സ്ത്രീകളുടെ മുടി മുറിച്ചെന്നാരോപിച്ച് കശ്മിരില്‍ എഴുപതുകാരനെ കല്ലെറിഞ്ഞ് കൊന്നു
ശ്രീനഗര്‍: സ്ത്രീകളുടെ മുടി മുറിച്ചുനീക്കുന്ന ആളാണെന്ന് ആരോപിച്ച് കശ്മിരില്‍ എഴുപതുകാരനെ കല്ലെറിഞ്ഞു കൊന്നു. അനന്ത്നാഗ് ജില്ലയിലെ ദാന്തര്‍ ഗ്രാമവാസിയായ അബ്ദുള്‍ സലാം വാനിയാണ് കൊല്ലപ്പെട്ടത്. വെള്ളിഴായ്ച്ച രാത്രിയില്‍ പള്ളിയില്‍ നിന്നും മടങ്ങവേയാണ് ഇയാള്‍ക്ക് നേരെ ആക്രമണമുണ്ടായത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദുരൂഹസാഹചര്യത്തില്‍ പ്രദേശത്തെ ചില സ്ത്രീകളുടെ മുടി മുറിച്ചുനീക്കിയതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിനു പിന്നില്‍ അബ്ദുള്‍ സലാം വാനിയാണെന്ന് ആരോപിച്ചാണ് ഇയാള്‍ക്കുനേരെ ആക്രമണം നടത്തിയത്.
എന്നാല്‍ ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സംഭവത്തെകുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കി.
കല്ലേറില്‍ ഗുരുതരമായി പരുക്കേറ്റ വാനിയെ ആശുപത്രിയില്‍ കൊണ്ടുപോകുംവഴിയാണ് മരണപ്പെട്ടതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഈ വിവരം പൊലിസില്‍ അറിയിക്കാത്തതെന്നു ചോദിച്ചപ്പോള്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നും അതിനാലാണ് പൊലിസില്‍ അറിയിക്കാഞ്ഞതെന്നുമായിരുന്നു മറുപടി.
ദുരൂഹസാഹചര്യത്തില്‍ സ്ത്രീകളുടെ മുടി മുറിക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ചുദിവസങ്ങളായി ഗ്രാമവാസികള്‍ ഭയപ്പാടിലായിരുന്നു.
സ്ത്രീകളുടെ മുടി മുറിച്ചതായി ആരോപിച്ച് അടുത്തിടെ സ്ത്രീവേഷം കെട്ടിവന്ന ഭിന്നലിംഗക്കാരിയെ ജനക്കൂട്ടം ആക്രമിച്ചിരുന്നു. ഇവരെ പൊലിസുകാരെത്തിയാണ് രക്ഷിച്ചത്.
ഇതേ ആരോപണമുന്നയിച്ച് സമാനരീതിയില്‍ രണ്ട് പേര്‍കൂടി താഴ്വരയില് ആക്രമിക്കപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."