ഷിപ്പ് യാര്‍ഡിലെ സ്ക്രാപ്പ് അഴിമതി ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കെന്നു സൂചന; ഇന്നലെയും റെയ്ഡ്
കൊച്ചി: കൊച്ചിന് ഷിപ്പ് യാര്‍ഡിലെ സ്ക്രാപ്പ് വില്പനയില് നടന്ന അഴിമതിയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി സംശയം. സ്ക്രാപ്പ് കടത്തിയതില്‍ ഷിപ്പ് യാര്‍ഡിലെ മറ്റുചില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൂടി പങ്കുള്ളതായാണ് സി.ബി.ഐ കരുതുന്നത്. കേസില്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത വേറെയും പ്രതികളുണ്ടെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എന്‍ അജിത്കുമാറിന് ഒറ്റക്ക് ഇത്ര വലിയ ക്രമക്കേട് നടത്താന്‍ കഴിയില്ലെന്നാണ് സി.ബി.ഐയുടെ വിലയിരുത്തല്‍. ടെണ്ടര്‍ വിളിക്കാതെ സ്ക്രാപ്പ് കടത്തുന്നതിന് കരാര്‍ നല്‍കാനും ഒന്നര ലക്ഷം രൂപയുടെ കരാര്‍ എടുത്തയാള്‍ക്ക് 20 ലക്ഷത്തിലധികം രൂപയുടെ സ്ക്രാപ്പ് കടത്തിക്കൊണ്ടുപോകാനും മുകളില്‍ നിന്നുള്ള ഒത്താശ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ നടത്തുന്ന പരിശോധന ഇന്നലെയും തുടര്‍ന്നു. കരാറുകാരനായ സൗത്ത് ഇന്ത്യന്‍ സ്ക്രാപ്പ് ട്രേഡേഴ്സ് ഉടമ പി.എ മുഹമ്മദാലിയുടെ വെണ്ണലയിലെ ഗോഡൗണിലാണ് പരിശോധന നടന്നത്. സി.ബി.ഐ ഡി.വൈ.എസ്.പി ദേവരാജന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ജൂണ്‍ മാസമാണ് ഷിപ്പ് യാര്‍ഡില്‍ നിന്നുള്ള സ്ക്രാപ്പ് കടത്ത് സംബന്ധിച്ച് സി.ബി.ഐക്ക് രഹസ്യവിവരം ലഭിക്കുന്നത്. സ്ക്രാപ്പ് കടത്തിക്കൊണ്ടുപോയ ലോറികളിലൊന്ന് ഇരുമ്പനത്ത് വച്ച് സി.ബി.ഐ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. തുടര്‍ന്ന് ഇതിന് പിന്നിലെ ക്രമക്കേടിനെക്കുറിച്ച് പ്രാഥമികാന്വേഷണം നടത്തിയ ശേഷം കഴിഞ്ഞ മാസം 23നാണ് സി.ബി.ഐ സ്പെഷല്‍ കോടതിയില്‍ എഫ്.ഐ.ആര് സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."