ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ മകളുടെ മരണത്തില്‍ ദുരൂഹത; മൃതദേഹം കണ്ടെത്തിയത് റെയില്‍വേ ട്രാക്കില്‍
മുംബൈ: മുംബൈയിലെ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനത്തിന്റെ തലവനായ നീലേഷ് വികംസെയുടെ മകളുടെ മരണത്തിലെ ദുരൂഹത തുടരുന്നു. പല്ലവി വികംസെയെന്ന 20കാരിയെ ബുധനാഴ്ചയാണ് പരേലിനടുത്ത് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം അപകടമരണമാണെന്നും യുവതി ട്രെയിനില്‍ നിന്നും വീണതാകാമെന്നുമാണ് പൊലിസിന്റെ നിഗമനം.
എന്നാല്‍, മരണത്തിന് തൊട്ടുമുന്‍പ് പല്ലവിയുടെ ഫോണില്‍ 'ആര്‍ക്കും ഉത്തരവാദിത്തമില്ല' എന്ന സന്ദേശം വന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതാണ് സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നത്. സന്ദേശമയച്ചതിന് ശേഷം സ്വിച്ച് ഓഫായ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.
മുംബൈയിലെ നിയമകാര്യ സ്ഥാപനത്തില്‍ പരിശീലനത്തിന് പോയിവരുന്ന വഴിയാണ് പല്ലവിക്ക് അപകടം സംഭവിച്ചതെന്ന് കരുതുന്നു. ട്രെയിനില്‍ വീണ യുവതിയെ മറ്റൊരു ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പല്ലവി ട്രെയിനില്‍ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. ബുധനാഴ്ച ആറ് മണിയോടെ ഛത്രപതി ശിവജി ടെര്‍മിനസ് സ്റ്റേഷനില്‍ നിന്നും പല്ലവി കയറുന്ന ദൃശ്യങ്ങളാണ് കണ്ടെടുത്തത്. ഇവിടെ നിന്നും കുടുംബം താമസിക്കുന്ന പരേലിലെത്താന്‍ 15 മിനിറ്റ് യാത്ര ചെയ്താല്‍ മതി.
പല്ലവിയെ കാണാനില്ലെന്ന് ബുധനാഴ്ച ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. പരിശീലനത്തിന് പോയിരുന്ന സൗത്ത് മുംബൈയിലെ സ്ഥാപനത്തിലേക്ക് പോയ പല്ലവി തിരിച്ച് വന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്.
മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയെന്നും അന്വേഷണം നടക്കുകയാണെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."