എതിര്‍പ്പ് അവഗണിച്ച് കെ.എ.എസുമായി സര്‍ക്കാര്‍
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സര്‍വിസ് സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് (കെ.എ.എസ്) നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നാളെ നടക്കുന്ന മന്ത്രിസഭാ യോഗം ഇതിന് അനുമതി നല്‍കും. മന്ത്രിസഭാ യോഗത്തില്‍ വയ്ക്കാനുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. ഏതുകാര്യം ചെയ്താലും ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് ഉണ്ടാകുമെന്നും അത് അവഗണിക്കണമെന്നുമാണ് ചീഫ് സെക്രട്ടറിയ്ക്ക് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദേശം.
കെ.എ.എസ് നടപ്പാക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കിയാല്‍ ഗവര്‍ണര്‍ക്കയക്കും. ഗവര്‍ണര്‍ ഒപ്പിട്ടാല്‍ പി.എസ്.സിക്ക് നല്‍കും. കെ.എ.എസ് സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ സെക്രട്ടേറിയറ്റിലെ സര്‍വിസ് സംഘടനകളുമായി നടത്തിയെങ്കിലും കെ.എ.എസ് നടപ്പിലാക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു ഭരണകക്ഷി സംഘടനകള്‍ ഉള്‍പ്പെടെ എടുത്ത നിലപാട്. കഴിഞ്ഞ ഓഗസ്റ്റ് 17ന് ചീഫ് സെക്രട്ടറി സര്‍വിസ് സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ പ്രതിപക്ഷ സംഘടനകള്‍ യോഗം ബഹിഷ്‌കരിക്കുകയും കരട് കത്തിക്കുകയും ചെയ്തിരുന്നു.
സിവില്‍ സര്‍വിസിനെ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ കെ.എ.എസ് നടപ്പിലാക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ മുഖ്യമന്ത്രി സര്‍വിസ് സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ കെ.എ.എസിലേക്ക് മാറ്റുന്ന തസ്തികകളെപ്പറ്റി ഉറപ്പ് നല്‍കിയിരുന്നു. പക്ഷേ, അതുകൊണ്ട് ഉദ്ദേശിക്കുന്ന ഫലം കിട്ടില്ലെന്ന് കണ്ടതോടെ കൂടുതല്‍ തസ്തികകള്‍ ചേര്‍ത്താണ് കെ.എ.എസിന് അന്തിമ രൂപം നല്‍കിയിരിക്കുന്നത്. സെക്രട്ടേറിയറ്റിലേതടക്കം പ്രധാനവകുപ്പുകളിലെ രണ്ടാമത്തെ ഗസറ്റഡ് തസ്തിക മുതല്‍ നേരിട്ട് നിയമനം നടത്തുന്നതിന് പ്രത്യേക കേഡര്‍ കൊണ്ടുവരികയാണ് കെ.എ.എസ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇങ്ങനെ നിയമനം നടത്തുന്ന തസ്തികകളില്‍ കുറഞ്ഞത് എട്ടുവര്‍ഷം സേവനമനുഷ്ഠിച്ചാല്‍ ഐ.എ.എസ് കേഡറിന് യോഗ്യത നേടും. സെക്രട്ടേറിയറ്റിലെ പൊതുഭരണം, ധനകാര്യം ഉള്‍പ്പെടെ 30 വകുപ്പുകളാണ് ഇതില്‍ ഉള്‍പ്പെടുക. ആദ്യ ഉത്തരവില്‍നിന്ന് വ്യത്യസ്തമായി, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മാറ്റിവച്ചിരുന്ന വിഹിതം കരടു ചട്ടത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രണ്ടാം കാറ്റഗറിയിലെ തസ്തികമാറ്റം വഴിയുള്ള നിയമനം സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി.
സര്‍ക്കാര്‍ സര്‍വിസിലെ ഒന്നാം ഗസറ്റഡ് തസ്തികയിലുള്ളവര്‍ക്ക് മൂന്നാം കാറ്റഗറിയായി വകുപ്പുതല പരീക്ഷയിലൂടെ കെ.എ.എസില്‍ പ്രവേശിക്കാം. കാറ്റഗറി ഒന്നില്‍ നേരിട്ടുള്ള നിയമനത്തിനായി മൂന്നിലൊന്ന് ഒഴിവുകള്‍ മാറ്റിവച്ചിട്ടുണ്ട്. മറ്റു രണ്ടു കാറ്റഗറികള്‍ക്കും സമാനമായി മൂന്നിലൊന്നു വീതം ഒഴിവുകളാണ് നീക്കിവയ്ക്കുന്നത്. കൂടാതെ പത്ത് ശതമാനം തസ്തിക എന്നത് 35 ശതമാനമാക്കി.
സെക്രട്ടേറിയറ്റിലെ 140 തസ്തികകള്‍ കെ.എ.എസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അണ്ടര്‍ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡീഷനല്‍ സെക്രട്ടറി, സ്‌പെഷല്‍ സെക്രട്ടറി വരെയുള്ള തസ്തികകളാണ് ഉള്‍പ്പെടുത്തിയത്. അടിസ്ഥാനയോഗ്യത ബിരുദമാണ്. നേരിട്ടുള്ള നിയമനത്തിന് 32 വയസും രണ്ടാം കാറ്റഗറി തസ്തികമാറ്റത്തിന് 36 വയസും മൂന്നാം കാറ്റഗറി തസ്തികമാറ്റത്തിന് 50 വയസുമാണ് ഉയര്‍ന്ന പ്രായപരിധി. ജൂനിയര്‍ ടൈം സ്‌കെയില്‍, സീനിയര്‍ ടൈം സ്‌കെയില്‍, സെലക്ഷന്‍ ഗ്രേഡ് സ്‌കെയില്‍, സൂപ്പര്‍ ടൈം ഗ്രേഡ് സ്‌കെയില്‍ എന്നിങ്ങനെ നാലു കാറ്റഗറികളായാണ് കെ.എ.എസ് ഓഫിസര്‍ തസ്തിക സൃഷ്ടിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒന്നരവര്‍ഷത്തെ പരിശീലനമുണ്ട്. നേരിട്ട് നിയമനം നേടുന്നവര്‍ക്ക് രണ്ടുവര്‍ഷവും തസ്തികമാറ്റംവഴി നിയമിക്കുന്നവര്‍ക്ക് ആറുമാസവുമാണ് പ്രൊബേഷന്‍.
രണ്ടുഘട്ട പരീക്ഷകള്‍, അഭിമുഖം എന്നിവയിലൂടെ പി.എസ്.സിയാണ് നിയമനത്തിനുള്ള റാങ്ക്പട്ടിക തയാറാക്കുക. ആദ്യപരീക്ഷ ഒ.എം.ആര്‍ മാതൃകയിലും അതില്‍ വിജയിക്കുന്നവര്‍ക്കുള്ള രണ്ടാമത്തെ മുഖ്യപരീക്ഷ വിവരണാത്മകരീതിയിലുമായിരിക്കും. രണ്ടു പരീക്ഷകള്‍ക്കും മലയാളത്തിലുള്ള പരിജ്ഞാനം നിര്‍ബന്ധമായിരിക്കും. കരട് രേഖയിലെ നിര്‍ദേശങ്ങള്‍ അതേപടി നടപ്പാക്കുന്നതില്‍ സെക്രട്ടേറിയറ്റിലെ ഇടതു സംഘടനകള്‍ക്കും ആശങ്കയുണ്ട്. തുടക്കം മുതല്‍ കെ.എ. എസിനെ എതിര്‍ക്കുന്ന പ്രതിപക്ഷ സംഘടനകള്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."