വിസാ നിയന്ത്രണവുമായി തുര്‍ക്കിയും അമേരിക്കയും: ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ വിള്ളല്‍
വാഷിങ്ടണ്‍/അങ്കാറ: പരസ്പരം വിസ അനുവദിക്കുന്നത് നിര്‍ത്തി തുര്‍ക്കിയും അമേരിക്കയും. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന് ഉറപ്പായി.
പുതിയ സാഹചര്യത്തില്‍ തുര്‍ക്കിയുമായുള്ള ബന്ധം പുനരാലോചിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചാണ് തുര്‍ക്കിയിലെ യു.എസ് മിഷന്‍ കുടിയേറ്റയിതര വിസാ സേവനം നിജപ്പെടുത്തിയത്. ഇതിനുപിന്നാലെയാണ് തിരിച്ചും വിസ നല്‍കുന്നതു നിര്‍ത്തിവച്ച് അമേരിക്കയിലെ തുര്‍ക്കി എംബസിയും രംഗത്തെത്തിയത്. തങ്ങളുടെ പൗരന്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്നാണ് ഇരുരാജ്യങ്ങളുടെയും അവകാശവാദം. ട്വിറ്ററിലൂടെയാണ് ഇരുരാജ്യങ്ങളും തീരുമാനങ്ങള്‍ പുറത്തുവിട്ടത്.
എല്ലാ നോണ്‍ എമിഗ്രന്റ് വിസകളും നിര്‍ത്തിവച്ചത് പ്രാബല്യത്തില്‍വന്നതായി അമേരിക്കന്‍ എംബസി അറിയിച്ചിരുന്നു. ഇതിനു തിരിച്ചടിയെന്നോണമാണ് തുര്‍ക്കിയും തീരുമാനം ഉടന്‍ പുറത്തുവിട്ടത്. എന്നാല്‍, നിലവില്‍ വിസ അനുവദിച്ചിരിക്കുന്നവരുടെ കാര്യത്തില്‍ എന്താണ് തീരുമാനമെന്ന് വ്യക്തമായിട്ടില്ല. വിനോദയാത്ര, ചികിത്സ, ബിസിനസ്, പഠനം, താല്‍ക്കാലിക ജോലി തുടങ്ങിയ വിസകളെയെല്ലാം പുതിയ തീരുമാനം ബാധിക്കും. എന്നാല്‍, സ്ഥിരമായി അമേരിക്കയില്‍ താമസമാക്കുന്നതിനുള്ള വിസയ്ക്ക് നിയന്ത്രണം വന്നിട്ടില്ല.
കഴിഞ്ഞവര്‍ഷം തുര്‍ക്കിയില്‍ ഭരണ അട്ടിമറിക്ക് ശ്രമിച്ച ഫത്ഹുല്ലാ ഗുലെനുമായി ബന്ധമുണ്ടെന്നപേരില്‍ കഴിഞ്ഞ ബുധനാഴ്ച അമേരിക്കന്‍ കോണ്‍സുലേറ്റിലെ മെറ്റിന്‍ ടോപ്പസ് എന്ന ജീവനക്കാരനെ തുര്‍ക്കി പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തിനെതിരേ ചാരവൃത്തി അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതിനുശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഉലയ്ക്കുന്ന പുതിയ തീരുമാനം വന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."