പ്രധാനമന്ത്രിയെ വിവാഹം കഴിക്കണം; ഡല്‍ഹിയില്‍ 40 കാരിയുടെ സമരം
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു സമരമാണ് നടക്കുന്നത്. സമരത്തിന് ആധാരമായ ആവശ്യം ചെറുതല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം കഴിക്കണമെന്നതാണ് ആവശ്യം. രാജസ്ഥാന്‍ സ്വദേശിനിയായ 40 കാരിയാണ് ഈ ആവശ്യം ഉന്നയിച്ച് സമരം നടത്തുന്നത്. ജയ്പൂരിലെ ഓം ശാന്തി ശര്‍മ ജന്തര്‍ മന്ദിറിനു മുന്‍പില്‍ കഴിഞ്ഞ ഒരു മാസത്തോളമായി സമരം നടത്തുകയാണ്. സെപ്റ്റംബര്‍ എട്ടുമുതലാണ് ഓം ശാന്തി സമരം ആരംഭിച്ചത്. എന്നാല്‍ ഇവരുടെ ആവശ്യം ബാലിശമെന്നും തലക്ക് വെളിവില്ലാത്തതുമാണെന്ന ആരോപണം ഉയര്‍ന്നതോടെ തന്റെ മാനസികനിലയ്ക്ക് ഒരുതരത്തിലുള്ള തകരാറുമില്ലെന്ന് ശാന്തി പറയുന്നു.
'എനിക്കറിയാം മോദിയെ കാണാന്‍ ജനങ്ങള്‍ എന്നെ അനുവദിക്കില്ല; എങ്കിലും അദ്ദേഹത്തിന്റെ ആവശ്യം എനിക്കറിയാം, തന്നെ പോലെ അദ്ദേഹവും ഒറ്റയ്ക്കാണ്. അദ്ദേഹത്തിന് ഒരുപാട് ജോലികള്‍ ചെയ്യാനുമുണ്ട്'- പ്രധാനമന്ത്രിയെ വിവാഹം ചെയ്യാനുള്ള കാരണത്തെ കുറിച്ച് ഓം ശാന്തി പറയുന്നത് ഇങ്ങനെയാണ്.
എനിക്ക് മോദിജിയോട് ബഹുമാനമാണ്. മുതിര്‍ന്നവരെ ബഹുമാനിക്കാനും അവരെ ജോലികളില്‍ സഹായിക്കാനും നമ്മുടെ സംസ്‌കാരം ചെറുപ്പം മുതല്‍ പഠിപ്പിക്കുന്നുണ്ട്. എന്നെക്കൊണ്ടാവുന്നത് ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
വിവാഹമോചിതയായ ഓംശാന്തിക്ക് ആദ്യവിവാഹത്തില്‍ ഇരുപതുകാരിയായ ഒരു മകളുണ്ട്. നല്ല സാമ്പത്തിക സ്ഥിതിയാണ് തന്റേതെന്നും അവര്‍ അവകാശപ്പെടുന്നു. ജയ്പൂരില്‍ ധാരാളം കൃഷി സ്ഥലമുണ്ട്. ഇഷ്ടംപോലെ പണവുമുണ്ട്. അവയില്‍ കുറച്ച് വിറ്റ് മോദിക്ക് സമ്മാനം വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ഓം ശാന്തി പറഞ്ഞു.
ജന്തര്‍ മന്ദിറില്‍നിന്ന് മറ്റൊരിടത്തേക്ക് സമരം മാറ്റണമെന്ന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദേശത്തില്‍ ശാന്തി ആശങ്ക രേഖപ്പെടുത്തുന്നുണ്ടെങ്കിലും, പ്രധാനമന്ത്രി തന്നെക്കാണാന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് അവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."