ജി.എസ്.ടി കേന്ദ്രസര്‍ക്കാര്‍ വേണ്ടത്ര തയാറെടുപ്പുകള്‍ നടത്തിയില്ലെന്ന് മന്ത്രി തോമസ് ഐസക്ക്
ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ വേണ്ടത്ര തയാറെടുപ്പുകള്‍ നടത്തിയിരുന്നില്ലെന്നും സംവിധാനങ്ങള്‍ അപൂര്‍ണമായതിനാലാണ് താല്‍ക്കാലികമായി പുറകോട്ട് പോയതെന്നും മന്ത്രി ഡോ.ടി.എം തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ മുഴുവന്‍ ചെറുകിട വ്യാപാരികള്‍ക്കും ജി.എസ്.ടി അക്കൗണ്ടിങ് സോഫ്റ്റ്‌വെയര്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. മുഴുവന്‍ സര്‍ക്കിള്‍ ഓഫിസുകളിലും ജി.എസ്.ടി ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിക്കും. നിലവില്‍ ജില്ലാ തലത്തിലാണ് ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുന്നത്.നിശ്ചിത സമയങ്ങളില്‍ സീനിയര്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ജി.എസ്.ടി കൗണ്‍സില്‍ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ജൂലൈയിലെ ജി.എസ്.ടി അപാകതകള്‍ക്ക് ശിക്ഷയുണ്ടായിരിക്കില്ല. ഓഗസ്റ്റിലെ നികുതിയിലെ അപാകതകളില്‍ എന്ത് വേണമെന്ന് നോക്കി തീരുമാനിക്കും.ജി.എസ്.ടി നിലവില്‍ വന്ന ശേഷം എം.ആര്‍ പിയില്‍ കുറവ് വരുത്താത്ത വസ്തുക്കളുടെ പട്ടിക തയാറാക്കി നടപടിക്കായി അയക്കുമെന്ന് മന്ത്രി പറഞ്ഞു.
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുക വഴി 1500 കോടിയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടാകും. ജി.എസ്.ടി നടപ്പിലായ ശേഷം പ്രതിമാസം 800 കോടിയുടെ നഷ്ടം സംസ്ഥാനത്തിനുണ്ട്.
പെട്രോളിയം ഉല്‍പന്നങ്ങളുടെ സംസ്ഥാന നികുതി ഒഴിവാക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് കേന്ദ്രം നികുതി വര്‍ധിപ്പിക്കുകയും സംസ്ഥാനം അതിന്റെ ഭാരം വഹിക്കുകയും ചെയ്യുകയെന്ന ഏര്‍പ്പാട് അംഗീകരിക്കാനാകില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ 200 കോഴി ഫാമുകള്‍ സംസ്ഥാനത്ത് അടിയന്തരമായി പ്രവര്‍ത്തനമാരംഭിക്കും.
ഇതോടെ കോഴി വില ഗണ്യമായി കുറച്ചുകൊണ്ടുവരാന്‍ കഴിയും. ഗുണമേന്മയുള്ള കോഴിക്കുഞ്ഞുങ്ങളെ ലഭ്യമാക്കാന്‍ നിലവിലെ ഈ മേഖലയിലെ കുത്തകകളായ സ്വകാര്യ കമ്പനിയെ ആശ്രയിക്കാതെ നിവൃത്തിയില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."