പി.വി അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിന്റെ പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി
കൊച്ചി:പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ പാര്‍ക്കിന്റെ പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി അനുമതി നല്‍കിയത്.
പി.വി.ആര്‍ പാര്‍ക്കിലെ മലീനീകരണ പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനാല്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ച ഉത്തരവ് പിന്‍വലിക്കാമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാര്‍ക്കില്‍ പരിശോധന നടത്തി മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഓഗസ്റ്റ് 25 ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ഓഗസ്റ്റ് 31 ന് പാര്‍ക്കില്‍ പരിശോധനയും നടത്തിയിരുന്നു. പോരായ്മകള്‍ പരിഹരിക്കാന്‍ സെപ്തംബര്‍ 13 ന് നോട്ടിസ് നല്‍കി. ഹൈക്കോടതിയില്‍ ബോര്‍ഡ് സെപ്തംബര്‍ 14 ന് ആദ്യ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. പാര്‍ക്കിലെ പോരായ്മകള്‍ പരിഹരിച്ചാല്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ച ഉത്തരവ് പിന്‍വലിക്കാമെന്നും ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
പിന്നീട് മലിനീകരണവുമായി ബന്ധപ്പെട്ട പോരായ്മകള്‍ പരിഹരിച്ചെന്ന് വ്യക്തമാക്കി പി.വി അന്‍വര്‍ ബോര്‍ഡിന് മറുപടി നല്‍കി. സ്വീവേജ് ട്രീറ്റ്‌മെന്റ് പല്‍ന്റിന്റെ പ്രൊജക്ട് റിപ്പോര്‍ട്ട്, ജലവിനിയോഗം സംബന്ധിച്ച വിവരങ്ങള്‍, ലൊക്കേഷന്‍ പല്‍ന്‍, ഖരമാലിന്യ സംസ്‌കരണം, മഴവെള്ള സംഭരണം തുടങ്ങിയ പ്രശ്‌നങ്ങളാണ് പരിഹരിക്കേണ്ടിയിരുന്നത്. ഒക്ടോബര്‍ അഞ്ചിന് പാര്‍ക്കില്‍ വീണ്ടും പരിശോധന നടത്തിയെന്നും മാലിന്യ സംസ്‌കരണത്തിന് മതിയായ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് പുതിയ റിപ്പോര്‍ട്ട് നല്‍കുന്നതെന്നും ബോര്‍ഡ് വ്യക്തമാക്കുന്നു.
പ്രശ്‌നങ്ങള്‍ പരിഹരിച്ച സാഹചര്യത്തില്‍ അനുമതി നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കാനാവുമെന്നും റിപ്പോര്‍ട്ടിലുണ്ട്. മാലിന്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നിഷേധിച്ചതിനെതിരേ പി.വി അന്‍വര്‍ നല്‍കിയ ഹരജിയിലാണ് ബോര്‍ഡിന്റെ കോഴിക്കോട് ഓഫിസിലെ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ ഷബ്‌ന കെ.ശേഖര്‍ ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."