റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ ബോട്ട് മറിഞ്ഞ് 12 മരണം
ധാക്ക: റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 12 മരണം. മ്യന്മറിന്റെയും ബംഗ്ലാദേശിന്റെയും ഇടയിലുള്ള നാഫ് നദിയിലാണ് സംഭവം. 100ല്‍പ്പരം അഭയാര്‍ഥികളുമായി നീങ്ങിയ ബോട്ടാണ് മറിഞ്ഞതെന്നും യാത്രക്കാരെ അമിതമായി കുത്തിനിറച്ചതാണ് ബോട്ട് തകരാന്‍ കാരണമെന്നും ബംഗ്ലാദേശ് തീരദേശ സേന അറിയിച്ചു. മ്യാ ന്മറിലെ റാഖൈന്‍ പ്രദേശത്ത് നിന്നുവരുന്ന അഭയാര്‍ഥികളാണിവര്‍. കഴിഞ്ഞ ദിവസം രാത്രി നടന്ന തിരച്ചിലില്‍ മരിച്ച 12 പേരുടെയും മൃതദേഹം കണ്ടെത്തിയെന്നും പത്ത് കുട്ടികളും രണ്ട് വൃദ്ധരുമാണ് മരിച്ചതെന്നും ബംഗ്ലാദേശ് അതിര്‍ത്തി സേന വക്താവ് അബ്ദുല്‍ ജലീല്‍ പറഞ്ഞു.
തീരപ്രദേശമായ ഗലാചറിലാണ് ബോട്ട് മറിഞ്ഞതെന്നും മൂന്ന് സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടെയുള്ള 13 പേരെ രക്ഷപ്പെടുത്തിയതായും തീരദേശ സേന കാമാന്‍ഡര്‍ അലാഉദ്ധീന്‍ നയാന്‍ പറഞ്ഞു. ശക്തമായ ഒഴുക്കും മോശം കാലാവസ്ഥയുമാണ് ബോട്ട് മറിയാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
മ്യാന്മര് സര്‍ക്കാരിന്റെയും ബുദ്ധ തീവ്രവാദികളുടെയും ആക്രമത്തെ തുടര്‍ന്ന് റാഖൈന്‍ പ്രദേശത്തുനിന്ന് ഇതുവരെ 5,20,000 പേര് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുണ്ട്. പലായനം മ്യാന്മര് സൈന്യം കാണാതിരിക്കാനായി കാടുകളിലൂടെ ദിവസങ്ങളോളം സഞ്ചരിച്ച് തീരദേശങ്ങളിലെത്തുകയാണ് റോഹിംഗ്യകള്‍. തുടര്‍ന്ന് നാഫ് നദിയിലൂടെയാണ് ബംഗ്ലാദേശിലെത്തുക. ബോട്ടില്‍ ആളുകളെ കുത്തിനിറച്ചാണ് റോഹിംഗ്യകള്‍ നദി കടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."