ജയിക്കാന്‍ സ്‌പെയിന്‍; അട്ടിമറിക്കാന്‍ നൈജര്‍
കൊച്ചി: ആഫ്രിക്കന്‍ കൊമ്പന്‍മാരുടെ തടിമിടുക്കും തലയെടുപ്പുമുള്ള നൈജര്‍ പോരാളികള്‍. ആഫ്രിക്കന്‍ വന്‍കരയില്‍ നിന്നെത്തി കൗമാര ലോകകപ്പിലെ അത്ഭുതമായി മാറിയ നൈജറിന് ഇന്ന് സ്‌പെയിനിനെതിരേ ഒരു സമനില നേടിയാല്‍ മതി പ്രീ ക്വാര്‍ട്ടറിലേക്കുള്ള പാത സുഗമമാക്കാന്‍.
മിസൈലാകാന്‍ മോഹിച്ച ഉത്തര കൊറിയയെ നനഞ്ഞ പടക്കമാക്കിയ വിജയം നൈജറിന്റെ കരുത്തേറ്റുന്നു. കൊച്ചിയിലെ യുദ്ധ ഭൂമിയില്‍ എല്ലാ മേഖലയിലും മുന്‍തൂക്കം നേടിയായിരുന്നു നൈജറിന്റെ പടയോട്ടം. ഫിനിഷിങിലെ കാലിടറലാണ് കൊറിയക്കെതിരേ വമ്പന്‍ വിജയത്തിന് വിലങ്ങിട്ടത്. പരുക്കന്‍ കളിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുന്ന ആഫ്രിക്കന്‍ കരുത്തരെ പിടിച്ചു കെട്ടാന്‍ സ്‌പെയിനിന് നന്നായി വിര്‍ക്കേണ്ടി വരും.
കൊറിയക്കെതിരേ വിജയ ഗോള്‍ നേടിയ സലിം അബ്ദുറഹ്മാനെയും ഹബിബു സോഫിയാനെയും കരീം ടിന്നിയും അടക്കം എന്തിനും പോന്ന ഒരു പിടി താരങ്ങളിലാണ് കോച്ച് തിമോഗോ സുമൈലയുടെ കരുത്തും പ്രതീക്ഷയും. മധ്യ- മുന്നേറ്റ നിരകളുടെ ഒത്തിണക്കം നൈജറിന്റെ കരുത്തേറ്റുന്നു. സ്പാനിഷ് പട ബ്രസീലിനെതിരേ പ്രകടിപ്പിക്കാതെ പോയതും ഈ ഒത്തിണക്കമാണ്. ഏത് ആക്രമണങ്ങളെയും പ്രതിരോധിക്കാന്‍ കഴിയുമെന്ന് തെളിയിച്ച ഡിഫന്‍ഡര്‍മാരാണ് കൊറിയന്‍ മുന്നേറ്റങ്ങളുടെ മുനയൊടിച്ച് വിജയം വെട്ടിപ്പിടിച്ചത്.
നൈജീരിയെ അട്ടിമറിച്ച് ആഫ്രിക്കയില്‍ നിന്നെത്തിയ തങ്ങള്‍ കളിക്കളത്തില്‍ എഴുതിതള്ളേണ്ടവരല്ലെന്ന് നൈജര്‍ തെളിയിച്ചു കഴിഞ്ഞു. സ്‌പെയിന്‍ വലിയവരും തങ്ങള്‍ ചെറിയവരുമാണെന്ന് തിരിച്ചറിവുള്ള സുമൈല സ്‌പെയിനിനെ വീഴ്ത്താന്‍ ഒരുക്കിയ തന്ത്രങ്ങള്‍ എന്തെന്ന് കളിക്കളത്തില്‍ കാണാം.
ഇനി ഒരു സമനില പോലും സ്‌പെയിനിന്റെ പ്രതിസന്ധിയിലാക്കും. ആദ്യ മത്സരത്തില്‍ ബ്രസീലിനെ നേരിട്ടപ്പോള്‍ ഒരു ഗോളിന് മുന്നില്‍ എത്തിയിട്ടും സ്പാനിഷ് കൗമാരത്തിന് തോല്‍ക്കേണ്ടി വന്നു. ഒരു ഗോളിന്റെ മേധാവിത്വം ലഭിച്ചിട്ടും പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞ് തിരിച്ചടി ചോദിച്ചു വാങ്ങുകയായിരുന്നു സ്‌പെയിന്‍. വമ്പന്‍ പാളിച്ചകളായിരുന്നു പ്രതിരോധത്തില്‍ സംഭവിച്ചത്. കരുത്തനായി കുതിച്ചു പാഞ്ഞ ബ്രസീലിയന്‍ സ്‌െൈട്രക്കര്‍ പൗലീഞ്ഞോക്ക് മുന്നില്‍ പോരടിച്ചു നില്‍ക്കാനാകാതെ പ്രതിരോധം ചിന്നിച്ചിതറി. കാനറികള്‍ക്ക് മുന്നില്‍ സംഭവിച്ചത് നൈജറിന് മുന്നിലും ആവര്‍ത്തിക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് സ്പാനിഷ് പരിശീലകന്‍ സാന്റിയാഗോ ഡെനിയ. ആക്രണങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഏന്തേണ്ട സെര്‍ജിയോ ഗോമസിനും ആല്‍വാരോ ഗാര്‍സിയക്കും ബ്രസീലിനെതിരേ മികവ് പുറത്തെടുക്കാനായില്ല. ഇരുവരും സ്വതസിദ്ധമായ ഗെയിം പുറത്തെടുത്താല്‍ നൈജറിനെ കീഴടക്കുക സ്‌പെയിനിന് അപ്രാപ്യമല്ല.
കാനറികള്‍ക്കെതിരേ പോരാട്ടത്തിന് ചുക്കാന്‍ പിടിച്ച ഫെറാന്‍ ടോറസും മുഹമ്മദ് മുഖ്‌ലിസിലുമാണ് ഡെനിയയുടെ പ്രതീക്ഷകള്‍. കളിക്കളത്തില്‍ താരങ്ങള്‍ തോളോടുതോള്‍ ചേരാത്തത് ഡെനിയയെ നിരാശനാക്കുന്നു. മധ്യ- മുന്നേറ്റ നിരകളാണ് പ്രശ്‌നം. ഭാവിയുടെ താരമായി വാഴ്ത്തപ്പെടുന്ന ആബേല്‍ റൂയിസ് കാനറികള്‍ക്ക് മുന്നില്‍ നിറം മങ്ങി. റൂയിസിന് മികച്ചൊരു മുന്നേറ്റം പോലും സൃഷ്ടിക്കാനായില്ല.
കേരള ബ്ലാസ്റ്റേഴ്‌സ് കൊട്ടിഘോഷിച്ച് കൊണ്ടു വന്ന മൈക്കല്‍ ചോപ്രയെ അനുസ്മരിപ്പിക്കുന്ന പ്രകടനമായിരുന്നു റൂയിസില്‍ നിന്ന് ഗാലറി കണ്ടത്. കിരീട മോഹവുമായി എത്തിയവരാണ് സ്‌പെയിന്‍. തടിമിടുക്കും തലയെടുപ്പുമുള്ള നൈജര്‍ കരുത്തന്‍മാരെ കീഴടക്കാന്‍ സ്പാനിഷ് കൗമാരത്തിന് അത്രവേഗം കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."