ടാറ്റ ടെലി സര്‍വിസ് നിര്‍ത്തുന്നു; 5,000 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും
മുംബൈ: ടാറ്റ സണ്‍സിന്റെ സഹോദര സ്ഥാപനമായ ടാറ്റ ടെലി സര്‍വിസ് നിര്‍ത്തുന്നു. സ്ഥാപനം നിര്‍ത്തുന്നതോടെ 5,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. മൂന്നുമുതല്‍ ആറുമാസം വരെയുള്ള മുന്‍കൂര്‍ നോട്ടിസ് നല്‍കിയാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. തൊഴില്‍ നഷ്ടപ്പെടുന്ന ജീവനക്കാര്‍ക്ക് പ്രത്യേക പാക്കേജുകള്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടയില്‍ മുതിര്‍ന്ന ജീവനക്കാര്‍ക്ക് വി.ആര്‍.എസ് പ്രഖ്യാപിച്ചിട്ടുണ്ട്. യോഗ്യതയുടെ അടിസ്ഥാനത്തില്‍ താല്‍പര്യമുള്ളവരെ ടാറ്റയുടെ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ടാറ്റ ടെലി സര്‍വിസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. 2018 മാര്‍ച്ച് 31നകം ജോലി വിടണമെന്നാവശ്യപ്പെട്ട് സര്‍ക്കിള്‍ മേധാവികള്‍ക്ക് കഴിഞ്ഞ മാസം തന്നെ ടാറ്റ നോട്ടിസ് നല്‍കിയിരുന്നു.
ടാറ്റ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ കാര്യത്തില്‍ കമ്പനിക്ക് പ്രത്യേക താല്‍പര്യമുണ്ടെന്നും അതുകൊണ്ടുതന്നെ തൊഴില്‍ നഷ്ടപ്പെടുന്ന ജീവനക്കാരെ യോഗ്യതക്കനുസരിച്ചും തൊഴില്‍ പ്രാവീണ്യത്തിന്റെ അടിസ്ഥാനത്തിലും ടാറ്റയുടെ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റുമെന്നും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
2017 മാര്‍ച്ച് 31ലെ വാര്‍ഷിക റിപ്പോര്‍ട്ടുപ്രകാരം ടാറ്റ ടെലി സര്‍വിസില്‍ 5101 ജീവനക്കാരാണുള്ളത്. ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് ശേഷം പിരിയുന്ന സര്‍ക്കിള്‍ മേധാവികള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം വരെയുള്ള ശമ്പളം നല്‍കുമെന്ന് ടാറ്റ ടെലി സര്‍വിസിന്റെ ചെയര്‍മാന്‍ ക്രിസ് ലക്ഷ്മികാന്ത് അറിയിച്ചു.
149 വര്‍ഷം പഴക്കമുള്ള ടാറ്റ ഗ്രൂപ്പിലെ ഒരു സ്ഥാപനം അടച്ചുപൂട്ടുന്നത് ചരിത്രത്തിലാദ്യത്തെ സംഭവമാണ്. 1996ല്‍ ലാന്‍ഡ് ലൈന്‍ സേവനം നല്‍കികൊണ്ടാണ് ടാറ്റ ടെലികോം കമ്പനി തുടങ്ങിയത്. 2002ല്‍ സി.ഡി.എം.എ സര്‍വിസ് തുടങ്ങി. 2008ല്‍ ജി.എസ്.എമ്മും തുടങ്ങി. കൂടാതെ എന്‍.ടി.ടി ഡോകോമോയില്‍ നിന്ന് 14,000 കോടിയുടെ നിക്ഷേപവും ഇവര്‍ സ്വീകരിച്ചിരുന്നു. 2014ഓടെ മറ്റു കമ്പനികളുമായി ചേര്‍ന്ന് ടെലികോം സര്‍വിസ് ശക്തിപ്പെടുത്താന്‍ ശ്രമമുണ്ടായെങ്കിലും സാമ്പത്തിക രംഗത്ത് പിന്നോട്ടുപോകുന്ന കമ്പനിയുമായി സഹകരിക്കാന്‍ പലരും തയാറായില്ല. കമ്പനിയുടെ 30,000 കോടിയുടെ അധിക ബാധ്യത ഏറ്റെടുക്കാന്‍ ആരും തയാറാകാത്ത സാഹചര്യത്തിലാണ് നഷ്ടം സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സേവനം മതിയാക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."