ജനരക്ഷായാത്രയിലും കൊലവിളി മുദ്രാവാക്യം; പരാതിയുമായി സി.പി.എം
കണ്ണൂര്‍: സി.പി.എം അക്രമങ്ങള്‍ക്കെതിരേ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയിലും 'കൊലവിളി' മുദ്രാവാക്യം. യാത്ര പാനൂര്‍, കൂത്തുപറമ്പ് വഴി കടന്നുപോയപ്പോയപ്പോഴാണ് സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ ഭീഷണി മുഴക്കികൊണ്ട് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്. 'ഒറ്റക്കയ്യന്‍ ജയരാജാ, മറ്റേ കൈയും കാണില്ല...' എന്നു തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യമാണ് പ്രവര്‍ത്തകര്‍ മുഴക്കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ആര്‍.എസ്.എസ് ആക്രമത്തില്‍ പി ജയരാജന് ഗുരുതരമായി പരുക്കേറ്റതിനാല്‍ വലതുകൈയ്ക്ക് സ്വാധീനം കുറവാണ്. ഈ സാഹചര്യത്തിലാണ് ജാഥയില്‍ 'ഒറ്റക്കയ്യന്‍' പരാമര്‍ശനം ഉയര്‍ന്നത്. പ്രവര്‍ത്തകര്‍ ഇത്തരം പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുകൊണ്ട് ജനരക്ഷായാത്രയില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യം ബി.ജെ.പി നേതാവ് വി മുരളീധരന്‍ സ്വന്തം ഫേസ്ബുക്കില്‍ വീഡിയോ സഹിതം പോസ്റ്റു ചെയ്യുകയും ചെയ്തു. സി.പി.എം ഏകപക്ഷീയമായി അക്രമവും കൊലയും നടത്തുന്നുവെന്നാരോപിച്ച് ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ബി.ജെ.പി ജനരക്ഷായാത്ര നടത്തുമ്പോള്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് മുതിര്‍ന്ന നേതാവ് തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് പാര്‍ട്ടിക്കും ക്ഷീണമായിട്ടുണ്ട്.
പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പൊലിസ് നടപടിയെടുക്കണമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആവശ്യപ്പെട്ടു. ഇത്തരം ഭീഷണികള്‍ മുഴക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ ബി.ജെ.പി നേതാക്കള്‍ തന്നെ പ്രചരിപ്പിക്കുന്നതോടെ ആരാണ് അക്രമത്തിന് പ്രോത്സാഹനം നല്‍കുന്നതെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം വീഡിയോ വ്യാജമാണെന്നും ജനരക്ഷായാത്രയില്‍ ഇത്തരം പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ആരും വിളിച്ചിട്ടില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."