നിരാശയോടെ അരങ്ങേറി; ഇന്ത്യ 0-3ന് അമേരിക്കയോട് പരാജയപ്പെട്ടു
ന്യൂഡല്‍ഹി: ലോകകപ്പിലെ അരങ്ങേറ്റ മത്സരം വിജയത്തോടെ തുടങ്ങാമെന്ന ഇന്ത്യയുടെ മോഹം അമേരിക്ക തകര്‍ത്തു. ചരിത്രത്തിലാദ്യമായി ലോകകപ്പിന് ആതിഥേയത്വം വഹിച്ച് അതുവഴി ലോക മാമാങ്കത്തില്‍ പന്ത് തട്ടാനിറങ്ങിയ ഇന്ത്യയുടെ കൗമാരപ്പട അമേരിക്കയുടെ പരിചയ സമ്പത്തിന് മുന്നില്‍ പൊരുതി വീണു.
മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയമേറ്റു വാങ്ങിയത്. എങ്കിലും മലയാളി താരം രാഹുലടക്കമുള്ള ഇന്ത്യയുടെ വളര്‍ന്നുവരുന്ന താരങ്ങള്‍ ചരിത്രത്തിലേക്ക് തങ്ങളുടെ കൈയൊപ്പ് ചാര്‍ത്തിയാണ് സ്റ്റേഡിയം വിട്ടത്. ലോകകപ്പ് ഫുട്ബോളില്‍ ആദ്യമായി പന്ത് തട്ടിയ ഇന്ത്യന്‍ ടീമെന്ന ഖ്യാതി ഇനി ഇവര്‍ക്ക് സ്വന്തം.
30ാം മിനുട്ടില്‍ ജോഷ് സാര്‍ജന്റ്, 51ാം മിനുട്ടില്‍ ക്രിസ് ഡര്ക്കിന്, 84ാം മിനുട്ടില്‍ ആന്‍ഡ്രു കാര്ലെടന് എന്നിവരാണ് അമേരിക്കക്കായി വല ചലിപ്പിച്ചത്.
ഇരമ്പിക്കയറിയ ആക്രമണം
മത്സരത്തിന്റെ തുടക്കം മുതല്‍ അമേരിക്ക അക്രമിച്ചു മുന്നേറി. കളിയുടെ അഞ്ചാം മിനുട്ടില്‍ തന്നെ അവരുടെ ഗോള്‍ ശ്രമം. എന്നാല്‍ ഗോള്‍ കീപ്പര്‍ ധീരജ് സിങിന്റെ ഇടപെടല്‍ ശ്രമം വിഫലമാക്കി. 19ാം മിനുട്ടില്‍ യു.എസ്.എയുടെ ഗോള്‍ ശ്രമം വീണ്ടും. ഇത്തവണ പക്ഷേ മലയാളി താരം രാഹുലിന്റെ ബുദ്ധിപരമായ ഇടപെടലിലൂടെ ഇന്ത്യ കോര്‍ണര്‍ വഴങ്ങി. 25ാം മിനുട്ടില്‍ ഇന്ത്യയുടെ മുന്നേറ്റം കണ്ടു. അനികേതിന്റെ ആക്രമണം യു.എസ്.എ പ്രതിരോധം സമര്‍ഥമായി തന്നെ തടഞ്ഞു. 29ാം മിനുട്ടില്‍ അമേരിക്ക ആദ്യ ഗോള്‍ നേടി ലീഡെടുത്തു.
ഇന്ത്യയുടെ ജിതേന്ദ്ര സിങ് അമേരിക്കന്‍ താരത്തെ ബോക്സില്‍ ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി വിധിച്ചു. ജോഷ് സാര്‍ജന്റിന്റെ കിക്ക് നേരെ വലയില്‍. ഗോള്‍ വഴങ്ങിയതിന് പിന്നാലെ അനികേതിന്റെ മറ്റൊരു മുന്നേറ്റം. ഒറ്റയ്ക്കുള്ള കുതിപ്പ് പക്ഷേ ലക്ഷ്യത്തിലെത്തിയില്ല. ആദ്യ പകുതിക്ക് തൊട്ട്മുന്‍പ് കോമള്‍ തട്ടാലിന്റെ മനോഹരമായ മുന്നേറ്റം. എന്നാല്‍ കണക്ട് ചെയ്യുന്നതില്‍ അനികേത് പരാജയപ്പെട്ടത് തിരിച്ചടിയായി.
രണ്ടാം പകുതിയുടെ തുടക്കം മുതല്‍ അമേരിക്ക ആക്രമണം കടുപ്പിച്ചു. തുടരന് ആക്രമണങ്ങള്‍ യു.എസ്.എ നടത്തിയപ്പോള്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ധീരജിന്റെ സമര്‍ഥമായ ഇടപെടല്‍ ടീമിന്റെ രക്ഷക്കെത്തി. 51ാം മിനുട്ടില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്ന് ഡര്ക്കിന് അമേരിക്കയ്ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചു.
പിന്നാലെ കോമള്‍ തട്ടാലിന്റെ ഗോള്‍ ശ്രമം പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോയത് ഇന്ത്യക്ക് നിരാശയായി. 84ാം മിനുട്ടില്‍ സുരേഷ് സിങ് ഇന്ത്യക്കായി വല ചലിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതും ലക്ഷ്യം കണ്ടില്ല.
കൗണ്ടര്‍ അറ്റാക്കിലൂടെ തൊട്ടുപിന്നാലെ യു.എസ്.എയുടെ മൂന്നാം ഗോള്‍. കാര്ലെടനാണ് ധീരജ് സിങിനെ നിഷ്പ്രഭനാക്കി പന്ത് വലയിലാക്കിയത്. അവസാന നിമിഷങ്ങളിലും ഇന്ത്യയുടെ ഗോള്‍ ശ്രമം കണ്ടെങ്കിലും താരങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിലെ പാളിച്ച ആശ്വാസ ഗോളിന്റെ സാധ്യതകളും ഇല്ലാതാക്കി.
ഇന്ത്യ ഗോള്‍ ലക്ഷ്യമിട്ട് ഒന്‍പത് ഷോട്ടുകള്‍ തൊടുത്തപ്പോള്‍ അമേരിക്ക 20 എണ്ണമാണ് ലക്ഷ്യം വച്ചത്. ഇന്ത്യ മികച്ച സാധ്യത തുറന്നെടുത്തത് ഒരു ശ്രമത്തിലാണെങ്കില്‍ അമേരിക്ക എട്ടെണ്ണം കണ്ടെത്തി. ഇതില്‍ മൂന്നെണ്ണം വലയിലാക്കി.
ഇന്ത്യയെ ചിത്രത്തില്‍ നിന്ന് തന്നെ മായ്ച്ചുകളഞ്ഞ് അമേരിക്ക ലോകകപ്പിലെ പോരാട്ടങ്ങള്‍ക്ക് സുരക്ഷിത വിജയത്തിലൂടെ തുടക്കമിട്ടു. അടുത്ത മത്സരത്തില്‍ ഇന്ത്യ- കൊളംബിയയുമായും അമേരിക്ക- ഘാനയുമായും ഏറ്റുമുട്ടും.
ഇന്ത്യ ആദ്യ ഇലവന്: ധീരജ് സിങ് (ഗോള്‍ കീപ്പര്‍), രാഹുല്‍ കെ.പി, അന്‍വര്‍ അലി, ജിതേന്ദ്ര സിങ്, സുരേഷ് സിങ്, സഞ്ജീവ് സ്റ്റാലിന്, അമര്‍ജിത് സിങ്, കോമള്‍ തട്ടാല്‍, അഭിജിത് സര്‍കാര്‍, നിന്തോയ്ഗന്ബ, അനികേത് ജാദവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."