ചെന്നിത്തലക്ക് മുഖ്യമന്ത്രിയുടെ മറുപടി: കേരളത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം തടയില്ല
തിരുവനന്തപുരം: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതുപോലെ കേരളത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം തടയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പിയുടെ ജനരക്ഷായാത്രയോടുള്ള സര്‍ക്കാര്‍ സമീപനം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയായുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
ജനജീവിതം സ്തംഭിപ്പിച്ചാണ് ഇടതു സര്‍ക്കാര്‍ അമിത്ഷായ്ക്ക് വഴിയൊരുക്കിയതെന്നാണ് ചെന്നിത്തല പറയുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്നതുപോലെയോ നേതാക്കളെ അറസ്റ്റു ചെയ്‌തോ അനുമതി നിഷേധിച്ചോ സുരക്ഷാ നല്‍കാതെയോ എന്തുകൊണ്ട് ജനരക്ഷാ യാത്രയെ നേരിട്ടില്ലെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
ബി.ജെ.പി ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ റാലികളും ബഹുജന മുന്നേറ്റങ്ങളും വിമര്‍ശന ശബ്ദവും തടയാന്‍ ജനാധിപത്യവിരുദ്ധമായ പല രീതികളും നിരോധനാജ്ഞയും വിലക്കും ഇന്റര്‍നെറ്റ് ബ്ലോക്ക് ചെയ്യലുമുള്‍പ്പെടെ തെറ്റായ പല നടപടികളും ഉണ്ടാകുന്നത് നാം കാണുന്നുണ്ട്. അതു കേരളത്തില്‍ സംഭവിക്കുന്നില്ല.
ഇവിടെയാണ് കേരളവും കേരള സര്‍ക്കാരും അഭിമാനത്തോടെ വ്യത്യസ്തത പുലര്‍ത്തുന്നത്. മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി മാറുന്നത്.
ഇടതുപാര്‍ട്ടികളും ഇടതുപക്ഷം നയിക്കുന്ന സര്‍ക്കാരുകളും എക്കാലത്തും ജനാധിപത്യ മൂല്യങ്ങളും അഭിപ്രായസ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചതു കൊണ്ടോ സുരക്ഷാ സൗകര്യം വെട്ടിച്ചുരുക്കിയതുകൊണ്ടോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ തകര്‍ക്കാനാവില്ലെന്ന് ഞങ്ങള്‍ക്ക് നന്നായറിയാം. ഇടതുപക്ഷത്തിനെതിരേ സംഘ്പരിവാര്‍ സര്‍വശക്തിയും ഉപയോഗിച്ച് ആക്രമണം നടത്തുന്നത് ഞങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം സംഘ്പരിവാറിന്റെ അജന്‍ഡകളെ തുറന്നുകാട്ടുന്നതും പ്രതിരോധിക്കുന്നതും കൊണ്ടാണ്. കേരളത്തിലെ ഹരിതാഭമായ പ്രകൃതിയും ഉയര്‍ന്ന നിലവാരത്തിലുള്ള ജീവിതവും കാണാനും അനുഭവിക്കാനും എല്ലാവരെയും സ്വാഗതം ചെയ്യുമ്പോള്‍തന്നെ ഇവിടുത്തെ സമാധാനവും മതനിരപേക്ഷതയും തകര്‍ക്കാന്‍ ഒരുമ്പെട്ട് വരുന്നവരെ കര്‍ക്കശമായി നേരിടുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.
ബി.ജെ.പിയുടെ യാത്ര പരാജയമാണെന്ന അങ്ങയുടെ നിഗമനത്തോട് യോജിക്കുന്നു. ഒപ്പം, അമിത്ഷായുടെ മേദസ്സു കുറയ്ക്കാന്‍ മാത്രമേ അത് ഉപകാരപ്പെടൂ എന്ന അഭിപ്രായത്തോടും യോജിക്കുന്നതായും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അമിത്ഷാക്ക് സൗകര്യമൊരുക്കാന്‍
ഉത്സാഹമെന്തിനെന്ന് ചെന്നിത്തല
തിരുവനന്തപുരം: ബി.ജെ.പിയുടെ ജാഥയ്‌ക്കെത്തിയ അമിത്ഷാക്ക് വഴിയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അമിതമായ ഉത്സാഹം കാണിച്ചതെന്തിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമിത് ഷായുടെ യാത്ര തടസപ്പെടുത്തണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിനു മറുപടിയായി ചെന്നിത്തല പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതര രാഷ്ട്രീയപ്പാര്‍ട്ടികളുടെ റാലികളും ബഹുജന മുന്നേറ്റങ്ങളും വിമര്‍ശന ശബ്ദവും തടയാന്‍ പ്രയോഗിക്കുന്നതുപോലുള്ള നിരോധനാജ്ഞയും വിലക്കും ഇന്റര്‍നെറ്റ് ബ്ലോക്കും കേരളത്തില്‍ ചെയ്തില്ലെന്നാണ് അങ്ങ് ചൂണ്ടിക്കാട്ടുന്നത്.
അതിനോട് ഞാനും യോജിക്കുന്നു. അങ്ങ് പറയുന്നതുപോലെ നിരോധനാജ്ഞ പ്രഖ്യാപിച്ചതുകൊണ്ടോ സുരക്ഷാ സൗകര്യം വെട്ടിച്ചുരുക്കിയതു കൊണ്ടോ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളെ തകര്‍ക്കാമെന്ന മൗഢ്യമൊന്നും തനിക്കില്ല.
അമിത്ഷായുടെ യാത്രയെ തടസ്സപ്പെടുത്തണമെന്ന് താന്‍ പറഞ്ഞിട്ടില്ല. പക്ഷെ അമിത്ഷായുടെ യാത്രയ്ക്കു സൗകര്യമൊരുക്കാന്‍ അങ്ങയുടെ സര്‍ക്കാര്‍ കാണിച്ച അമിത ഉത്സാഹമാണ് തന്നെ വല്ലാതെ ആശങ്കപ്പെടുത്തുന്നത്. അമിത്ഷായുടെ യാത്രയ്ക്കുവേണ്ടി എന്തിനായിരുന്നു സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്?
എന്തിനായിരുന്നു ബസ് സ്റ്റാന്റില്‍ നിന്ന് ബസ്സുകളെല്ലാം മാറ്റിക്കൊടുത്തത്? ഇസഡ് പ്ലസ് സുരക്ഷാ കാറ്റഗറിയില്‍ വരുന്നയാളാണ് അമിത്ഷായെങ്കിലും അതിലും എത്രയോ വലിയ സുരക്ഷാ സന്നാഹങ്ങളാണ് താങ്കളുടെ പൊലിസ് ഒരുക്കിയത്?
നൂറുകണക്കിന് പൊലിസുകാരെയാണ് അവിടെ വിന്യസിച്ചിരുന്നത്. അമിത്ഷായുടെ വരവ് പ്രമാണിച്ച് എന്തിനാണ് റോഡുകളെല്ലാം ടാറിട്ട് വെടിപ്പാക്കിക്കൊടുത്തതെന്നും ചെന്നിത്തല ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."