കണ്ണൂര്‍ രക്തസാക്ഷികളുടെ പേരില്‍ ദേശീയതലത്തില്‍ നേട്ടമുണ്ടാക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും
കണ്ണൂര്‍: കണ്ണൂരിലെ രക്തസാക്ഷികളുടെ പേരില്‍ ദേശീയതലത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും ശ്രമം തുടങ്ങി. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി കണ്ണൂരിലെ പാതയോരങ്ങളിലെ സ്മാരകങ്ങളായി മാത്രം പരിഗണിക്കപ്പെട്ട രക്തസാക്ഷികളുടെയും ബലിദാനികളുടെയും പേരിലാണ് സി.പി.എമ്മും ബി.ജെ.പിയും ദേശീയ രാഷ്ട്രീയത്തില്‍ ഏറ്റുമുട്ടുന്നത്.
ഇരുപാര്‍ട്ടികള്‍ക്കുമായി കണ്ണൂര്‍ ജില്ലയില്‍ മാത്രം 120 ഓളം രക്തസാക്ഷികളാണുള്ളത്. ഇതില്‍ സി.പി.എം അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയര്‍ത്തിക്കാട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നിയന്ത്രണത്തില്‍ കേരളത്തില്‍ ജനരക്ഷായാത്ര നടത്തുമ്പോള്‍ ബി.ജെ.പിയുടെ കൊലക്കത്തിക്കിരയായവരുടെ പട്ടിക നിരത്തി പ്രതിരോധിക്കുകയാണ് സി.പി.എം. സി.പി.എമ്മിന്റെ ഡല്‍ഹിയിലെ ആസ്ഥാന മന്ദിരത്തിലേക്ക് ബി.ജെ.പി മാര്‍ച്ച് നടത്തുമ്പോള്‍ സി.പി.എമ്മും ബി.ജെ.പിയുടെ ദേശീയ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ബി.ജെ.പിയുടെ കാംപയിനിന് മറുപടിയായി സി.പി.എം ഇന്നലെ ദേശീയ തലത്തില്‍ പ്രതിഷേധ ദിനവും ആചരിച്ചു.
ദേശീയതലത്തില്‍ തന്നെ ബി.ജെ.പി തങ്ങളെ മുഖ്യ എതിരാളികളായി കണ്ട് പ്രതിരോധിക്കുന്നത് രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം നേതൃത്വം.
രാജ്യത്ത് ആര്‍.എസ്.എസ് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയായതിനാലാണ് സി.പി.എമ്മും നേതാക്കളും ബി.ജെ.പിയുടെ എതിര്‍പ്പിനും അക്രമത്തിനും ഇരയാകുന്നതെന്ന പ്രചാരണമാണ് പാര്‍ട്ടി നടത്തുന്നത്. ഇത് ദേശീയതലത്തില്‍ ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും പുരോഗമന ചിന്താഗതിക്കാരുടെയും പിന്തുണ ലഭിക്കാന്‍ സഹായകരമാകുമെന്നും സി.പി.എം കണക്കുകൂട്ടുന്നു.
പാര്‍ട്ടിയുടെ ലോക്‌സഭയിലെ പ്രാതിനിധ്യം നാമമാത്രമായി ചുരുങ്ങിയെങ്കിലും തങ്ങള്‍ക്ക് രാഷ്ട്രീയ പ്രാധാന്യമേറുന്നുവെന്ന തിരിച്ചറിവിലാണ് സി.പി.എം. ബി.ജെ.പി ദേശവ്യാപകമായി സി.പി.എമ്മിനെതിരേ നടത്തുന്ന പ്രചാരണങ്ങളെ തുടര്‍ന്ന് പാര്‍ട്ടിക്ക് ഇതുവരെ കടന്നുചെല്ലാന്‍ കഴിയാതിരുന്ന ഇടങ്ങളിലും സ്വാധീനമുറപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുമുണ്ട്.
വെറും മൂന്നു സംസ്ഥാനങ്ങളില്‍ മാത്രം സ്വാധീനമുള്ള സി.പി.എമ്മിനെ 17 സംസ്ഥാനങ്ങളില്‍ അധികാരത്തിലുള്ള ബി.ജെ.പി നേരിട്ട് എതിര്‍ക്കുന്നത് രാഷ്ട്രീയ വിജയമായിട്ടാണ് പാര്‍ട്ടി വിലയിരുത്തുന്നത്.
അതേസമയം, തങ്ങള്‍ക്ക് ഇതേവരെ സ്വാധീനമുറപ്പിക്കാന്‍ കഴിയാത്ത കേരളത്തില്‍ കൊലപാതക രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്താന്‍ കഴിഞ്ഞത് നേട്ടമാണെന്ന് ബി.ജെ.പി വിലയിരുത്തുന്നു. സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്ന ന്യൂനപക്ഷ-ദലിത് വേട്ടക്കെതിരേയുള്ള വിമര്‍ശനത്തിന് കേരളത്തിലെ സി.പി.എം അക്രമം ഉയര്‍ത്തിക്കാട്ടി പ്രതിരോധം തീര്‍ക്കാന്‍ കഴിയുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.
ഏറെക്കുറെ നിലച്ചുപോയിരുന്ന കേരളത്തിലെ സംഘടനാ സംവിധാനത്തെ വീണ്ടും ചലിപ്പിക്കാന്‍ ജനരക്ഷായാത്രയിലൂടെ കഴിഞ്ഞെന്നും ബി.ജെ.പി നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."