ജയം തേടി ഇന്ത്യ ഇന്ന് രണ്ടാം അങ്കത്തിന്
ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പില്‍ ആദ്യ മത്സരത്തിലെ പോരായ്മകള്‍ പരിഹരിച്ച് വിജയം തേടി ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. ഗ്രൂപ്പ് എയിലെ പോരാട്ടത്തില്‍ കരുത്തരായ കൊളംബിയയാണ് ഇന്ത്യക്ക് എതിരാളി.
ആദ്യ മത്സരത്തില്‍ തോറ്റാണ് ഇരു ടീമുകളും ഇന്ന് നേര്‍ക്കുനേര്‍ പോരിനെത്തുന്നത്. ഇന്ത്യ എതിരില്ലാത്ത മൂന്ന് ഗോളിന് അമേരിക്കയോടും കൊളംബിയ എതിരില്ലാത്ത ഒരു ഗോളിന് ഘാനയോടുമാണ് പരാജയപ്പെട്ടത്.
ഫോമിലുള്ള കോമള്‍ തട്ടല്‍, നിന്‍തോയിന്‍ഗാന്‍ബ മീട്ടി എന്നിവരിലാണ് ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുന്നത്. ആദ്യ മത്സരത്തില്‍ ഇവര്‍ മികവ് പ്രകടിപ്പിച്ചിരുന്നെങ്കിലും ഫിനിഷിങിലെ പോരായ്മയും പ്രതിരോധത്തിലെ ആശയക്കുഴപ്പവും ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിയിടുകയായിരുന്നു. അതേസമയം കോച്ച് ലൂയിസ് നോര്ട്ടന് ഡി മറ്റോസ് ടീമില്‍ കാര്യമായ മാറ്റം വരുത്തുമെന്നാണ് കരുതുന്നത്. മധ്യനിരയിലും പ്രതിരോധത്തിലുമാണ് മാറ്റത്തിന് സാധ്യത.
മികച്ച പ്രകടനം നടത്തിയി റഹീം അലി, നോങ്ദംബ നാവോരം എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംപിടിക്കുമോയെന്ന് ഉറപ്പില്ല. വിലക്ക് കഴിഞ്ഞെത്തുന്ന ബോറിസ് തങ്ജം ആദ്യ ഇലവനില്‍ ഉണ്ടാകും. മലയാളി താരം രാഹുല്‍ പുറത്തിരിക്കേണ്ടി വരും. 4-2-3-1 എന്ന സ്ഥിര ശൈലിയില്‍ നിന്ന് മാറി 4-4-2 എന്ന ശൈലിയിലാകും ഇന്ത്യ കളിക്കുക. ആദ്യ മത്സരത്തില്‍ ഇന്ത്യ 4-3-3 എന്ന ശൈലിയിലും കളിച്ചിരുന്നു. മുന്നേറ്റം കൂടുതല്‍ ആക്രമിച്ച് കളിക്കുമെന്ന് കോച്ച് വ്യക്തമാക്കിയിട്ടുണ്ട്. ടൂര്‍ണമെന്റിലെ സാധ്യത നിലനിര്‍ത്തുക എന്നതാണ് ശ്രമമെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം ഇന്ത്യക്കെതിരേ വമ്പന്‍ ജയമാണ് കൊളംബിയ ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ തങ്ങളുടെ മികവിനനുസരിച്ചുള്ള പ്രകടനം പുറത്തെടുക്കുന്നതില്‍ കൊളംബിയ പരാജയപ്പെട്ടിരുന്നു.
ലിയാന്‍ഡ്രോ കാംപസ്, ആന്ദ്രേസ് പെരിയ, എറ്റിസ്ലോ മാര്‍ട്ടിനസ് എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ. മധ്യനിരയില്‍ ഇന്ത്യയുടെ ശ്രമങ്ങളെ തകര്‍ക്കാന്‍ കെല്പുള്ള സഖ്യമാണ് കൊളംബിയയുടേത്.
പ്രമുഖ താരങ്ങളായ ഗുട്ടിറെസ്, പെനാലോസ, മെജിയ കോര്‍ട്ടസ് കൈസെദോ എന്നിവരും കളത്തിലിറങ്ങുന്നത് ടീമിന്റെ കരുത്ത് വര്‍ധിപ്പിക്കും. അതേസമയം പ്രതിരോധത്തില്‍ അത്ര മികവില്ലാത്തതും പരുക്കന്‍ കളിയും ടീമിന് തിരിച്ചടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."