വിവാദ യോഗ സെന്റര്‍: പൊലിസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ഹൈക്കോടതിയില്‍ ഹരജി
കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗ സെന്ററിനെക്കുറിച്ചുള്ള പൊലിസ് അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് ഡോ. ശ്വേത ഹരിദാസ് ഹൈക്കോടതിയില്‍ ഹരജി നല്‍കി.
യോഗ സെന്ററിനെതിരേ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലിസില്‍ പരാതി നല്‍കിയെങ്കിലും മതസ്പര്‍ധ വളര്‍ത്തുന്നതടക്കമുള്ള കുറ്റങ്ങള്‍ ഒഴിവാക്കി കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് ശ്വേത ആരോപിക്കുന്നു. കേസില്‍ ഇതുവരെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഹരജിയില്‍ പറയുന്നുണ്ട്.
സെപ്റ്റംബര്‍ 23ന് യോഗ കേന്ദ്രത്തില്‍ നടന്ന പീഡനങ്ങളെക്കുറിച്ച് തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലിസില്‍ താന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മതസ്പര്‍ധ വളര്‍ത്തല്‍ സംബന്ധിച്ച കുറ്റം ബോധപൂര്‍വം ഒഴിവാക്കിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ശ്വേതയുടെ ഹരജിയില്‍ വ്യക്തമാക്കുന്നു. കേസില്‍ ഇതുവരെയും തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. പ്രധാന സാക്ഷിയായ കണ്ണൂര്‍ സ്വദേശിനിയുടെ മൊഴിയും രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തയാറായിട്ടില്ല.
യോഗ കേന്ദ്രത്തിലെ കോര്‍ഡിനേറ്റര്‍ ശ്രുതി പീഡിപ്പിച്ചതു സംബന്ധിച്ച് പരാതിയില്‍ പറഞ്ഞിട്ടുണ്ടെങ്കിലും പ്രതി ചേര്‍ത്തിട്ടില്ല. താന്‍ തടവിലായിരുന്ന സമയത്ത് സ്ഥാപനത്തിലുണ്ടായിരുന്ന കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള 40 ഓളം പെണ്‍കുട്ടികളുടെ മൊഴിയും പൊലിസ് രേഖപ്പെടുത്തിയിട്ടില്ല.
ക്രമസമാധാനപാലനം ഉറപ്പാക്കാന്‍ ബാധ്യതയുള്ള പൊലിസ് യോഗ സെന്റര്‍ പൂട്ടാന്‍ ഇതുവരെ നോട്ടിസ് നല്‍കിയിട്ടില്ല. കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ ആരൊക്കെയാണെന്ന് അറിയില്ലെന്നും ഹരജിക്കാരി പറയുന്നു. ഇതിനിടെ യോഗ സെന്ററിലെ പീഡനത്തെക്കുറിച്ച് ഡി.ജി.പിക്ക് പരാതി നല്‍കിയ ആന്ധ്ര സ്വദേശിനി വന്ദന ഹൈക്കോടതിയില്‍ നിലവിലുള്ള റിന്റോ ഐസക്കിന്റെ ഹരജിയില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കി. കഴിഞ്ഞ മാര്‍ച്ച് 30 മുതല്‍ മെയ് ഒന്നു വരെ തന്നെ യോഗ സെന്ററില്‍ തടവിലാക്കി ഉപദ്രവിച്ചെന്നും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദിച്ച് വലിച്ചിഴച്ചെന്നും വന്ദനയുടെ ഹരജിയില്‍ പറയുന്നു.
തന്റെ ഇഷ്ട പ്രകാരമാണ് യോഗ സെന്ററില്‍ എത്തിയതെന്ന് ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയെന്നു ഹരജിക്കാരി പറയുന്നു. 2017 മാര്‍ച്ച് 30 മുതല്‍ മെയ് ഒന്നു വരെയാണ് നിയമവിരുദ്ധമായി തടങ്കലില്‍ വച്ചിരുന്നത്. മൊബൈല്‍ഫോണ്‍ ബലമായി പിടിച്ചുവാങ്ങി. ബലം പ്രയോഗിച്ച് അവിടെ പൂട്ടിയിടുകയും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വലിച്ചിഴക്കുകയും അതി ക്രൂരമായി മര്‍ദി ച്ചതായും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."