായിരുന്നു ഫ്‌ളക്‌സിലും പോസ്റ്ററിലും മുദ്രാവാക്യങ്ങള്‍ എഴുതിയിരുന്നത്.
ഇന്നലെ രാവിലെ 11ഓടെ മമ്പറത്തു നിന്നാണ് യാത്ര പുറപ്പെട്ടത്. ബി.ജെ.പി ദേശീയ സെക്രട്ടറി അരുണ്‍ കുമാര്‍ സിന്‍ഹ, ദേശീയ വക്താവ് വിജയ് ഓംകാര്‍ ശാസ്ത്രി, റിച്ചാര്‍ഡ് ഹേ എം.പി, കെ. സുരേന്ദ്രന്‍, എം.ടി രമേശ്, പി.കെ കൃഷ്ണദാസ്, സി.കെ പത്മനാഭന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ യാത്രയില്‍ അണിനിരന്നു. തലശ്ശേരിയിലാണ് ഇന്നലെ രാത്രിയോടെ യാത്ര സമാപിച്ചത്.
അമിത് ഷാ വരാത്തതില്‍ നിരാശയില്ല: കുമ്മനം
മമ്പറം: ജനരക്ഷായാത്രയുടെ മൂന്നാംദിനത്തില്‍ അമിത് ഷാ വരാത്തതില്‍ നിരാശയില്ലെന്ന് ജാഥാ ലീഡറും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായി കുമ്മനം രാജശേഖരന്‍. അവിചാരിതമായ കാരണങ്ങളാല്‍ ഡല്‍ഹിയില്‍ നില്‍ക്കേണ്ടി വന്നതിനാലാണ് എത്താന്‍ കഴിയാതിരുന്നത്. കേരളത്തിലെ ജനങ്ങള്‍ ജനരക്ഷായാത്രയോടൊപ്പമാണെന്നു തെളിഞ്ഞുവെന്ന് കുമ്മനം അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി അമിത്ഷായോടു അടിയന്തിരമായി ഡല്‍ഹിയില്‍ തുടരണമെന്ന് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം യാത്രയില്‍ പങ്കെടുക്കാത്തതെന്നാണ് ബി.ജെ.പിയുടെ ഔദ്യോഗിക വിശദീകരണം.
ജനരക്ഷായാത്ര കാറ്റുപോയ ബലൂണ്‍: പി. ജയരാജന്‍
കണ്ണൂര്‍: അമിത് ഷാ പിന്‍വാങ്ങിയതോടെ ബി.ജെ.പി ജാഥ കാറ്റുപോയ ബലൂണ്‍ പോലെയായെന്നു സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആരോപിച്ചു. ജനങ്ങളില്‍ യാതൊരു പ്രതികരണങ്ങളും സൃഷ്ടിച്ചില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് അമിത് ഷാ തിരിച്ചുപോയതെന്ന് വ്യക്തമാണ്. കോടിക്കണക്കിന് രൂപ ചെലവഴിച്ചുകൊണ്ട് ആഴ്ചകള്‍ നീണ്ട പ്രവര്‍ത്തനങ്ങളാണ് ജാഥ കൊഴുപ്പിക്കാന്‍ നടത്തിയതെങ്കിലും ജനങ്ങളില്‍ ഒരു സ്വാധീനവും ചെലുത്താനായില്ല. സംഘര്‍ഷമുണ്ടാക്കാന്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നു പ്രവര്‍ത്തകരെ ഇറക്കുമതി ചെയ്തിരുന്നു. മറ്റു പാര്‍ട്ടികളില്‍ നിന്ന് ആളുകളെ ചാക്കിലാക്കാന്‍ കഴിയുമോ എന്ന ശ്രമവും നടത്തിയിരുന്നു. സി.പി.എം ശക്തികേന്ദ്രങ്ങളില്‍ വമ്പിച്ച ചലനമുണ്ടാക്കുമെന്ന പ്രചാരണം പൊളിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിലാണ് ജാഥ മതിയാക്കി അമിത് ഷാ തിരിച്ചുപോയതെന്നും ജയരാജന്‍ പ്രസ്താവിച്ചു.
കൊലക്കേസ് പ്രതിയായ പിണറായിക്ക് ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ കഴിയില്ല: അരുണ്‍സിങ്
തലശ്ശേരി: വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തില്‍ ജനാധിപത്യം പുനസ്ഥാപിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി ദേശീയ ജന. സെക്രട്ടറി അരുണ്‍സിങ്. ജനരക്ഷാ യാത്രയുടെ മൂന്നാംദിന സമാപനം തലശ്ശേരി പുതിയ ബസ്സ്റ്റാന്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ക്രമസമാധാന നില ശരിയാക്കിയിട്ട് മതി മറ്റു സംസ്ഥാനങ്ങളെ സി.പി.എം കുറ്റപ്പെടുത്താന്‍. ജനരക്ഷാ യാത്രയില്‍ അമിത് ഷായും യോഗി ആദിത്യനാദുമുള്‍പ്പെടെ പങ്കുചേര്‍ന്നതോടെ കേരളത്തിലെ സി.പി.എമ്മിന് മാനസിക നില തെറ്റിയിരിക്കുകയാണ്. അടുത്ത ദിവസങ്ങളിലായ് നിരവധി ദേശീയ നേതാക്കള്‍ കൂടി യാത്രയില്‍ അണിചേരുന്നതോടെ സി.പി.എമ്മിന് വിറളിപിടിക്കുമെന്നും അരുണ്‍സിങ് പറഞ്ഞു. നളിന്‍കുമാര്‍ കട്ടീല്‍ എം.പി, വിനോദ് സെല്‍വന്‍, വിജയ് സോക്കര്‍ ശാസ്ത്രി, കുമ്മനം രാജശേഖരന്‍, പി.കെ കൃഷ്ണദാസ്, വി. മുരളീധരന്‍, ശോഭാ സുരേന്ദ്രന്‍, എം.ടി രമേശ് സംസാരിച്ചു.
ബി.ജെ.പി നടത്തുന്നത് അബദ്ധങ്ങള്‍ എഴുന്നള്ളിച്ചുള്ള യാത്ര: ഇ.ടി
തളിപ്പറമ്പ്: കേരളത്തില്‍ വര്‍ഗീയ കാര്‍ഡിറക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ ശക്തമായി നേരിടുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. അമിത് ഷായ്ക്കും യോഗി ആദിത്യനാഥിനും അബദ്ധങ്ങള്‍ എഴുന്നള്ളിക്കാന്‍ വേണ്ടിയുളള യാത്രയാണ് ബി.ജെ.പി ഇപ്പോള്‍ നടത്തുന്നതെന്നും അദ്ദേഹം തളിപ്പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇവിടെ ജാഥ നടത്തി നിരാശ നേടാമെന്നതല്ലാതെ മറ്റൊരു നേട്ടവും ബി.ജെ.പിക്കില്ല. കേരളത്തില്‍ സംഘര്‍ഷമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് അമിത് ഷായും സംഘവും ശ്രമിക്കുന്നതെന്നും ഇ.ടി കുറ്റപ്പെടുത്തി.മുസ്‌ലിം ലീഗ് യു.ഡി.എഫ് വിട്ടു പുറത്തുവരണമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെയും അദ്ദേഹം തള്ളിക്കളഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ ആലോചിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം എന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."