'കെട്ടിനാട്ടി' കൃഷിരീതി കര്‍ഷകര്‍ നെഞ്ചിലേറ്റി
കല്‍പ്പറ്റ: കര്‍ഷക ശാസ്ത്രജ്ഞന്‍ അമ്പലവയല്‍ മാളിക കുന്നേല്‍ അജി തോമസ് വികസിപ്പിച്ച കെട്ടിനാട്ടി കൃഷിരീതിയിക്ക് സംസ്ഥാനത്ത് പ്രചാരം വര്‍ധിക്കുന്നു.
കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിലായി 203 ഏക്കറിലാണ് നിലവില്‍ കെട്ടിനാട്ടി മുറയില്‍ നെല്‍കൃഷി. വയനാട്ടില്‍ മാത്രം പടിഞ്ഞാറത്തറ, പനമരം, കേണിച്ചിറ, അമ്പലവയല്‍, നെന്മേനി, പിണങ്ങോട്, തിരുനെല്ലി എന്നിവിടങ്ങളിലായി 70 ഏക്കറില്‍ ഈ രീതിയില്‍ കൃഷിയുണ്ട്. എറണാകുളത്ത് 44ഉം പാലക്കാട് 43ഉം ഏക്കറില്‍ കെട്ടിനാട്ടി രീതിയില്‍ നഞ്ചകൃഷി ഇറക്കിയിട്ടുണ്ടെന്ന് അജി തോമസ് പറഞ്ഞു.
പാരമ്പര്യ നെല്‍വിത്തിനങ്ങളുടെ സംരക്ഷണത്തിനു കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ ആരംഭിച്ച സീഡ് ബാങ്കിന്റെ ഭാഗമായി പൂതാടി പഞ്ചായത്തിലെ കേണിച്ചിറ പുളിക്കലില്‍ അഞ്ചര എക്കര്‍ വയലില്‍ നെല്‍കൃഷി ചെയ്തിരിക്കുന്നതും കെട്ടിനാട്ടി രീതിയിലാണ്. സംപുഷ്ടീകരിച്ച വളകൂട്ടും കളികൂട്ടും ചേര്‍ത്ത് ചാണക വറളിയിലാക്കിയ നെല്‍വിത്തുകളെ ഉണക്കി പെല്ലറ്റുകളാക്കി വരിയുംനിരയുമൊപ്പിച്ച് വിതയ്ക്കുന്ന രീതിയാണ് കെട്ടി നാട്ടി. ചാണകം, ഇലച്ചാറുകള്‍, പഞ്ചഗവ്യം എന്നിവയാണ് സംപുഷ്ടീകരണത്തിനുപയോഗിക്കുന്നത്.
നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങളില്‍ കൂലിച്ചെലവ് വെട്ടിക്കുറക്കാനും ഉയര്‍ന്ന ഉല്‍പാദനം ലഭിക്കാനും ഉതകുന്നതാണ് കെട്ടിനാട്ടി കൃഷിരീതി. 2013'14ല്‍ നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയും അമ്പലവയല്‍ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലും വികസിപ്പിച്ച കൃഷിമുറ ഇതിനകം 24 തവണ പരിഷ്‌കരിച്ചു. കെട്ടിനാട്ടി സമ്പ്രദായം കൂടുതല്‍ കര്‍ഷക സൗഹൃദമാക്കാന്‍ അജി തോമസ് പരീക്ഷണം തുടരുകയുമാണ്. കെട്ടിനാട്ടി രീതിയില്‍ ഏക്കറില്‍ 200 പറ നെല്ല് വരെ വിളവ് ലഭിക്കുന്നുണ്ടെന്ന് അജി തോമസ് പറഞ്ഞു. ഇതര രീതികളെ അപേക്ഷിച്ച് ഏകദേശം 50 പറ നെല്ലിന്റെ ഉല്‍പാദനമാണ് കൂടുതല്‍. കെട്ടിനാട്ടി രീതിയില്‍ വിളയിക്കുന്ന നെല്ലില്‍ പതിര് കുറവായിരിക്കും. കീടനാശിനി പ്രയോഗം വേണ്ടെന്നതും കൃഷിരീതിയുടെ പ്രത്യേകതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."