മുരുകന്റെ മരണം: അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് പൂഴ്ത്തി
തിരുവനന്തപുരം: വാഹനാപകടത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശി മുരുകന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് പൂഴ്ത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ അഞ്ചു ആശുപത്രികള്‍ക്കെതിരേയും ഡോക്ടര്‍മാര്‍ക്കെതിരേയും നടപടി ശുപാര്‍ശചെയ്ത റിപ്പോര്‍ട്ടാണ് പൂഴ്ത്തിയത്. ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ.സരിത, മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയരക്ടര്‍ ഡോ. ശ്രീകുമാരി, തിരുവനന്തപുരം ജനറല്‍ ആശുപത്രി അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. വിപിന്‍ എന്നിവരുള്‍പ്പെട്ട അന്വേഷണസമിതി കഴിഞ്ഞ ഓഗസ്റ്റ് 16നാണ് ആരോഗ്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന് റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാരുടെ ഗുരുതരമായ വീഴ്ച ചൂണ്ടിക്കാണിച്ചിട്ടും ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചില്ല. ഡോക്ടര്‍മാരുടെ സംഘടനയുടെ സമര ഭീഷണിയെ തുടര്‍ന്ന് നടപടിയെടുക്കാന്‍ സര്‍ക്കാരും മടിച്ചു.
ഈ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പൊലിസ് നിരവധിതവണ ആരോഗ്യവകുപ്പിനെ സമീപിച്ചെങ്കിലും റിപ്പോര്‍ട്ട് കൈമാറിയില്ല. അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായ സാഹചര്യത്തിലാണ് പൊലിസ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഇതിനിടയില്‍ ആരോപണവിധേയരായ ഡോക്ടര്‍മാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ ഈ മാസം 22ന് കേസ് പരിഗണിക്കുമ്പോള്‍ പൊലിസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കേണ്ടിവരും. ഇതിനായി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന കൊല്ലം റൂറല്‍ എസ്.പി അശോകന്‍ നാലുദിവസം മുന്‍പാണ് ആരോഗ്യ സെക്രട്ടറിക്ക് കത്തുനല്‍കിയത്. പൊലിസിന്റെ തുടരന്വേഷണവും അന്തിമ റിപ്പോര്‍ട്ടും ആരോഗ്യവകുപ്പിന്റെ വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെക്കൂടി പരിഗണിച്ചാകണമെന്നതിനാല്‍ പൊലിസ് അന്വേഷണവും വഴിമുട്ടിയ നിലയിലാണ്.
അതിനിടെ, വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ നര്‍കാനാകില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ സ്വീകരിച്ചുവരുന്ന നടപടിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിശദീകരണം. സ്വകാര്യ ആശുപത്രികള്‍കൂടി പ്രതിസ്ഥാനത്തുള്ള കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് എന്തിന് ഒളിച്ചുവയ്ക്കുന്നുവെന്നതും സംശയകരമാണ്. അതേസമയം, അന്വേഷണ റിപ്പോര്‍ട്ട് പൊലിസിന് കൈമാറാന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന് നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."