രാഹുലിന് തിരിച്ചടി: അമേത്തിയിലെ കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയിലേക്ക്
അമേത്തി: തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടെ രാഹുലിന് തിരിച്ചടിയായി അമേത്തിയിലെ കോണ്‍ഗ്രസ് നേതാവിന്റെ കൂടുമാറ്റം. അമേതിയിലെ പ്രദേശിക നേതാവായ ജംഗ് ബഹദൂര്‍ സിങ്ങാണ് അന്തിമ ഘട്ടത്തില്‍ ബി.ജെ.പിയിലേക്ക് കൂടുമാറിയത്.
രാഹുലിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് മാറ്റം. രാഹുലിന്റെ വിശ്വസ്തനും മനസാക്ഷിസൂക്ഷിപ്പുകാരനുമായിരുന്നു ജംഗ് ബഹദൂര്‍.
മൂന്ന് ദിവസം മുന്‍പാണ് ബഹദൂര്‍ സിങ് കോണ്‍ഗ്രസ് ഭാരവാഹിത്വം രാജിവെച്ചത്. ബഹദൂര്‍ സിങിനൊപ്പം അമേഠിയിലെ 12 നേതാക്കളും കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങളും പ്രവര്‍ത്തകരും കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും രാജി വെച്ചിട്ടുണ്ട്. വിമത നേതാവിനൊപ്പം ഇവരെല്ലാം ബി.ജെ.പിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച നടക്കുന്ന അമിത് ഷായുടെ അമേഠി സന്ദര്‍ശനത്തില്‍ ബഹദൂര്‍ സിങിന് ഔദ്യോഗിക അംഗത്വം നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തിയാണ് പാര്‍ട്ടി വിട്ടത്. ഒരു ദശാബ്ദത്തോളം കാലം യു.പി.എ സര്‍ക്കാര്‍ രാജ്യം ഭരിച്ചുവെന്നല്ലാതെ അമേത്തിയില്‍ രാഹുല്‍ ഒരു തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലെന്ന് സിങ് ആരോപിച്ചിരുന്നു. സ്വന്തം മണ്ഡലം സന്ദര്‍ശിക്കാന്‍ രാഹുലിന് നേരമില്ല. ഇവിടെ റോഡുകള്‍ നോക്കൂ. വലിയ കുഴികള്‍ നിത്യ കാഴ്ചയാണ്. വ്യവസായ ശാലകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.അത് വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള ഒരു ശ്രമങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല.തൊഴില്‍ തേടി യുവജനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവുന്ന അവസ്ഥയാണുള്ളതെന്നും സിങ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."