പരീക്ഷയ്ക്കുള്ള കുറുക്കുവഴി, പഠനത്തിനും
പരീക്ഷയ്ക്ക് കുറുക്കുവഴിയുണ്ടോ?
എന്റെ ഇളയ മകള്‍ പത്താം ക്ലാസിലാണ്. പരീക്ഷയ്ക്കു നന്നായി പഠിച്ചുപോയാല്‍ എഴുതാന്‍ കഴിയുന്നില്ലെന്നാണ് പരാതി. കൂടുതല്‍ പഠിക്കാതെ പോയാല്‍ കുഴപ്പമില്ലാത്ത മാര്‍ക്കും ഉണ്ടാവാറുണ്ട്. കഴിഞ്ഞ ഓണപരീക്ഷയ്ക്ക് ആ പ്രതീക്ഷയും തെറ്റി. ഇനി പഠിച്ചാല്‍ തന്നെ പരീക്ഷയ്ക്ക് എഴുതാന്‍ സമയം മതിയാകുന്നില്ല. എന്തെങ്കിലും കുറുക്കുവഴികളുണ്ടോ ഡോക്ടര്‍?
ഗോപിനാഥ് കാസര്‍കോട്
പരീക്ഷയെഴുതാനുള്ള കുറുക്കുവഴികളില്‍ ആദ്യപടിയാണ് നന്നായി പഠിക്കുക എന്നത്. പരീക്ഷ എന്നത് പെട്ടന്നു കടന്നുവരുന്ന ഒന്നല്ല. ഓരോ അധ്യയനവര്‍ഷവും നിശ്ചിത സമയങ്ങളില്‍ പരീക്ഷയുണ്ടെന്ന് മനസിലാക്കാമല്ലോ. പാദവാര്‍ഷികം, അര്‍ധവാര്‍ഷികം, വാര്‍ഷികം, അതിനിടയില്‍ ക്ലാസ് ടെസ്റ്റുകള്‍ ഇങ്ങനെയുള്ള പരീക്ഷകള്‍ മുന്‍കൂട്ടി അറിയാവുന്നതാണ്. ഇവിടെ ആദ്യം വേണ്ടത് പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടുക എന്നതാണ്.
ആത്മവിശ്വാസമില്ലാത്തവരാണ് കുറുക്കുവഴികള്‍ തേടുന്നത്. ആദ്യമായി പരീക്ഷക്ക് നല്ല ശ്രദ്ധയോടെ തയാറാകണം. എന്നാല്‍ പഠിച്ചത് പകര്‍ത്തുമ്പോള്‍ അത് കൃത്യമായി അധ്യാപകനു ബോധ്യമാകുന്ന രീതിയില്‍ എങ്ങനെ അവതരിപ്പിക്കാം എന്നുകൂടി നോക്കണം. ഉദാഹരണമായി ഓണപരീക്ഷയാണെങ്കില്‍ പരീക്ഷയ്ക്ക് രണ്ടുമാസം മുന്‍പെങ്കിലും പ0ന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കണം. പരീക്ഷയ്ക്കു വേണ്ടി മാത്രം പ്രത്യേക ടൈം ടേബിളും തയാറാക്കാം. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ എല്ലാ വിഷയവും രണ്ടോ മൂന്നോ നാലോ ആവര്‍ത്തി വായിക്കാം. ഓരോ വിഷയത്തിനും നിശ്ചിത സമയം കൊടുത്ത് ടൈം ടേബിള്‍ തയാറാക്കുക. പ്രയാസമുള്ള വിഷയമാണെങ്കില്‍ കൂടുതല്‍ സമയം നീക്കിവയ്ക്കാം. ആദ്യത്തെ ആവര്‍ത്തി ഡീറ്റൈല്‍ ആയി വായിക്കാന്‍ കൂടുതല്‍ സമയം ക്രമീകരിക്കാം. രണ്ടാമത്തേതില്‍ സ്പീഡ് റീഡിങ്ങാണ് വേണ്ടത്. മൂന്നാമത്തേത് പരീക്ഷയ്ക്ക് ഒരാഴ്ച മുന്‍പാണ് വേണ്ടത്. ഇത് ഒന്നുകൂടി സ്പീഡിലാണ് വേണ്ടത്. ഇങ്ങനെ കൃത്യമായ ടൈംടേബിള്‍ വച്ചിട്ടാണെങ്കില്‍ പരീക്ഷ വലിയ ബുദ്ധിമുട്ടായി തോന്നില്ല.
പക്ഷേ, ചില വിദ്യാര്‍ഥികള്‍ക്ക് അവരുടെ ആത്മവിശ്വാസക്കുറവു മൂലം പരീക്ഷയെ നേരിടാന്‍ സാധിക്കാറില്ല. ഇതിനു പരിഹാരമായി ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാന്‍ യോഗ, കൗണ്‍സലിങ്, റിലാക്‌സേഷന്‍, പ്രാര്‍ഥന എന്നിവ ചെയ്യാവുന്നതാണ്.
പരീക്ഷയുടെ തലേദിവസം അധികം ഉറക്കമൊഴിക്കാതെ നേരത്തെ കിടന്നുറങ്ങുന്നതാണ് നല്ലത്. പരീക്ഷാദിവസം നേരത്തെ എഴുന്നേല്‍ക്കുന്നതിന് കുഴപ്പമൊന്നുമില്ല. പരീക്ഷയ്ക്കു വേണ്ടി നേരത്തെ സ്‌കൂളിലേക്ക് പുറപ്പെടുന്നതില്‍ പ്രശ്‌നമൊന്നുമില്ല. എന്നാല്‍ അവിടെ മറ്റു കുട്ടികളുമായി കൂടുതല്‍ സംസാരിച്ചിരിക്കുന്നത് ആത്മവിശ്വാസത്തെ കെടുത്തിക്കളയും.
പരീക്ഷാഹാളില്‍ കയറിയിരുന്നാല്‍ അവിടെ നല്‍കുന്ന 15 മിനുട്ട് കൂള്‍ ഓഫ് ടൈം കൃത്യമായി ഉപയോഗപ്പെടുത്തണം. അതായത് മനസിനെ പാകപ്പെടുത്തിയെടുക്കുക. പേപ്പര്‍ കിട്ടിയാലുടനെ വേഗത്തില്‍ എഴുതാതെ ചോദ്യങ്ങള്‍ മനസിരുത്തി വായിക്കുക. എല്ലാ ചോദ്യത്തിനും ഉത്തരം എഴുതാനുള്ള സമയം ക്രമീകരിക്കണം. അറിയാവുന്ന ചോദ്യങ്ങള്‍ക്ക് ആദ്യമാദ്യം ഉത്തരമെഴുതി അറിയാത്തത് അവസാനത്തില്‍ എഴുതുന്നതാണ് നല്ലത്. തീരെ അറിയാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതരുത്. ഒരുപക്ഷേ ആ ഉത്തരം അബദ്ധമായാല്‍ അത് മാര്‍ക്കിനെ ബാധിച്ചെന്നിരിക്കും.
നീട്ടിപ്പരത്തി ഉത്തരമെഴുതാതെ പരമാവധി പോയിന്റായി എഴുതുകയാണു വേണ്ടത്. എല്ലാ ചോദ്യങ്ങളും അറ്റന്‍ഡ് ചെയ്ത് അവസാനത്തെ 10 മിനുട്ട് വേഗത്തില്‍ ഉത്തരപേപ്പറിലൂടെ കണ്ണോടിച്ച് എല്ലാം കൃത്യമായി എഴുതിയെന്ന് ഉറപ്പുവരുത്തണം. പലപ്പോഴും പരീക്ഷ കഴിഞ്ഞിട്ടായിരിക്കും ചില ചോദ്യങ്ങളുടെ പോയിന്റുകള്‍ മനസില്‍ വരിക. അതുകൊണ്ടുതന്നെ ഓരോ ചോദ്യത്തിനും ഉത്തരമെഴുതിയ ശേഷം രണ്ടുവരി ഒഴിച്ചിടുന്നതാണ് നല്ലത്. അങ്ങനെയാകുമ്പോള്‍ അവസാനം എന്തെങ്കിലും ഓര്‍മ വരികയാണെങ്കില്‍ അതവിടെ എഴുതിച്ചേര്‍ക്കാം. ഇത്തരത്തില്‍ പരീക്ഷയ്ക്ക് തയാറായാല്‍ പരീക്ഷയെ ഭയക്കേണ്ടതില്ല. ഇതു തന്നെയാണ് പഠനത്തിലേക്കുള്ള കുറുക്കുവഴിയും.
പഠനത്തിനു മാത്രമല്ല, ഉറക്കത്തിനും വേണം ഷെഡ്യൂള്‍
മകള്‍ പത്താം ക്ലാസില്‍ പഠിക്കുന്നു. രാവിലെ ട്യൂഷനുണ്ട്. സ്‌കൂളും കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്ക് അവള്‍ നന്നായി ക്ഷീണിച്ചിരിക്കും. പിന്നെ ഒറ്റക്കിടപ്പാണ്. ഭക്ഷണം കഴിക്കാന്‍പോലും എഴുന്നേല്‍ക്കില്ല. പഠിക്കുകയുമില്ല. ഇത്ര നേരത്തെ ഉറങ്ങിയാലും രാവിലെ വൈകിയേ എഴുന്നേല്‍ക്കൂ. ഉറക്കം തന്നെയാണവള്‍ക്ക്. പഠനത്തില്‍ വലിയ മോശമല്ലെങ്കിലും പേടിയുണ്ട്. എന്തെങ്കിലും പരിഹാരമുണ്ടോ?
ജ്യോതി ചടങ്ങാംകുളം
ഇതില്‍നിന്നു മനസിലാകുന്നത് കുട്ടിയുടെ പഠനത്തെ ബാധിക്കുന്നത് പ്രധാനമായും ഉറക്കമാണ്. ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ഉറക്കം. കൃത്യമായി ഉറങ്ങുന്നില്ലെങ്കില്‍ അത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ഓര്‍മശക്തിയെ ബാധിക്കും. ഏകാഗ്രതയെ ബാധിക്കും. കാര്യങ്ങള്‍ അപഗ്രഥിക്കാനുള്ള കഴിവിനെ ബാധിക്കും.
പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ശരാശരി ഒരുദിവസം ഏഴു മണിക്കൂറെങ്കിലും ഉറങ്ങണം. കുട്ടികള്‍ നേരത്തെ എഴുന്നേല്‍ക്കുന്നു. ട്യൂഷനു പോകുന്നു. ശേഷം സ്‌കൂളിലേക്കും. അതു കഴിഞ്ഞാല്‍ ഹോംവര്‍ക്ക്, പഠനം, എഴുത്ത്... ഇങ്ങനെയാണ് ഒരുദിവസത്തെ കുട്ടിയുടെ ഏകദേശചിത്രം. അതിനു പുറമെ രക്ഷിതാക്കളുടെ പഠനത്തിലുള്ള സമ്മര്‍ദവും കൂടിയാകുമ്പോള്‍ കൃത്യമായി ഉറങ്ങാന്‍ സാധിക്കാതെ വരും. ഇത് ശരീരത്തെ ബാധിക്കും, ദഹനത്തെ, ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ, ശരീരത്തിലെ ആന്തരികമായ എല്ലാ അവയവത്തെയും ചെറിയ രൂപത്തിലെങ്കിലും പ്രതികൂലമായി ബാധിക്കും.
ചില കുട്ടികള്‍ക്ക് 7, 8 മണിക്കൂര്‍ പൂര്‍ണമായും ഉറങ്ങേണ്ടിവരും. അവര്‍ക്ക് അത്രയും സമയം ഉറങ്ങാനുള്ള സമയം അനുവദിച്ചു കൊടുക്കുക. ചില കുട്ടികള്‍ വൈകി എഴുന്നേല്‍ക്കാനായിരിക്കും ആഗ്രഹിക്കുക. നേരത്തെ എഴുന്നേറ്റാല്‍ ഉറക്കക്ഷീണമുണ്ടാകും. മറ്റുചിലര്‍ക്ക് രാത്രി വൈകിവരെ പഠിക്കാന്‍ സാധിക്കും. ഇവര്‍ വൈകി എഴുന്നേല്‍ക്കും. പറഞ്ഞുവരുന്നത് ഓരോ കുട്ടികളുടെയും ഉറക്കത്തിന്റെ സമയം വ്യത്യസ്തമായിരിക്കും. ഇതില്‍ കുട്ടിയുടെ ഇഷ്ടം തിരഞ്ഞെടുക്കാന്‍ പറയണം. അതിനുശേഷം സൗകര്യപൂര്‍വം രാവിലെയോ വൈകിട്ടോ ട്യൂഷനു പറഞ്ഞുവിടുന്നതാകും നല്ലത്. ഇങ്ങനെ അവരുടെ സൗകര്യത്തിനനുസരിച്ച് ചെയ്യുകയാണെങ്കില്‍ അത് പഠനത്തെ അനുകൂലമാക്കും. ശാരീരികമായും മാനസികമായും കുട്ടിക്ക് ഐശ്വര്യം നല്‍കും.
രക്ഷിതാക്കളുടെ ഉത്കണ്ഠ കുറയ്ക്കുക, കുട്ടികളുടേതും കുറയും
സ്മാര്‍ട്ടായാണ് എന്നും ക്ലാസിലേക്ക് പുറപ്പെടുക. എന്നാല്‍ ക്ലാസിലെത്തിയാല്‍, മറ്റുള്ളവര്‍ എന്തെങ്കിലും പറഞ്ഞാല്‍ പെട്ടന്നു ദേഷ്യം വരുന്നു. മൈഗ്രൈനുണ്ട്. എല്ലാ കാര്യവും ഒറ്റയ്ക്കു ചെയ്യാന്‍ ഭയപ്പെടുന്നു. വിഷയങ്ങള്‍ മറന്നുപോകുന്നതിനാല്‍ ഇപ്പോള്‍ പഠിക്കാനും താല്‍പര്യമില്ല. അമിതമായ ഉറക്കമുണ്ട്, കൂടെ ടെന്‍ഷനും. മാതാപിതാക്കള്‍ക്കുമുണ്ട് ടെന്‍ഷന്‍.
ജുമാന നരിക്കുനി
ടെന്‍ഷന്‍ കുറയ്ക്കാനുള്ള ഉപാധിയാണ് ആദ്യം കണ്ടെത്തേണ്ടത്. എല്ലാ കുട്ടികളിലും പൊതുവായി കാണുന്നതാണ് ഭയം, ടെന്‍ഷന്‍ എന്നുള്ളത്. ഇതു കുറയ്ക്കാന്‍ കുട്ടിക്ക് രക്ഷിതാക്കള്‍ ധൈര്യം പകരണം. പലപ്പോഴും കുട്ടിയുടെ കാര്യങ്ങളെല്ലാം മാതാപിതാക്കള്‍ ഏറ്റെടുത്ത് ചെയ്തുകൊടുക്കുന്ന രീതിയാണ് കാണുന്നത്. ഇത് വലുതാകുമ്പോള്‍ സ്വന്തം കാര്യംപോലും ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയാത്ത രീതിയിലേക്ക് കുട്ടികളെ തള്ളിവിടും. ഇതുമൂലം പ്രത്യേക കഴിവോ ആത്മവിശ്വാസമോ ഇല്ലാതെ കുട്ടി വളര്‍ന്നുവരും.
ആദ്യം മുതല്‍തന്നെ സ്വയം പര്യാപ്തത കൈവരിക്കാന്‍ രക്ഷിതാക്കള്‍ അവസരമൊരുക്കണം. പരിപാടികളില്‍ ഒറ്റയ്ക്ക് എഴുന്നേറ്റുനിന്ന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം, അതിനുള്ള ധൈര്യം എന്നിവ പകര്‍ന്നുകൊടുക്കണം. കലാ കായിക പരിപാടികളില്‍ നിന്ന് കുട്ടിയെ തടയരുത്. ഇങ്ങനെ കുട്ടിയെ സോഷ്യലൈസ് ചെയ്‌തെടുക്കുന്നതില്‍ രക്ഷിതാക്കളുടെ പൂര്‍ണ പിന്തുണയാണ് ആദ്യം വേണ്ടത്.
ഹോംവര്‍ക്ക്, അസൈന്‍മെന്റ് എന്നിവകളില്‍ കുട്ടി ബുദ്ധിമുട്ടേണ്ട എന്നുകരുതി രക്ഷിതാക്കള്‍ ചെയ്തുകൊടുക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഇത് കുട്ടിക്ക് താല്‍ക്കാലികമായി മാര്‍ക്ക് കൂട്ടാന്‍ ഇടവരുത്തുമെങ്കിലും അത്തരം പ്രവര്‍ത്തനങ്ങളില്‍ കുട്ടിയുടെ പങ്ക് ഇല്ലാത്ത കാലത്തോളം അവര്‍ക്ക് മുന്നോട്ടുള്ള കുതിപ്പ് അസാധ്യമാക്കും.
എല്ലാ കാര്യങ്ങളും കുട്ടിയെക്കൊണ്ട് ചെയ്യിക്കുകയാണ് വേണ്ടത്. ധൈര്യക്കുറവും ആത്മവിശ്വാസക്കുറവുമുള്ള കുട്ടിയാണെങ്കില്‍ പരിപൂര്‍ണ പിന്തുണ നല്‍കുക. എന്നിട്ടും കുട്ടിക്ക് കഴിയുന്നില്ലെങ്കില്‍ നേരത്തെ പറഞ്ഞതുപോലെ യോഗയിലെ പ്രാണായാമം ചെയ്യിക്കുന്നത് നല്ലതാകും. സൈക്കോളജിസ്റ്റിന്റെ അടുത്തുനിന്ന് പ്രോഗ്രസിവ് മസ്‌കുലാര്‍ റിലാക്‌സേഷന്‍ ട്രെയിനിങ് നടത്തുക.
ചോദ്യത്തില്‍ പരാമര്‍ശിച്ച മറ്റൊരു കാര്യം ഉറക്കം അധികമാണെന്നതാണ്. അമിത ഉത്കണ്ഠയുള്ള കുട്ടികളില്‍ ഉറക്കക്കൂടുതല്‍ കാണാറുണ്ട്. ഇവര്‍ക്ക് പഠനത്തില്‍ ടൈം ഷെഡ്യൂള്‍ തയാറാക്കുന്നത് പോലെ ഉറക്കത്തിനും അവരുടെ ശരീരഘടനയനുസരിച്ച് ഷെഡ്യൂള്‍ തയാറാക്കാവുന്നതാണ്.
മാതാപിതാക്കള്‍ക്ക് ഇത്തരം പ്രശ്‌നമുള്ളതായി പറയുന്നു. പലപ്പോഴും കുട്ടികള്‍ അവരുടെ മാതൃകയായി കാണുന്നത് അച്ഛനമ്മമാരെയാണ്. ഇവരിലുള്ള പ്രകടമായ പ്രശ്‌നങ്ങളെല്ലാം (ദേഷ്യം, ഉത്കണ്ഠ, വാശി...) കുട്ടികളിലും കാണാം.
ഇത് ജീന്‍വഴിയും സാമൂഹ്യപരമായും സംഭവിക്കാവുന്നതാണ്. അതുകൊണ്ട് ഇവര്‍ രണ്ടുപേരും അവരുടെ ഉത്കണ്ഠ കുറച്ചാല്‍ മാത്രമേ കുട്ടിയുടെ പ്രശ്‌നത്തിനു പരാഹാരം കാണാന്‍ സാധിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."