കെ.എസ്.ആര്.ടി.സിയില്‍ പെന്ഷന് വിതരണം ഇനിയും വൈകും
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ശമ്പളം നല്‍കാനായെങ്കിലും പെന്ഷന് വിതരണം നടന്നില്ല. നാലു മാസത്തെ മുഴുവന്‍ തുകയും ഒരു മാസം 10,000 രൂപ നല്‍കിയതിന്റെ ബാക്കി തുകയുമാണ് പെന്‍ഷന്‍കാര്‍ക്ക് നല്‍കാനുള്ളത്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വായ്പയായി അനുവദിച്ച 100 കോടിയില്‍നിന്ന് 80 കോടി രൂപ ശമ്പളത്തിനായി ചെലവഴിച്ചു. ബാക്കിയുള്ള 20 കോടി രൂപകൊണ്ട് 40,000ത്തോളം വരുന്ന പെന്‍ഷന്‍കാര്‍ക്കുള്ള പണം കൊടുക്കാന്‍ കഴിയില്ല. പെന്‍ഷനുവേണ്ടി മാത്രം 60 കോടി രൂപ ആവശ്യമാണ്. ഇത് എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തില്‍ ഇതുവരെ കെ.എസ്.ആര്.ടി.സി മാനേജ്മെന്റില്‍ തീരുമാനമായിട്ടില്ല.
സെപ്റ്റംബര്‍ 30നു മുമ്പ് പെന്ഷന് കുടിശിക മുഴുവന്‍ കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി കഴിഞ്ഞ എല്‍.ഡി.എഫ് യോഗത്തില്‍ ഉറപ്പ് നല്‍കിയതാണ്. മന്ത്രിക്ക് ഒരു അവസരംകൂടി നല്‍കണമെന്ന് അന്ന് മുഖ്യമന്ത്രിയും യോഗത്തില്‍ പറഞ്ഞിരുന്നു. മന്ത്രി പറഞ്ഞ അവസാന തിയതിയും കഴിഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രിയില്‍നിന്ന് എന്തെങ്കിലും നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആര്.ടി.സിയിലെ പെന്‍ഷന്‍കാര്‍.
പെന്ഷന് വിതരണത്തിനായി 50 കോടികൂടി വായ്പയായി നല്‍കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍, ഈ തുക ഉടന്‍ അനുവദിച്ചു കിട്ടാന്‍ സാധ്യതയില്ല. അനുവദിച്ചാല്‍തന്നെ ഒരാഴ്ചക്കുള്ളില്‍ മാത്രമേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകൂ. ഈ പണം ലഭിച്ചാലും പെന്‍ഷന്‍കാരുടെ പ്രശ്നങ്ങള്‍ അവസാനിക്കില്ല. അവര്‍ക്ക് ഒരു മാസത്തെ പെന്‍ഷനോ അല്ലെങ്കില്‍ ഒരുമാസം കുറച്ചു പണം നല്‍കിയതിന്റെ ബാക്കിയോ മാത്രമേ ലഭിക്കാനിടയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."