ഹജ്ജ് നയം: നിര്‍ദേശങ്ങള്‍ കേരളത്തിന് തിരിച്ചടി
കൊണ്ടോട്ടി: കേന്ദ്രം പുതുതായി അവതരിപ്പിച്ച ഹജ്ജ് നയം നടപ്പാക്കുന്നത് കേരളത്തില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് തിരിച്ചടിയാകും. 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ക്കും നേരിട്ട് അവസരം ലഭിച്ചിരുന്നത് പൂര്‍ണമായും എടുത്തുകളയണമെന്നാണ് പുതിയ ഹജ്ജ് നയത്തില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ ഈ രണ്ടു കാറ്റഗറിയിലും കൂടുതല്‍ തീര്‍ഥാടകര്‍ക്ക് അവസരം കൈവരുന്നത് കേരളത്തില്‍നിന്നാണ്. രണ്ടാം സ്ഥാനത്ത് ഗുജറാത്തും.
ഇക്കഴിഞ്ഞ തീര്‍ഥാടനത്തിന് തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാരായി 9,090 പേര്‍ക്കും 70 വയസിന് മുകളിലുള്ള 1740 പേര്‍ക്കുമാണ് കേരളത്തില്‍നിന്ന് അവസരം കൈവന്നത്. അടുത്ത വര്‍ഷം കേരളത്തില്‍നിന്ന് തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാരായി അപേക്ഷ സമര്‍പ്പിക്കാനിരിക്കുന്നത് 14,391 പേരാണ്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഹജ്ജിന് അപേക്ഷിക്കുന്നത് കേരളത്തില്‍നിന്നാണ്. എന്നാല്‍, മുസ്‌ലിം ജനസംഖ്യാനുപാതത്തില്‍ ക്വാട്ട വീതിക്കുന്നതിനാല്‍ 6000 സീറ്റുകള്‍ മാത്രമാണ് ലഭിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷകര്‍ തന്നെ 96,000 പേരാണ്. തുടര്‍ച്ചയായി അപേക്ഷിക്കുന്നവര്‍ക്ക് നേരിട്ട് അവസരം കൈവരുമെന്നതിനാല്‍ ഹജ്ജ് ക്വാട്ടയില്‍ വര്‍ധനവുണ്ടാകുന്നതാണ് പുതിയ ഹജ്ജ് നയം വഴി ഇല്ലാതാവുക.
സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് 25 ശതമാനം നല്‍കിയിരുന്ന ക്വാട്ട 30 ആക്കി വര്‍ധിപ്പിക്കുന്നതും അപേക്ഷകര്‍ കൂടുതലുള്ള കേരളത്തിന് തിരിച്ചടിയാവും. പുതിയ ഹജ്ജ് നയത്തില്‍ സംശയങ്ങളും അവ്യക്തതകളുമേറെയാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി കേരളത്തില്‍ കൊച്ചിയാണ് പറഞ്ഞിരിക്കുന്നത്. മലബാറില്‍നിന്നാണ് ഹജ്ജിന് കൂടുതല്‍ പേര്‍ എന്നതിനാല്‍ യാത്രക്ക് എളുപ്പം കരിപ്പൂരാണ്.
കരിപ്പൂരില്‍നിന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുമെന്ന് ഡി.ജി.സി.എ അറിയിച്ചിട്ടുണ്ട്. എന്നാല്‍, കൊച്ചി തുറമുഖം എന്ന നിലക്കാണോ ഉള്‍പ്പെടുത്തിയതെന്ന് സംശയം നിലനില്‍ക്കുന്നുണ്ട്. ശുപാര്‍ശ പ്രകാരമുള്ള ഇന്ത്യയിലെ 9 ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ കൊച്ചി ഒഴികെ ഹജ്ജ് ഹൗസ് നിലവിലുണ്ട്. എന്നാല്‍, 9 ഇടങ്ങളിലും പുതിയ ഹജ്ജ് ഹൗസ് നിര്‍മിക്കാനാണ് നിര്‍ദേശം.
45 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് മെഹറം നിര്‍ബന്ധമില്ലെന്നാണ് മറ്റൊരു ശുപാര്‍ശ. 4 സ്ത്രീകള്‍ക്ക് വരെ ഒരു കവറില്‍ യാത്രക്ക് അനുമതിയും നല്‍കുന്നുണ്ട്. എന്നാല്‍, ഒരു കവറില്‍ അഞ്ച് പേരാണ് യാത്രയാകുകയെന്നിരിക്കെ ഇക്കാര്യത്തിലും അവ്യക്തതയുണ്ട്. സഊദിയില്‍ ഇതിന് അംഗീകാരം ലഭിക്കുമോ എന്നതും സംശയമാണ്. ഹജ്ജ് സബ്‌സിഡി അടുത്ത വര്‍ഷം മുതല്‍ റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിന്റെ ആവശ്യം മുഖവിലക്കെടുത്തില്ല
കൊണ്ടോട്ടി: പുതിയ ഹജ്ജ് നയത്തില്‍ കേരളത്തിന്റെ ആവശ്യം മുഖവിലക്കെടുത്തില്ല. അപേക്ഷകര്‍ക്ക് അനുസരിച്ച് ക്വാട്ട വീതം വെക്കല്‍, ഒറ്റത്തവണ അപേക്ഷ സ്വീകരിക്കല്‍ തുടങ്ങിയവയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹജ്ജ് നയത്തില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നത്.
ഹജ്ജ് ക്വാട്ട മുസ്‌ലിം ജനസംഖ്യാനുപാതത്തില്‍ വീതംവച്ച് നല്‍കാനാണ് പുതിയ നയത്തിലും ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇത് കൂടുതല്‍ അപേക്ഷകരുള്ള കേരളത്തിന് തിരിച്ചടിയാണ്. ഹജ്ജിന് ഓരോ വര്‍ഷവും 300 രൂപ നല്‍കി അപേക്ഷ നല്‍കുന്നത് നിര്‍ത്തി ഒറ്റത്തവണ അപേക്ഷ നല്‍കുന്ന രീതിയാക്കണമെന്നുള്ളതും കേരളം ആവശ്യപ്പെട്ടിരുന്നു. ഇതും അംഗീകരിച്ചില്ല.
മുഴുവന്‍ തീര്‍ഥാടകര്‍ക്കും താമസം അസീസിയ്യയില്‍
കൊണ്ടോട്ടി: ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഒരു സ്ഥലത്ത് തന്നെ താമസമൊരുക്കുന്ന പുതിയ ഹജ്ജ് നയത്തിലെ നിര്‍ദേശം പരാതികള്‍ കുറയാനിടയാക്കുമെന്ന് വിലയിരുത്തല്‍. നിലവില്‍ ഗ്രീന്‍,അസീസിയ്യ കാറ്റഗറികളിലാണ് മക്കയില്‍ തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കാറുള്ളത്.ഗ്രീന്‍ കാറ്റഗറി മക്കയുടെ ഒന്നര കിലോ മീറ്റര്‍ ചുറ്റളവിലും അസീസിയ്യ കാറ്റഗറി അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുമാണ്. ഗ്രീന്‍ കാറ്റഗറിക്ക് 30,000 രൂപ അധികം നല്‍കണം.
തീര്‍ത്ഥാടകര്‍ക്ക് മുഴുവന്‍ ഒരേ തുകയില്‍ ഒരേ സ്ഥലത്ത് താമസ സൗകര്യം ഒരുക്കുന്നത് ഏറെ ഗുണം ചെയ്യും. അസീസിയ്യയില്‍ മികച്ച കെട്ടിടങ്ങള്‍ വാടകക്ക് ലഭിക്കുന്നുമുണ്ട്. 4 വര്‍ഷം മുന്‍പ് വരെ മൂന്ന് കാറ്റഗറിയിലായിരുന്നു തീര്‍ഥാടകര്‍ക്ക് താമസം ഒരുക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."