ആവേശം കൊട്ടിക്കയറി; നാടിളക്കിമറിച്ച് പരസ്യപ്രചാരണത്തിന് സമാപനം
വേങ്ങര: ഉപതെരഞ്ഞെടുപ്പിന് ബൂത്തിലെത്താന്‍ ഒരുദിവസം മാത്രം ശേഷിക്കെ മണ്ഡലത്തിന്റെ വിവിധഭാഗങ്ങളില്‍ ശക്തിതെളിയിച്ച് മുന്നണിപ്രവര്‍ത്തകര്‍ നിറഞ്ഞാടിയതോടെ പരസ്യപ്രചാരണത്തിന് ആവേശക്കൊട്ടിക്കലാശം. അവസാനമണിക്കൂറുകളില്‍ വേങ്ങര ടൗണും മണ്ഡലത്തിലെ മറ്റുപ്രധാനകേന്ദ്രങ്ങളും ആവേശക്കൊടുമുടിയില്‍ വീര്‍പ്പുമുട്ടി. ടൗണിലേയും ഗ്രാമപ്രദേശങ്ങളിലേയും പ്രചാരണ വാഹനങ്ങള്‍, വാദ്യഘോഷങ്ങള്‍, അലങ്കാര വാഹനങ്ങളെല്ലാം ഉച്ചക്ക് രണ്ടോടെ മണ്ഡലത്തിലെ പ്രധാനകേന്ദ്രങ്ങളിലേക്ക് പ്രവേശിച്ചുതുടങ്ങി.
ആറുപഞ്ചായത്ത് കേന്ദ്രങ്ങളില്‍ ഇരുമുന്നണികള്‍ക്കും എന്‍.ഡി.എ, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കും കൊട്ടിക്കലാശത്തിനായി കേന്ദ്രങ്ങള്‍ നിശ്ചയിച്ചുനല്‍കിയിരുന്നു. വേങ്ങര ടൗണില്‍ കൊട്ടിക്കലാശത്തിന് പൊലിസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. മൂന്നു മണിക്കു ശേഷം പ്രചാരണ വാഹനങ്ങള്‍ സംസ്ഥാനപാതയിലെ കാരാതോട് മുതല്‍ കൂരിയാടു വരെ പ്രവേശിക്കരുതെന്നു നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, ഇടതുമുന്നണി പ്രചാരണ വാഹനങ്ങളും പ്രവര്‍ത്തകരും ഉച്ചക്ക് രണ്ടോടെ പ്രകടനം വിളിച്ച് ടൗണിലെത്തി. തുടര്‍ന്ന് എസ്.ഡി.പി.ഐയും യു.ഡി.എഫ് പ്രവര്‍ത്തകരും ഒഴുകിയെത്തി.
അവസാന മണിക്കൂറുകളില്‍ ബലപരീക്ഷണത്തിന്റെയും മേളകൊഴുപ്പുകളുടെയും അകമ്പടിയോടെ മൂന്നു സംഘവും ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. ബി.ജെ.പിയുടെ പ്രചാരണവാഹനം ടൗണിലെ കൊട്ടിക്കലാശത്തില്‍ നിന്നും വിട്ടുനിന്നു. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ കനത്ത പൊലിസ്‌സംഘം പ്രവര്‍ത്തകര്‍ക്കിടയില്‍ നിലയുറപ്പിച്ചതോടെ അനിഷ്ടസംഭവങ്ങള്‍ വഴിമാറി. കലാശക്കൊട്ടിനെത്തിയവരേയും പ്രചാരണവാഹനങ്ങളേയും കാണാനെത്തിയവരേയും പൊലിസ് മൂന്നോടെ ടൗണില്‍ നിന്നും ഒഴിവാക്കി.
കണ്ണമംഗലം പഞ്ചായത്ത് അച്ചനമ്പലത്തും ചേറൂരിലും വേങ്ങരയില്‍ വലിയോറ ചിനക്കല്‍ പാക്കടപ്പുറായ, കണ്ണാട്ടിപ്പടി എന്നിവിടങ്ങളിലും പറപ്പൂരില്‍ പാലാണി വീണാലുക്കല്‍ കുഴിപ്പുറം, ഊരകം വെങ്കുളത്തും എ.ആര്‍ നഗറില്‍ കുന്നുംപുറത്തും കൊളപ്പുറത്തും ഒതുക്കുങ്ങലില്‍ മറ്റത്തൂരും അഞ്ചുവരെ കൊട്ടിക്കലാശത്തിന്റെ ആവേശം നീണ്ടു. അവസാനമണിക്കൂറില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍ മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് മൈതാനിയിലെ പരിപാടിയിലായിരുന്നു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി ബഷീര്‍ കൊളപ്പുറത്തും എന്‍.ഡി.എ സ്ഥാനാര്‍ഥി കുന്നുംപുറത്തും കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു. കൃത്യം അഞ്ചോടെ പ്രചാരണം അവസാനിപ്പിച്ച് മുന്നണിപ്രവര്‍ത്തകരുടെ പ്രചാരണ വാഹനങ്ങളും റോഡ്‌ഷോകളും പ്രധാനകേന്ദ്രങ്ങളില്‍ നിന്നു പിന്‍വാങ്ങി. ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, സി.ഐ സജി എബ്രഹാം, കരിപ്പൂര്‍ എസ്.ഐ ഹരി, വേങ്ങര എസ്.ഐ കെ അബ്ദുല്‍ ഹക്കീം എന്നിവര്‍ക്കു പുറമേ കേന്ദ്രസേനാ വിഭാഗവും കൊട്ടിക്കലാശത്തിന്റെ അവസാനം വരെ ക്രമസമാധാനം നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."