കൊച്ചിയിലെ ആവേശത്തിന് ഇന്ന് തിരിതെളിയും
കൊച്ചി: ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ആവേശപ്പോരാട്ടത്തിന് കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കം. ലോക ഫുട്ബോളിലെ വന്‍ ശക്തികളായ ബ്രസീലും സ്പെയിനും തമ്മിലുള്ള പോരാട്ടമാണ് ഇന്നത്തെ ഹൈലൈറ്റ്.
2003ലെ അണ്ടര്‍ 17 ലോകകപ്പ് ഫൈനലില്‍ മുഖാമുഖം കണ്ട ബ്രസീലും സ്പെയിനും കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് ഡിയിലെ മേല്‍ക്കൈയ്ക്കായി പൊരുതുമ്പോള്‍ കൊച്ചിയും ചരിത്രത്തിന്റെ ഭാഗമാകും. ഇന്ന് വൈകിട്ട് അഞ്ചിനാണ് ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ സൗന്ദര്യമായ ബ്രസീലും സ്പാനിഷ് പടയും തമ്മിലുള്ള പോരാട്ടം.
ആദ്യ റൗണ്ട് മത്സരങ്ങളില്‍ കൊച്ചിയെ ഏറെ ശ്രദ്ധയേമാക്കുന്നതും ലോകം ഉറ്റുനോക്കുന്ന ബ്രസീല്‍, സ്പെയിന്,ജര്‍മ്മനി എന്നിവരുടെ മത്സരങ്ങള്‍ തന്നെ. ലോകത്ത് ഏറ്റവും കൂടുതല്‍ ഇഷ്ടക്കാരുള്ള ടീമുകള്‍ക്ക് കേരളത്തിലും വലിയ സ്വീകാര്യതയാണ്. അതുകൊണ്ട് തന്നെ ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റഴിച്ചിരുന്നു.
കൊച്ചിയിലെ കാണികളുടെ എണ്ണം വെട്ടി കുറച്ചതോടെ ഏറെ പേരും പ്രധാന മത്സരങ്ങള്‍ക്ക് ടിക്കറ്റ് ലഭിക്കാതെ നിരാശയോടെ മടങ്ങേണ്ടി വന്നിരിക്കുകയാണ്.
ഏഷ്യന്‍ തരംഗമായ ഉത്തര കൊറിയയും ആഫ്രിക്കന്‍ ഫുട്ബോളില്‍ നിന്ന് എത്തുന്ന നവാഗതരായ നൈജറും തമ്മിലുള്ള പോരാട്ടത്തിന് രാത്രി എട്ട് മണിക്ക് കൊച്ചി സാക്ഷിയാകും. കൊച്ചിയിലെ പോരാട്ടങ്ങള്‍ ഇരുന്നൂറിലേറെ രാജ്യങ്ങളിലേക്ക് ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യപ്പെടുന്നതോടെ കൊച്ചി ലോക കായിക വേദിയെന്ന നിലയില്‍ ശ്രദ്ധേയമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."