ഇന്ന് ലോക മാനസികാരോഗ്യ ദിനം: മനസിന്റെ താളംപിഴച്ചവര്‍ക്ക് സ്‌നേഹത്തണലേകി 'മാനസ് '
കോഴിക്കോട്: മനസിന്റെ താളം പിഴച്ചവര്‍ക്ക് സ്‌നേഹവും തലോടലും ഒരുക്കുകയാണ് തലക്കുളത്തൂര്‍ പാലോറ മലയിലെ മാനസ് സെന്റര്‍. മനസ് കൈവിട്ട് പോയെന്ന് കരുതുന്നവരെ തിരിച്ചു കൊണ്ട് വരാനാണ് സൊസൈറ്റി ഫോര്‍ മെന്റല്‍ ഹെല്‍ത്തെന്ന ഈ സ്ഥാപനം ഇവിടെ പ്രവര്‍ത്തിക്കുന്നത്.
പരിമിതികളാല്‍ മാറ്റി നിര്‍ത്തപ്പെട്ട ഒരു കൂട്ടം മനുഷ്യരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ദൗത്യം ഇന്നും കൃത്യമായി നിര്‍വഹിക്കാന്‍ മാനസിന് കഴിയുന്നുണ്ട്. ഏകദേശം 25 പേരെ രോഗം മാറി പുതുജീവിതത്തിലേക്ക് പറഞ്ഞയക്കാന്‍ മാനസിനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ തിരിച്ചുമടങ്ങിയവരില്‍ പലരും വീട്ടിലെ ഒറ്റപ്പെടല്‍ കൊണ്ട് രോഗം മൂര്‍ച്ഛിച്ച് തിരിച്ചെത്തിയവരുമുണ്ടെന്ന് ഇവിടുത്തെ ജീവനക്കാര്‍ പറയുന്നു.
മാസത്തിലൊരു ദിവസം ഇവരെ സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ വരണമെന്ന നിര്‍ദേശമുണ്ടെങ്കിലും പലരും വരാറില്ലെന്ന് ഇവിടുത്തെ ജീവനക്കാര്‍ പറയുന്നു. 25 നും 60 വയസിനുമിടയിലുള്ള 29 ഓളം അന്തേവാസികളാണ് ഇന്ന് സ്ഥാപനത്തിലുള്ളത്. സാമൂഹിക സേവകനും നഗരത്തിലെ പ്രമുഖ വ്യാപാരിയുമായിരുന്ന ടാംടണ്‍ അബ്ദുല്‍ അസീസാണ് 1991 ല്‍ സ്ഥാപനം ആരംഭിച്ചത്.
അകാലത്തില്‍ പൊലിഞ്ഞ മകന്‍ അഷ്‌റഫ് ടാംടന്റെ വേര്‍പാടാണ് അസീസിനെ ഇത്തരമൊരു സ്ഥാപനം തുടങ്ങാന്‍ പ്രേരിപ്പിച്ചത്. പുതിയറയില്‍ തുടങ്ങിയ സ്ഥാപനം പിന്നീടാണ് തലക്കുളത്തൂരിലേക്ക് മാറ്റിയത്. മാനസികോല്ലാസത്തിന് യോഗ പരിശീലനവും ടി.വിയും ഗെയിമുകളും സ്ഥാപനത്തില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഒക്യുപ്പേഷണല്‍ തെറാപ്പി യൂനിറ്റും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ പേപ്പര്‍ കപ്പ്, പാവ, കുട, വിവിധ തരം മാറ്റുകള്‍, കരകൗശല വസ്തുക്കള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായുണ്ട്. എഴുപത് സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടത്തില്‍ മൂന്ന് പേര്‍ക്ക് വീതം കഴിയാവുന്ന 15 റൂമുകളാണ് മാനസില്‍ സജീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ബജറ്റില്‍ മാനസിനായി സര്‍ക്കാര്‍ ഒന്‍പത് ലക്ഷത്തിലധികം രൂപ അനുവദിച്ചിട്ടുണ്ട്. ഇത് മാനസിന് ആശ്വാസമാണെങ്കിലും 29 ഓളം വരുന്ന അന്തേവാസികള്‍ക്കുള്ള മരുന്നിനും ഭക്ഷണത്തിനും 11 ജീവനക്കാര്‍ക്കുള്ള ഒരു വര്‍ഷത്തേക്കുള്ള ശമ്പളത്തിനും ഇത് തികയില്ലെന്നാണ് മാനസ് അധികൃതര്‍ പറയുന്നത്. സ്ഥാപകന്‍ ടാംടണ്‍ അബ്ദുല്‍ അസീസിന്റെ മകന്‍ സത്താര്‍ ടാംടണ്‍ പ്രസിഡന്റും സഹോദരന്റെ മകന്‍ ജോഹന്‍ ടാംടണ്‍ ട്രഷററുമായ സൊസൈറ്റിയാണ് ഇന്ന് സ്ഥാപനത്തെ നയിക്കുന്നത്.
കെ.സി രാമചന്ദ്രന്‍ സെക്രട്ടറിയായി നഗരത്തിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ 200 പേര്‍ മാനസിന്റെ നടത്തിപ്പിനായി രംഗത്തുണ്ട്. ഇതും സ്ഥാപനത്തിന് വലിയൊരാശ്വാസമാണ്. തലക്കുളത്തൂര്‍ സി.എം.എം ഹൈസ്‌കൂളിലെ അധ്യാപകനായി വിരമിച്ച എം.വിജയന്‍ മാസ്റ്ററാണ് മാനസിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍. ഔദ്യോഗിക ജീവിതത്തിന് ശേഷം തന്റെ മുഴുവന്‍ സമയവും മാനസിനു വേണ്ടിയാണ് വിജയന്‍ മാസ്റ്റര്‍ നീക്കിവച്ചിരിക്കുന്നത്. ഇന്ന് ലോക മാനസികാരോഗ്യ ദിനത്തില്‍ മാനസില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."