24 മണിക്കൂറിനിടെ അസം മെഡിക്കല്‍ കോളജില്‍ മരിച്ചത് എട്ടു ശിശുക്കള്‍
ഗുവാഹത്തി: 24 മണിക്കൂറിനിടെ അസം മെഡിക്കല്‍ കോളജില്‍ എട്ടു നവജാത ശിശുക്കള്‍ മരിച്ചു. ബാര്‍പെട്ട ജില്ലയിലെ ഫക്രുദ്ദീന്‍ അലി അഹമദ് മെഡിക്കല്‍ കോളജിലാണ് സംഭവം. അഞ്ചു ശിശുക്കള്‍ ബുധനാഴ്ച രാത്രിയും മൂന്ന് പേര്‍ വ്യാഴാഴ്ചയുമാണ് മരിച്ചത്. യു.പിയിലെ ഗൊരഖ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ അറുപതിലേറെ കുട്ടികള്‍ മരിച്ചതിനു പിന്നാലെയാണ് അസമിലും ശിശുക്കള്‍ മരിക്കുന്നത്.
എന്നാല്‍ ആശുപത്രിയുടെ ഭാഗത്തു നിന്നുള്ള വീഴ്ചയെ അധികൃതര്‍ തള്ളി.ശിശുക്കളുടെ മരണത്തില്‍ ആശുപത്രിയുടെ ഭാഗത്തു നിന്ന് വീഴചയുണ്ടായിട്ടില്ലെന്ന് ആശുപത്രി സുപ്രണ്ട് ദിലീപ് കുമാര്‍ ദത്ത പറഞ്ഞു.
ജനിച്ചപ്പോള്‍ തന്നെയുള്ള ശിശുക്കളുടെ പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചത്. അമ്മമാരുടെ ആരോഗ്യ പ്രശ്‌നങ്ങളും മരണത്തിന് കാരണമായിരുന്നു. ദിനംപ്രതി ഒന്നോ രണ്ടോ ശിശുക്കള്‍ മെഡിക്കല്‍ കോളജില്‍ മരിക്കുന്നുണ്ട്. മരണ സംഖ്യ വര്‍ധിച്ചത് തികച്ചും യാദൃശ്ചികമാണെന്ന് അദ്ദേഹം ന്യായീകരിച്ചു.
ആശുപത്രിയിലെ നവജാത ശിശുക്കള്‍ക്കായുള്ള അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടികളാണ് മരിച്ചത്. രണ്ടു ദിവസത്തിലധികം പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായി കഴിവിന്റെ പരമാവധി ശ്രമിച്ചെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മൂന്നില്‍ കൂടുതല്‍ ശിശുക്കള്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ആശുപത്രി അധികൃതരുടെ വാദത്തെ ജനങ്ങള്‍ തള്ളിയിട്ടുണ്ട്. ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്നാണ് ഇവരുട ആരോപണം.
ശിശുമരണ നിരക്കില്‍ രാജ്യത്ത് ഏറ്റവും മുന്നിലുള്ള സംസ്ഥാനമാണ് അസം. 1000 കുട്ടികള്‍ ജനിക്കുമ്പോള്‍ 44 പേര്‍ ഇവിടെ മരിക്കുന്നുണ്ടെന്ന് 2016ല്‍ ദേശീയ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 47 കുട്ടികള്‍ മരിക്കുന്ന മധ്യപ്രദേശാണ് ഇക്കാര്യത്തില്‍ ഒന്നാമത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."