ഭീകരവാദത്തിനു താക്കീതുമായി ട്രംപ് ഭരണകൂടത്തിലെ ഉന്നതർ പാകിസ്താനിലേക്ക്
വാഷിങ്ടണ്‍: ഭീകരവാദത്തിന്റെ പേരില്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടും കാര്യമില്ലെന്ന് കണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ഭരണകൂടത്തിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ പാകിസ്താനിലേക്ക് അയക്കാനൊരുങ്ങുന്നു.
ട്രംപിന്റെ സന്ദേശവുമായി പ്രസിഡന്റിന്റെ നയതന്ത്ര, സൈനിക ഉപദേശകര്‍ കൂടിയായ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് എന്നിവരാണ് ഈ മാസമൊടുവില്‍ പാകിസ്താന്‍ സന്ദര്‍ശിക്കുക. യു.എസിന്റെ ആശങ്കയും സന്ദേശവും പാകിസ്താനെ നേരിട്ടറിയിക്കുക എന്നതാണ് ഇവരുടെ സന്ദര്‍ശനലക്ഷ്യം.
പാക് പ്രധാനമന്ത്രി, സൈനിക മേധാവി ഉള്‍പ്പെടെയുള്ളവരുമായി ഇരുവരും കൂടിക്കാഴ്ച നടത്തും.
അതിര്‍ത്തികടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുകയും ചെയ്യുന്ന പാകിസ്താന്റൈ നടപടിയില്‍ അമേരിക്കയ്ക്ക് കടുത്ത അതൃപ്തിയാണ് ഉള്ളത്. ഭീകരതയെ അനുകൂലിക്കുന്ന ശൈലി മാറ്റിയില്ലെങ്കില്‍ പാകിസ്താനെതിരെ വേണ്ടത് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ജിം മാറ്റിസ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞമാസം ട്രംപ് ഉന്നയിച്ച രൂക്ഷ വിമര്‍ശത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചു. ദീര്‍ഘകാലമായി യു.എസ് കാട്ടിയ സൗമനസ്യം ഇനിയില്ലെന്നും ഉഭയകക്ഷി ബന്ധം പഴയപോലെ തുടരില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. മുന്നറിയിപ്പുകള്‍ ആവര്‍ത്തിച്ചിട്ടും അനുകൂല പ്രതികരണങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് രണ്ട് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് അയക്കാന്‍ ട്രംപ് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."