കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷനില്‍ വിഭാഗീയത രൂക്ഷം
കൊച്ചി: ഐ.എന്‍.ടി.യു.സിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷനില്‍ വിഭാഗീയത രൂക്ഷം.
മുന്‍ എം.പി കെ.പി ധനപാലന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം പത്തിന് എറണാകുളത്ത് സംസ്ഥാനസമ്മേളനം നടത്താന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കെ സജീവ് ജനാര്‍ദ്ദനന്റെ നേതൃത്വത്തിലുള്ള മറുപക്ഷമാണ് സമ്മേളനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കോടതിയില്‍ നിന്ന് ഉത്തരവ് സമ്പാദിച്ച് രംഗത്ത് വന്നിരിക്കുന്നത്.
10,11,12 തിയതികളിലായി നടക്കുന്ന സമ്മേളനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെകൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനായിരുന്നു തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എം ഹസന്‍, ആര്യാടന്‍ മുഹമ്മദ്, കെ.മുരളീധരന്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുമെന്ന് നോട്ടിസും പുറത്തിറക്കിയിരുന്നു. 14 വര്‍ഷത്തിനുശേഷമാണ് ഇത്തരമൊരുസമ്മേളനം നടത്തുന്നതെന്നും വിവിധ ഗ്രൂപ്പില്‍പെട്ടവരെ യോജിച്ച് നിര്‍ത്താന്‍ സാധിച്ചെന്നുമായിരുന്നു ഇവരുടെ അവകാശവാദം.
എന്നാല്‍ ധനപാലന്റെ നേതൃത്വത്തിലുള്ള വിഭാഗം യു.ഡി.എഫ് ആണെന്നും ഇവര്‍ക്ക് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ സമ്മേളനം നടത്താനോ പണപ്പിരിവ് നടത്താനോ അര്‍ഹതയില്ലെന്നുമാണ് സജീവ് ജനാര്‍ദ്ദനന്‍ വിഭാഗത്തിന്റെ വാദം. കോണ്‍ഫെഡറേഷന്റെ പേരില്‍ പ്രചാരണമോ പണപ്പിരിവടക്കമുള്ള ഇതര പരിപാടികളോ വിലക്കിക്കൊണ്ടാണ് കോടതി ഉത്തരവെന്നും അവര്‍ ചൂണ്ടിക്കാട്ടി. എസ്.ബി.ഐ ചിറ്റൂര്‍ ശാഖയില്‍ ഉള്ള ബാങ്ക് അക്കൗണ്ടില്‍ നിന്നും യു.ഡി.ഇ.ഇ.എഫിന്റെ ഭാരവാഹികള്‍ പണം പിന്‍വലിക്കുന്നത് കോടതി തടഞ്ഞിട്ടുണ്ടെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എന്നാല്‍ സമ്മേളനത്തിനുമുന്‍പ് തന്നെ തങ്ങള്‍ക്ക് അനുകൂലമായ കോടതിവിധിയുണ്ടാകുമെന്നും സമ്മേളനം മുന്‍നിശ്ചയിച്ചപ്രകാരം നടക്കുമെന്നും ധനപാലന്‍ പക്ഷവും മറ്റൊരു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."